ആവർത്തനപുസ്തകം 15:1-18

ആവർത്തനപുസ്തകം 15:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏഴേഴ് ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം. വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവനെല്ലാം അത് ഇളെച്ചുകൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്. അന്യജാതിക്കാരനോട് നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളത് നീ ഇളെച്ചു കൊടുക്കേണം. ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരേ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും, നിന്റെ കൈ അവനുവേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്റെ കണ്ണ് നിർദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന് നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ട് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം. അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറുംകൈയായിട്ട് അയയ്ക്കരുത്. നിന്റെ ആട്ടിൻകൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവനു കൊടുക്കേണം. നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു. എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവനു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ നീ ഒരു സൂചി എടുത്ത് അവന്റെ കാത് വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കേണം; പിന്നെ അവൻ എന്നും നിനക്ക് ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെതന്നെ ചെയ്യേണം. അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്ക് തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഓരോ ഏഴാം വർഷത്തിന്റെയും അവസാനം കടങ്ങൾ ഇളച്ചുകൊടുക്കണം. അത് ഇങ്ങനെയാണ് ചെയ്യേണ്ടത്. അയൽക്കാരനു കൊടുത്ത കടം പൂർണമായി ഇളവുചെയ്യണം. സർവേശ്വരന്റെ വിമോചനം പ്രഖ്യാപിച്ചിരിക്കെ അയൽക്കാരനോ സ്വന്തം സഹോദരനോ നിങ്ങളിൽനിന്നു കടം വാങ്ങിയത് മടക്കിത്തരാൻ ആവശ്യപ്പെടരുത്. കടം വീട്ടാൻ പരദേശിയോട് ആവശ്യപ്പെടാം; എന്നാൽ നിങ്ങളുടേത് എന്തെങ്കിലും സ്വന്തസഹോദരന്റെ പക്കലുണ്ടെങ്കിൽ അത് ഇളച്ചുകൊടുക്കണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് അവകാശമായി നല്‌കാൻ പോകുന്ന ദേശത്ത് നിങ്ങൾ അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നല്‌കുന്ന കല്പനകൾ പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ നല്‌കും; എന്നാൽ നിങ്ങൾക്കു വായ്പ വാങ്ങേണ്ടി വരികയില്ല. നിങ്ങൾ അനേകം ജനതകളെ ഭരിക്കും; എന്നാൽ ആരും നിങ്ങളെ ഭരിക്കുകയില്ല. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്‌കാൻ പോകുന്ന ദേശത്തിലുള്ള ഏതെങ്കിലും പട്ടണത്തിൽ സ്വജനത്തിൽ ഒരുവൻ ദരിദ്രനാണെങ്കിൽ അവന് ആവശ്യമായ സഹായം നല്‌കാതിരിക്കുകയോ, അവനോടു കഠിനഹൃദയനായി പെരുമാറുകയോ ചെയ്യരുത്. അവന് ആവശ്യമുള്ളതെന്തും ഉദാരമായി വായ്പ കൊടുക്കണം. വിമോചനവർഷമായ ഏഴാം വർഷം അടുത്തിരിക്കുന്നു എന്നു കരുതി അവനെ സഹായിക്കാൻ മടിക്കരുത്. അങ്ങനെയൊരു ദുഷ്ടചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ടാകുകപോലും അരുത്. അയാൾക്ക് കടം കൊടുക്കാതിരുന്നാൽ അയാൾ നിങ്ങൾക്ക് എതിരായി സർവേശ്വരനോടു നിലവിളിക്കും; അതു നിങ്ങൾക്ക് പാപമായിത്തീരുകയും ചെയ്യും. നിങ്ങൾ ഉദാരമായി അയാൾക്ക് കൊടുക്കുക; കൊടുക്കുന്നതിൽ ഖേദം തോന്നരുത്. നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കും. ദരിദ്രർ ദേശത്ത് എന്നും ഉണ്ടായിരിക്കും; അതുകൊണ്ട് നിങ്ങളുടെ ദേശത്തു വസിക്കുന്ന സഹോദരനെയും ദരിദ്രനെയും അഗതിയെയും കൈ തുറന്നു സഹായിക്കണമെന്നു ഞാൻ ആജ്ഞാപിക്കുന്നു; നിങ്ങളുടെ സ്വജനമായ എബ്രായ പുരുഷനോ സ്‍ത്രീയോ നിങ്ങൾക്ക് വിൽക്കപ്പെടുകയും ആറു വർഷം അയാൾ നിങ്ങളെ സേവിക്കുകയും ചെയ്താൽ ഏഴാം വർഷം അയാളെ സ്വതന്ത്രനാക്കണം. സ്വാതന്ത്ര്യം നല്‌കി അയയ്‍ക്കുമ്പോൾ അയാളെ വെറുംകൈയോടെ അയയ്‍ക്കരുത്. നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അയാൾക്ക് ഉദാരമായി ദാനംചെയ്യണം. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങൾ അയാൾക്കു കൊടുക്കണം. ഈജിപ്തിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ സർവേശ്വരനാണ് നിങ്ങളെ രക്ഷിച്ചതെന്നും ഓർത്തുകൊൾക; അതുകൊണ്ടാണ് ഈ കാര്യം ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നത്. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിക്കുകയും നിങ്ങളുടെ കുടുംബത്തിൽ സംതൃപ്തനായി കഴിയുകയും ചെയ്യുന്നതുകൊണ്ടു നിങ്ങളെ വിട്ടുപോകുന്നില്ലെന്ന് അയാൾ പറഞ്ഞാൽ അയാളെ വീടിന്റെ വാതിൽക്കൽ കൊണ്ടുവന്ന് അയാളുടെ കാത് വാതിലിനോടു ചേർത്തുവച്ച് സൂചികൊണ്ട് തുളയ്‍ക്കണം; പിന്നീട് അയാൾ എന്നും നിനക്കു ദാസനായിരിക്കും; ദാസിയുടെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അടിമയെ സ്വതന്ത്രനാക്കുമ്പോൾ നിനക്കു പ്രയാസം തോന്നരുത്; ഒരു കൂലിക്കാരനു നല്‌കേണ്ടതിന്റെ പകുതി വേതനത്തിന് അയാൾ ആറുവർഷം നിനക്കുവേണ്ടി ജോലി ചെയ്തല്ലോ. നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

”ഏഴു വർഷത്തിൽ ഒരിക്കൽ നീ ഒരു വിമോചനം ആചരിക്കേണം. വിമോചനത്തിൻ്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവരെല്ലാം അത് ഇളച്ച് കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്. അന്യജാതിക്കാരനോട് നിനക്കു ബുദ്ധിമുട്ടിച്ച് പിരിക്കാം; എന്നാൽ നിന്‍റെ സഹോദരൻ തരുവാനുള്ളത് നീ ഇളച്ചുകൊടുക്കേണം. ”ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാവുകയില്ല; നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു ഇന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്‍റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജനതകൾക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജനതകളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കുകയില്ല. ”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതെങ്കിലും പട്ടണത്തിൽ ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ അവന്‍റെനേരെ നിന്‍റെ ഹൃദയം കഠിനമാക്കാതെ, നിന്‍റെ കൈ അവനുവേണ്ടി തുറന്ന് അവന്‍റെ ബുദ്ധിമുട്ടിന് ആവശ്യമായ വായ്പ കൊടുക്കേണം. വിമോചനവർഷമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നു നിന്‍റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്‍റെ കണ്ണ് നിർദ്ദയമായിരിക്കുകയും അവനു ഒന്നും കൊടുക്കാതെ ഇരിക്കുകയും ചെയ്താൽ അവൻ നിനക്കു വിരോധമായി യഹോവയോട് നിലവിളിച്ചിട്ട് അത് നിനക്കു പാപമായി തീരാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. നീ അവനു കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകലപ്രവൃത്തികളിലും പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്ത് അറ്റുപോവുകയില്ല; അതുകൊണ്ട് നിന്‍റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരന് നിന്‍റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്ന് ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ”നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു സ്വയം വിറ്റിട്ട് ആറു വര്‍ഷം നിന്നെ സേവിച്ചാൽ ഏഴാം വർഷത്തിൽ നീ ആ അടിമയെ സ്വതന്ത്രനായി വിട്ടയയ്ക്കേണം. ”അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ അവനെ വെറും കയ്യായി അയയ്ക്കരുത്. നിന്‍റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവനു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവനു കൊടുക്കേണം. നീ മിസ്രയീം ദേശത്ത് അടിമയായിരുന്നു എന്നും, നിന്‍റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ട് ഞാൻ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു. ”എന്നാൽ അവൻ നിന്നെയും നിന്‍റെ കുടുംബത്തെയും സ്നേഹിക്കുകകൊണ്ടും നിന്‍റെ അടുക്കൽ അവനു സുഖമുള്ളതുകൊണ്ടും: “ഞാൻ നിന്നെ വിട്ടുപോവുകയില്ല” എന്നു നിന്നോട് പറഞ്ഞാൽ നീ ഒരു സൂചി എടുത്ത് അവന്‍റെ കാത് വാതിലിനോട് ചേർത്ത് കുത്തിത്തുളക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്‍റെ ദാസിയോടും അങ്ങനെ തന്നെ ചെയ്യേണം. ”അവൻ ഇരട്ടിക്കൂലിക്കു യോഗ്യനായ ഒരു കൂലിക്കാരനെപ്പോലെ ആറു വര്‍ഷം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നിനക്കു വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം. വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പ കൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു. അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം. ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും, നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം. വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും. ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നുകൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു. നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു. നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം. നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു. എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം. അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.

ആവർത്തനപുസ്തകം 15:1-18 സമകാലിക മലയാളവിവർത്തനം (MCV)

ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം. അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്. പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം. നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല. നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്. പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം. “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും. നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും. ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു. നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം. അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്. നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം. ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്. എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം. ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.