ആവർത്തനപുസ്തകം 21:1-9

ആവർത്തനപുസ്തകം 21:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ നിന്റെ മൂപ്പന്മാരും ന്യായാധിപതിമാരും പുറത്തുചെന്ന് കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം. കൊല്ലപ്പെട്ടവന് അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വയ്ക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം. ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്‌വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവച്ചു പശുക്കിടാവിന്റെ കഴുത്ത് ഒടിച്ചുകളയേണം. പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കിൻപ്രകാരം സകല വ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു. കൊല്ലപ്പെട്ടവന് അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്‌വരയിൽവച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി: ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണ് അതു കണ്ടിട്ടുമില്ല. യഹോവേ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും. ഇങ്ങനെ യഹോവയ്ക്കു ഹിതമായുള്ളതു ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.

ആവർത്തനപുസ്തകം 21:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കുന്ന ദേശത്ത് കൊല്ലപ്പെട്ട ഒരുവന്റെ ശരീരം വിജനസ്ഥലത്തു കാണുകയും കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ നേതാക്കന്മാരും ന്യായാധിപന്മാരും ശവശരീരം കിടക്കുന്നിടത്തുനിന്നും ചുറ്റുമുള്ള ഓരോ പട്ടണങ്ങളിലേക്കുമുള്ള ദൂരം അളക്കണം. ശവശരീരം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തിലെ നേതാക്കന്മാർ പണിക്ക് ഉപയോഗിച്ചിട്ടില്ലാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. അവർ അതിനെ ഉഴുകയോ വിതയ്‍ക്കുകയോ ചെയ്തിട്ടില്ലാത്തതും എപ്പോഴും നീരൊഴുക്കുള്ളതുമായ ഒരു താഴ്‌വരയിൽ കൊണ്ടുചെന്ന് അവിടെവച്ചു അതിന്റെ കഴുത്ത് ഒടിക്കണം. ലേവ്യപുരോഹിതന്മാർ അവിടെ ചെല്ലണം. വ്യവഹാരങ്ങളെക്കുറിച്ചും, അതിക്രമങ്ങളെക്കുറിച്ചും വിധികല്പിക്കാനും സർവേശ്വരന്റെ നാമത്തിൽ ജനത്തെ അനുഗ്രഹിക്കാനും തിരുസന്നിധിയിൽ ശുശ്രൂഷ ചെയ്യാനും സർവേശ്വരൻ തിരഞ്ഞെടുത്തിട്ടുള്ളവർ അവരാണല്ലോ. മൃതദേഹം കിടക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തിലെ നേതാക്കളും താഴ്‌വരയിൽവച്ചു കഴുത്തൊടിക്കപ്പെട്ട പശുക്കിടാവിന്റെമേൽ തങ്ങളുടെ കൈ കഴുകണം. പിന്നീട് അവർ ഇപ്രകാരം പറയണം: “ഈ മനുഷ്യരക്തം ചിന്തിയത് ഞങ്ങളുടെ കരങ്ങളല്ല; ഞങ്ങൾ അതു കണ്ടുമില്ല. സർവേശ്വരാ, അങ്ങു വീണ്ടെടുത്ത അവിടുത്തെ ജനമായ ഇസ്രായേല്യരോടു ക്ഷമിക്കണമേ. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നതിന് അവരെ ഉത്തരവാദികളാക്കരുതേ; ഈ രക്തപാതകം അവരോടു ക്ഷമിക്കണമേ.” ഇങ്ങനെ സർവേശ്വരനു പ്രസാദകരമായതു ചെയ്തു നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.

ആവർത്തനപുസ്തകം 21:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

”നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്ത് വയലിൽ ഒരുവനെ കൊന്നിട്ടിരിക്കുന്നത് കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ, നിന്‍റെ മൂപ്പന്മാരും ന്യായധിപന്മാരും പുറത്ത് ചെന്നു കൊല്ലപ്പെട്ടവൻ്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കേണം. കൊല്ലപ്പെട്ടവന് ഏറ്റവും അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം. ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവെച്ച് അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്‍റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യുവാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കനുസരിച്ച് സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു. ”കൊല്ലപ്പെട്ടവൻ്റെ അടുത്തുള്ള പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ച് കഴുത്തൊടിച്ച പശുക്കിടാവിന്മേൽ അവരുടെ കൈ കഴുകി: “ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല. യഹോവേ, നീ വീണ്ടെടുത്ത നിന്‍റെ ജനമായ യിസ്രായേലിനോട് ക്ഷമിക്കേണമേ; നിന്‍റെ ജനമായ യിസ്രായേലിന്‍റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിക്കുവാൻ ഇടവരുത്തരുതേ” എന്നു പറയേണം; എന്നാൽ ആ രക്തപാതകത്തിൽ നിന്ന് അവർ മോചിക്കപ്പെടും. ഇങ്ങനെ യഹോവയ്ക്ക് ഹിതകരമായത് ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയേണം.

ആവർത്തനപുസ്തകം 21:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവൻ ആരെന്നു അറിയാതിരിക്കയും ചെയ്താൽ നിന്റെ മൂപ്പന്മാരും ന്യായധിപതിമാരും പുറത്തു ചെന്നു കൊല്ലപ്പെട്ടവന്റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം. കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം. ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്‌വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം. പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‌വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിൻ പ്രകാരം സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു. കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്‌വരയിൽവെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി: ഞങ്ങളുടെ കൈകൾ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണു അതു കണ്ടിട്ടുമില്ല. യഹോവ, നീ വീണ്ടെടുത്തിട്ടുള്ള നിന്റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്റെ ജനമായ യിസ്രായേലിന്റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാൻ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും. ഇങ്ങനെ യഹോവെക്കു ഹിതമായുള്ളതു ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.

ആവർത്തനപുസ്തകം 21:1-9 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം. ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം. അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു. ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം. അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല. യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും. യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.