ദാനീയേൽ 6:1-10
ദാനീയേൽ 6:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജ്യമൊക്കെയും ഭരിക്കേണ്ടതിനു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കേണ്ടതിനു പ്രധാനദേശാധിപതികൾ ഇവർക്കു കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൽക്കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സർവരാജ്യത്തിനും അധികാരിയാക്കുവാൻ വിചാരിച്ചു. ആകയാൽ അധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരേ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായൊരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ച് രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു.
ദാനീയേൽ 6:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭരണനിർവഹണത്തിനു രാജ്യത്തുടനീളം നൂറ്റിരുപതു പ്രധാന ദേശാധിപതിമാരെ മൂന്നു മുഖ്യാധിപന്മാരുടെ കീഴിലായി നിയമിക്കാൻ ദാര്യാവേശ് രാജാവു തീരുമാനിച്ചു. ആ മൂന്നു പേരിൽ ഒരുവനായിരുന്നു ദാനിയേൽ. രാജ്യത്തെ മുതലെടുപ്പിൽ രാജാവിനു നഷ്ടം നേരിടാതിരിക്കാൻ പ്രധാന ദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. ദാനിയേൽ വിശിഷ്ട ചൈതന്യം ഉള്ളവനായിരുന്നതിനാൽ ഇതര ഭരണത്തലവന്മാരിലും സകല പ്രധാനദേശാധിപതികളിലും പ്രശസ്തനായി ശോഭിച്ചു. രാജാവു ദാനിയേലിനെ തന്റെ രാജ്യം മുഴുവന്റെയും അധികാരിയാക്കാൻ നിശ്ചയിച്ചു. അപ്പോൾ മറ്റു മുഖ്യാധിപന്മാരും പ്രധാന ദേശാധിപതികളും ദാനിയേലിനെതിരെ ആരോപിക്കാൻ രാജ്യഭരണകാര്യങ്ങളിൽ എന്തെങ്കിലും കുറ്റം കണ്ടെത്തുന്നതിനു പരിശ്രമിച്ചു. എന്നാൽ അതിനവർക്കു കഴിഞ്ഞില്ല. അദ്ദേഹം അത്ര വിശ്വസ്തനായിരുന്നതുകൊണ്ട് യാതൊരു തെറ്റും കുറ്റവും അവർ കണ്ടെത്തിയില്ല. അപ്പോൾ അവർ തമ്മിൽ പറഞ്ഞു: “ദാനിയേലിന്റെ ദൈവവിശ്വാസത്തോടു ബന്ധപ്പെട്ട കാര്യത്തിലല്ലാതെ മറ്റൊരു കുറ്റവും അയാളിൽ നാം കണ്ടെത്തുകയില്ല.” ഒടുവിൽ അവർ പറഞ്ഞൊത്തുകൊണ്ടു രാജസന്നിധിയിലെത്തിപ്പറഞ്ഞു: “ദാര്യാവേശ് രാജാവ് നീണാൾ വാഴട്ടെ. എല്ലാ ഭരണാധിപന്മാരും പ്രധാന ദേശാധിപതികളും സ്ഥാനപതികളും മന്ത്രിമാരും കൂടി ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, മുപ്പതു ദിവസത്തേക്ക് ആരും അങ്ങയോടല്ലാതെ മറ്റൊരു ദേവനോടോ, മറ്റൊരു മനുഷ്യനോടോ പ്രാർഥിച്ചുകൂടാ. അങ്ങനെ ചെയ്താൽ അവനെ സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു രാജകല്പന പുറപ്പെടുവിക്കുകയും ഖണ്ഡിതമായ നിരോധനം ഏർപ്പെടുത്തുകയും വേണം. അതിനാൽ മഹാരാജാവേ, അങ്ങ് ഈ നിരോധനാജ്ഞയ്‍ക്ക് ഉറപ്പുവരുത്തിക്കൊണ്ടുള്ള തിരുവെഴുത്തിനു തുല്യം ചാർത്തിയാലും. അങ്ങനെ മേദ്യരുടെയും പേർഷ്യക്കാരുടെയും മാറ്റമില്ലാത്ത നിയമമനുസരിച്ച് അത് അലംഘ്യമായിരിക്കട്ടെ. അങ്ങനെ ദാര്യാവേശ് രാജാവ് നിരോധനാജ്ഞയും രാജകല്പനയും ഒപ്പുവച്ചു. രാജകല്പനയ്‍ക്കു തുല്യം ചാർത്തി എന്നറിഞ്ഞപ്പോൾ ദാനിയേൽ തന്റെ വസതിയിലേക്കു മടങ്ങി. അദ്ദേഹം മാളികമുറിയിൽ പ്രവേശിച്ചു. യെരൂശലേമിന് അഭിമുഖമായുള്ള ജാലകങ്ങൾ തുറന്നിട്ടു. പതിവുപോലെ അന്നും ദാനിയേൽ മൂന്നു പ്രാവശ്യം ദൈവസന്നിധിയിൽ മുട്ടുകുത്തി സ്തോത്രം അർപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തു.
ദാനീയേൽ 6:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാജ്യം ഭരിക്കേണ്ടതിന് രാജ്യത്തെല്ലായിടവും നൂറ്റിയിരുപത് പ്രധാന ദേശാധിപതികളെയും അവരുടെ മേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിക്കുവാൻ ദാര്യാവേശിന് ഇഷ്ടം തോന്നി. ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന് നഷ്ടം വരാതിരിക്കേണ്ടതിന് പ്രധാനദേശാധിപതികൾ ഇവർക്ക് കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ട് അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ രാജ്യത്തിനു മുഴുവൻ അധികാരിയാക്കുവാൻ വിചാരിച്ചു. ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കുറ്റവും കണ്ടെത്തുവാൻ അവർക്ക് കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: “ദാര്യാവേശ് രാജാവ് ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കുകയും ഖണ്ഡിതമായി നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന് രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാന ദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാത്തവിധം ആ നിരോധനാജ്ഞ ഉറപ്പിച്ച് രേഖ എഴുതിക്കേണമേ.“ അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും നിരോധനാജ്ഞയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു. അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരെ തുറന്നിരുന്നു. താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു.
ദാനീയേൽ 6:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാര്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ് വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു. ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല. അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു. അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാര്യാവേശ്‌രാജാവു ദീർഘായുസ്സായിരിക്കട്ടെ. രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകലഅദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു. ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ. അങ്ങനെ ദാര്യാവേശ്‌രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു. എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു, - അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു - താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.
ദാനീയേൽ 6:1-10 സമകാലിക മലയാളവിവർത്തനം (MCV)
മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു. അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല. “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു. അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ! മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു. ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.