ആവർത്തനപുസ്തകം 34:1-5
ആവർത്തനപുസ്തകം 34:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം മോശെ മോവാബുസമഭൂമിയിൽനിന്നു യെരീഹോവിനെതിരേയുള്ള നെബോപർവതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദുദേശമൊക്കെയും നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടൽവരെ യെഹൂദാദേശമൊക്കെയും തെക്കേദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബുദേശത്തുവച്ചു മരിച്ചു.
ആവർത്തനപുസ്തകം 34:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോശ മോവാബ്സമഭൂമിയിൽനിന്ന് യെരീഹോവിന് എതിരെയുള്ള നെബോപർവതത്തിലെ പിസ്ഗാ ശിഖരത്തിൽ കയറി; ദാൻപട്ടണം വരെയുള്ള ഗിലെയാദുദേശവും നഫ്താലി, എഫ്രയീം, മനശ്ശെ എന്നിവരുടെ ദേശങ്ങളും, യെഹൂദ്യയുടെ പടിഞ്ഞാറുള്ള കടൽത്തീരം വരെയുള്ള ദേശവും ദക്ഷിണദേശവും സോവാർമുതൽ ഈന്തപ്പനകളുടെ നഗരമായ യെരീഹോവരെ വ്യാപിച്ചു കിടക്കുന്ന താഴ്‌വരയും സർവേശ്വരൻ മോശയ്‍ക്കു കാണിച്ചുകൊടുത്തു. പിന്നീട് അവിടുന്നു മോശയോടു പറഞ്ഞു: “തങ്ങളുടെ സന്താനങ്ങൾക്ക് കൊടുക്കുമെന്ന് അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ള പ്രദേശം ഇതാകുന്നു. അതു കാണാൻ ഞാൻ നിന്നെ അനുവദിച്ചു; എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.” അങ്ങനെ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സർവേശ്വരന്റെ ദാസനായ മോശ മോവാബിൽവച്ചു മരിച്ചു.
ആവർത്തനപുസ്തകം 34:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം മോശെ മോവാബ് സമഭൂമിയിൽനിന്ന് യെരിഹോവിനെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗായുടെ കൊടുമുടിയിൽ കയറി; യഹോവ ദാൻവരെയുള്ള ഗിലെയാദ്‌ദേശവും നഫ്താലിദേശവും എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം മുഴുവനും തെക്കെദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോവിന്‍റെ താഴ്‌വരമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്കു കൊടുക്കുമെന്ന് സത്യംചെയ്ത ദേശം ഇതുതന്നെ; ഞാൻ അത് നിന്‍റെ കണ്ണിന് കാണിച്ചുതന്നു എങ്കിലും നീ അവിടേക്കു കടന്നുപോകുകയില്ല” എന്നു യഹോവ അവനോട് കല്പിച്ചു. അങ്ങനെ യഹോവയുടെ ദാസനായ മോശെ, യഹോവയുടെ വചനപ്രകാരം, അവിടെ, മോവാബ് ദേശത്തുവച്ച് മരിച്ചു.
ആവർത്തനപുസ്തകം 34:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം മോശെ മോവാബ്സമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപർവ്വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാൻവരെ ഗിലെയാദ്‌ദേശം ഒക്കെയും നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടൽവരെ യെഹൂദാദേശം ഒക്കെയും തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്‌വീതിമുതൽ സോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു. അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു. അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
ആവർത്തനപുസ്തകം 34:1-5 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം മോശ മോവാബ് സമതലത്തിൽനിന്ന് യെരീഹോവിനെതിരേയുള്ള നെബോ പർവതത്തിലെ പിസ്ഗായുടെ മുകളിൽ കയറി. യഹോവ അവിടെവെച്ച് ഗിലെയാദുമുതൽ ദാൻവരെയും നഫ്താലിദേശം മുഴുവനും മനശ്ശെയുടെയും എഫ്രയീമിന്റെയും അതിർത്തിയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽവരെയുള്ള യെഹൂദാദേശം മുഴുവനും തെക്കേദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോമുതൽ സോവാർവരെയുള്ള താഴ്വരകളിലെ എല്ലാ മേഖലകളും കാണിച്ചു. അതിനുശേഷം യഹോവ അദ്ദേഹത്തോടു കൽപ്പിച്ചു: “ ‘ഞാൻ നിന്റെ സന്തതികൾക്ക് ഇതു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥത്താൽ വാഗ്ദാനംചെയ്ത ദേശം ഇതാകുന്നു. ഇതു നിന്റെ കണ്ണാലെ കാണാൻ ഞാൻ നിന്നെ അനുവദിച്ചു, എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.” യഹോവ പറഞ്ഞതുപോലെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബിൽവെച്ചു മരിച്ചു.