ആവർ. 21:1-9

ആവർ. 21:1-9 IRVMAL

”നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്ത് വയലിൽ ഒരുവനെ കൊന്നിട്ടിരിക്കുന്നത് കാണുകയും അവനെ കൊന്നവൻ ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ, നിന്‍റെ മൂപ്പന്മാരും ന്യായധിപന്മാരും പുറത്ത് ചെന്നു കൊല്ലപ്പെട്ടവൻ്റെ ചുറ്റുമുള്ള ഓരോ പട്ടണം വരെയുമുള്ള ദൂരം അളക്കേണം. കൊല്ലപ്പെട്ടവന് ഏറ്റവും അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാർ, വേല ചെയ്യിക്കാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം. ആ പട്ടണത്തിലെ മൂപ്പന്മാർ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവെച്ച് അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്‍റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷ ചെയ്യുവാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിക്കുവാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കനുസരിച്ച് സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു. ”കൊല്ലപ്പെട്ടവൻ്റെ അടുത്തുള്ള പട്ടണത്തിലെ മൂപ്പന്മാർ എല്ലാവരും താഴ്വരയിൽവച്ച് കഴുത്തൊടിച്ച പശുക്കിടാവിന്മേൽ അവരുടെ കൈ കഴുകി: “ഞങ്ങളുടെ കൈകൾ ആ രക്തം ചൊരിഞ്ഞിട്ടില്ല, ഞങ്ങളുടെ കണ്ണ് അത് കണ്ടിട്ടുമില്ല. യഹോവേ, നീ വീണ്ടെടുത്ത നിന്‍റെ ജനമായ യിസ്രായേലിനോട് ക്ഷമിക്കേണമേ; നിന്‍റെ ജനമായ യിസ്രായേലിന്‍റെ മദ്ധ്യേ കുറ്റമില്ലാത്ത രക്തം ഇരിക്കുവാൻ ഇടവരുത്തരുതേ” എന്നു പറയേണം; എന്നാൽ ആ രക്തപാതകത്തിൽ നിന്ന് അവർ മോചിക്കപ്പെടും. ഇങ്ങനെ യഹോവയ്ക്ക് ഹിതകരമായത് ചെയ്തു കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയേണം.