ആവർത്തനം 6:4-12

ആവർത്തനം 6:4-12 MCV

ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ. നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം. നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച് അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം. അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.