മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു. അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു. അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല. “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു. അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ! മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.” അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു. ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.
ദാനീയേൽ 6 വായിക്കുക
കേൾക്കുക ദാനീയേൽ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 6:1-10
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ