”ആബീബ് മാസം ആചരിച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ് മാസത്തിൽ അല്ലയോ നിന്‍റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചത്. യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹയാഗമായി ആടുകളെയും മാടുകളെയും അറുക്കേണം. നീ മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ട ദിവസം നിന്‍റെ ആയുഷ്ക്കാലം മുഴുവനും ഓർക്കുന്നതിന് മാംസത്തോടുകൂടി പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തിടുക്കത്തോടെ ആണല്ലോ നീ മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടത്. ഏഴു ദിവസം നിന്‍റെ ദേശത്ത് ഒരിടത്തും പുളിച്ച അപ്പം കാണരുത്; ആദ്യ ദിവസം വൈകുന്നേരം അറുത്ത മാംസം ഒട്ടും പ്രഭാതത്തിലേക്ക് ശേഷിപ്പിക്കരുത്. ”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന പട്ടണങ്ങളിൽ ഏതെങ്കിലും ഒന്നിൽ വച്ചു പെസഹ അറുത്തുകൂടാ. നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽ നിന്ന് പുറപ്പെട്ട നേരത്ത് തന്നെ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹ അറുക്കേണം. നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അത് ചുട്ടുതിന്നേണം; രാവിലെ നിന്‍റെ കൂടാരത്തിലേക്ക് മടങ്ങിപ്പോകാം. ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയ്ക്ക് വിശുദ്ധസഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുത്. ”പിന്നെ, ഏഴു ആഴ്ചകൾ എണ്ണുക; വയലിലെ വിളയിൽ അരിവാൾ വയ്ക്കുവാൻ ആരംഭിക്കുന്നതു മുതൽ ഏഴു ആഴ്ചകൾ എണ്ണേണം. അതിനുശേഷം നിന്‍റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ച്, യഹോവ നിന്നെ അനുഗ്രഹിച്ചതിന് തക്കവണ്ണം നിന്‍റെ സ്വമേധാദാനങ്ങൾ അവനു അർപ്പിക്കേണം. നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കുവാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്‍റെ പുത്രനും പുത്രിയും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം. നീ മിസ്രയീമിൽ അടിമയായിരുന്നു എന്നു ഓർത്തു ഈ ചട്ടങ്ങൾ പ്രമാണിച്ച് നടക്കേണം. ”കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോൾ നീ ഏഴു ദിവസം കൂടാരപ്പെരുന്നാൾ ആചരിക്കേണം. ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം. യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാൾ ആചരിക്കേണം; നിന്‍റെ എല്ലാ വിളവുകളിലും, നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും, നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വളരെ സന്തോഷിക്കേണം. ”നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ പുരുഷന്മാരൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിലും, വാരോത്സവത്തിലും, കൂടാരപ്പെരുനാളിലും, ഇങ്ങനെ വർഷത്തിൽ മൂന്നുപ്രാവശ്യം അവന്‍റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറും കയ്യോടെ വരരുത്. നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിന് തക്കവണ്ണം ഓരോരുത്തൻ അവനവന്‍റെ പ്രാപ്തിപോലെ കൊണ്ടുവരേണം. ”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന് നീതിയോടെ ന്യായപാലനം ചെയ്യേണം. ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു. നീ ജീവിച്ചിരുന്ന് നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കുന്നതിന് നീതിയെ തന്നെ പിന്തുടരേണം.
ആവർ. 16 വായിക്കുക
കേൾക്കുക ആവർ. 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർ. 16:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ