ആവർത്തനപുസ്തകം 16:1-20
ആവർത്തനപുസ്തകം 16:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആബീബ്മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ്മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്. യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹായാഗമായി ആടുകളെയും മാടുകളെയും അറുക്കേണം. നീ മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലമൊക്കെയും ഓർക്കേണ്ടതിന് അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടു കൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടത്. ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുത്. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവച്ച് പെസഹയെ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തുതന്നെ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്. പിന്നെ ഏഴ് ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചവട്ടം എണ്ണേണം. എന്നിട്ട് നിന്റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന് അർപ്പിക്കേണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്ന് ഓർത്ത് ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. ഈ പെരുന്നാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്റെ അനുഭവത്തിലൊക്കെയും നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വേണ്ടുംവണ്ണം സന്തോഷിക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുംകൈയായി വരരുത്. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം. ന്യായം മറിച്ചുകളയരുത്; മുഖം നോക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു. നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.
ആവർത്തനപുസ്തകം 16:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആബീബ്മാസത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന് പെസഹ ആചരിക്കണം; ആബീബ്മാസത്തിലെ ഒരു രാത്രിയിലായിരുന്നല്ലോ അവിടുന്നു നിങ്ങളെ ഈജിപ്തിൽനിന്ന് വിമോചിപ്പിച്ചത്. തന്റെ നാമം സ്ഥാപിക്കാൻ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു ചെന്ന് അവിടെവച്ചു നിങ്ങളുടെ ആടുമാടുകളെ അവിടുത്തേക്ക് പെസഹായാഗമായി അർപ്പിക്കണം. അതു പുളിപ്പുള്ള അപ്പത്തോടുകൂടി ഭക്ഷിക്കരുത്; കഷ്ടതയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം അതിന്റെകൂടെ ഏഴു ദിവസം ഭക്ഷിക്കണം. തിടുക്കത്തിൽ ആയിരുന്നല്ലോ നിങ്ങൾ ഈജിപ്തുവിട്ടുപോന്നത്; നിങ്ങൾ ഈജിപ്തിൽനിന്നും പുറപ്പെട്ട ദിവസം ആയുഷ്കാലം മുഴുവൻ ഓർക്കാൻ അത് ഇടയാക്കും. ഏഴു ദിവസത്തേക്ക് നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിമാവ് കാണരുത്; ഒന്നാം ദിവസം സായാഹ്നത്തിൽ യാഗമർപ്പിച്ച മാംസത്തിൽ അല്പംപോലും പിറ്റേ പ്രഭാതത്തിലേക്ക് അവശേഷിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കിയ ഏതെങ്കിലും പട്ടണത്തിൽവച്ച് പെസഹായാഗം അർപ്പിച്ചാൽ പോരാ; തന്റെ നാമം വഹിക്കാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുത്ത സ്ഥലത്തുവച്ചുതന്നെ അത് അർപ്പിക്കണം. സായാഹ്നത്തിൽ സൂര്യൻ അസ്തമിക്കുമ്പോൾ നിങ്ങൾ ഈജിപ്തിൽനിന്നു രക്ഷപ്രാപിച്ച നേരത്തുതന്നെ അത് അർപ്പിക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചുതന്നെ അതിനെ പാകം ചെയ്ത് ഭക്ഷിച്ചശേഷം പിറ്റേദിവസം രാവിലെ സ്വന്തം കൂടാരങ്ങളിലേക്ക് നിങ്ങൾക്കു മടങ്ങിപ്പോകാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സർവേശ്വരനുവേണ്ടി ഭയഭക്തിപൂർവം നിങ്ങൾ ഒരുമിച്ചുകൂടണം; അന്നു നിങ്ങൾ ഒരു ജോലിയും ചെയ്യരുത്. കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം. ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങൾ അർപ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്റെ നാമം സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സർവേശ്വരന്റെ സന്നിധിയിൽ സമ്മേളിച്ച് ആനന്ദിക്കണം. നിങ്ങൾ ഈജിപ്തിൽ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങൾ ശ്രദ്ധയോടെ പാലിക്കുക. മെതിക്കളത്തിൽനിന്നു ധാന്യവും മുന്തിരിച്ചക്കിൽനിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ ഏഴു ദിവസത്തേക്കു നിങ്ങൾ കൂടാരപ്പെരുന്നാൾ ആചരിക്കണം. ഈ പെരുന്നാളിൽ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിൽ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം. സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സർവേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങൾ സന്തോഷിക്കണം. പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാൾ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വർഷംതോറും ഒന്നിച്ചു കൂടണം. എന്നാൽ അവിടുത്തെ സന്നിധിയിൽ അവർ വെറുംകൈയോടെ ചെല്ലരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങൾ സ്വമേധാദാനങ്ങൾ കൊണ്ടുചെല്ലണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന പട്ടണങ്ങളിൽ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവർ നീതിപൂർവമായ വിധികളാൽ ജനത്തിനു ന്യായപാലനം നടത്തണം. അവരുടെ വിധികൾ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവർ കൈക്കൂലിക്കാർ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കിൽ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കുന്ന ദേശം നിങ്ങൾ കൈവശമാക്കി അവിടെ ദീർഘകാലം വസിക്കും.
ആവർത്തനപുസ്തകം 16:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
”ആബീബ് മാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിൽ അല്ലയോ നിന്‍റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്. യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയ്ക്ക് പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം. നീ മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ട ദിവസം നിന്‍റെ ആയുഷ്ക്കാലം മുഴുവനും ഓർക്കുന്നതിന് മാംസത്തോടുകൂടി പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തിടുക്കത്തോടെ ആണല്ലോ നീ മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടത്. ഏഴു ദിവസം നിന്‍റെ ദേശത്ത് ഒരിടത്തും പുളിച്ച അപ്പം കാണരുത്; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസം ഒട്ടും പ്രഭാതത്തിലേക്ക് ശേഷിപ്പിക്കരുത്. ”നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന പട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിൽ വച്ചു പെസഹ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട നേരത്ത് തന്നെ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹ അറുക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അത് ചുട്ടുതിന്നേണം; രാവിലെ നിന്‍റെ കൂടാരത്തിലേക്ക് മടങ്ങിപ്പോകാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധസഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുത്. ”പിന്നെ, ഏഴു ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചകൾ എണ്ണേണം. അതിനുശേഷം നിന്‍റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവനു അർപ്പിക്കേണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കേണം. ”കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. ഈ പെരുന്നാളിൽ നീയും നിന്റെ മകനും മകളും ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്‍റെ എല്ലാ വിളവുകളിലും, നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കേണം. ”നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ വർഷത്തിൽ മൂന്നുപ്രാവശ്യം അവന്‍റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറും കയ്യോടെ വരരുത്. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവനവന്‍റെ പ്രാപ്തിപോലെ കൊണ്ടുവരേണം. ”നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം. ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു. നീ ജീവിച്ചിരുന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കുന്നതിന് നീതിയെ തന്നെ പിന്തുടരേണം.
ആവർത്തനപുസ്തകം 16:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആബീബ് മാസം ആചരിച്ചു നിന്റെ ദൈവമായ യഹോവെക്കു പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിലല്ലോ നിന്റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതു. യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ദൈവമായ യഹോവെക്കു പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം. നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഓർക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു. ഏഴു ദിവസം നിന്റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുതു; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുതു. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാംദിവസം നിന്റെ ദൈവമായ യഹോവെക്കു സഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുതു. പിന്നെ ഏഴു ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാൾ ഇടുവാൻ ആരംഭിക്കുന്നതുമുതൽ ഏഴു ആഴ്ചവട്ടം എണ്ണേണം. എന്നിട്ടു നിന്റെ ദൈവമായ യഹോവെക്കു വാരോത്സവം ആചരിച്ചു, നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന്നു തക്കവണ്ണം നിന്റെ സ്വമേധാദാനങ്ങൾ അവന്നു അർപ്പിക്കേണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ചു നടക്കേണം. കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുനാൾ ആചരിക്കേണം. ഈ പെരുനാളിൽ നീയും നിന്റെ മകനും മകളും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴുദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം. നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം. ന്യായം മറിച്ചുകളയരുതു; മുഖം നോക്കരുതു; സമ്മാനം വാങ്ങരുതു; സമ്മാനം ജ്ഞാനികളുടെ കണ്ണു കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു. നീ ജീവിച്ചിരുന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നീതിയെ തന്നേ പിന്തുടരേണം.
ആവർത്തനപുസ്തകം 16:1-20 സമകാലിക മലയാളവിവർത്തനം (MCV)
ആബീബുമാസത്തിൽ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതുകൊണ്ട് ആബീബുമാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയുടെ പെസഹ ആഘോഷിക്കണം. യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ആടുമാടുകളിൽനിന്ന് നിന്റെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം. പുളിപ്പുള്ള അപ്പത്തോടുകൂടെ അതു ഭക്ഷിക്കരുത്. എന്നാൽ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം, ഞെരുക്കത്തിന്റെ അപ്പം, ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് തിടുക്കത്തിൽ ഓടിപ്പോന്നതുകൊണ്ട്, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ദിവസത്തെ നിന്റെ ജീവിതകാലമെല്ലാം ഓർക്കണം. ഏഴുദിവസം നിന്റെ അവകാശദേശത്ത് ഒരിടത്തും പുളിപ്പുള്ള യാതൊന്നും ഉണ്ടായിരിക്കരുത്. ഒന്നാംദിവസം സന്ധ്യക്കു യാഗം അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും പ്രഭാതംവരെ ശേഷിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചല്ലാതെ നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ഏതെങ്കിലും നഗരത്തിൽവെച്ചു പെസഹായാഗം അർപ്പിക്കരുത്. സന്ധ്യക്ക്, സൂര്യാസ്തമയത്തിൽ, ഈജിപ്റ്റിൽനിന്ന് നീ പുറപ്പെട്ട സമയത്തുതന്നെ പെസഹായാഗം അർപ്പിക്കണം. നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അതു പാകംചെയ്ത് ഭക്ഷിക്കണം. അതിനുശേഷം പ്രഭാതത്തിൽ നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകണം. ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടണം. അന്ന് ജോലിയൊന്നും ചെയ്യാൻ പാടില്ല. വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ ആഘോഷിക്കണം. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം. നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം. മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം. ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം. യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും. ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.