കൊലൊസ്സ്യർ 1:1-29
കൊലൊസ്സ്യർ 1:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കയിൽ, എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവലോകത്തിലും ഫലം കായിച്ചും വർധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു. നിങ്ങൾ പൂർണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവസമ്പൂർണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി. മുമ്പേ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ആകാശത്തിൻകീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലൊസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും. ഇപ്പോൾ ഞാൻ നിങ്ങൾക്കുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു. നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിനു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. അതു പൂർവകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമം മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതുതന്നെ. അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു. അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.
കൊലൊസ്സ്യർ 1:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസും സഹോദരനായ തിമൊഥെയോസും ചേർന്ന് കൊലോസ്യയിലെ ക്രൈസ്തവഭക്തരും നമ്മുടെ വിശ്വസ്ത സഹോദരരുമായ ദൈവജനങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ. നിങ്ങൾക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുമ്പോഴെല്ലാം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ക്രിസ്തുയേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചും എല്ലാ ദൈവജനങ്ങളോടും നിങ്ങൾക്കുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസവും സ്നേഹവും നിങ്ങളുടെ പ്രത്യാശയിൽ അധിഷ്ഠിതമാണ്. സത്യസന്ദേശമായ സുവിശേഷം ആദ്യം നിങ്ങളുടെ അടുക്കലെത്തിയപ്പോൾ അതു വാഗ്ദാനം ചെയ്യുന്ന പ്രത്യാശയെക്കുറിച്ച് നിങ്ങൾ കേട്ടു. നിങ്ങൾ പ്രത്യാശിക്കുന്നത് നിങ്ങൾക്കുവേണ്ടി സ്വർഗത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവകൃപയെക്കുറിച്ച് നിങ്ങൾ ആദ്യമായി കേൾക്കുകയും അത് യഥാർഥത്തിൽ മനസ്സിലാക്കുകയും ചെയ്ത നാൾമുതൽ നിങ്ങളുടെയിടയിൽ സുവിശേഷം എങ്ങനെ വർത്തിക്കുന്നുവോ, അപ്രകാരംതന്നെ അത് ലോകമെങ്ങും അനുഗ്രഹങ്ങൾ നല്കിക്കൊണ്ടു പ്രചരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനായ എപ്പഫ്രാസിൽനിന്ന് ഇതു നിങ്ങൾ ഗ്രഹിച്ചിട്ടുണ്ടല്ലോ. ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനായ അയാൾ ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു. ദൈവത്തിന്റെ ആത്മാവു നിങ്ങൾക്കു നല്കിയ സ്നേഹത്തെക്കുറിച്ച് അയാൾ ഞങ്ങളോടു പറഞ്ഞു. ഇക്കാരണത്താൽ, നിങ്ങളെപ്പറ്റി കേട്ടപ്പോൾമുതൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കുന്നു. ദൈവഹിതത്തെക്കുറിച്ചുള്ള അറിവുകൊണ്ടും, അവിടുത്തെ ആത്മാവു നല്കുന്ന സകല വിവേകവും ബുദ്ധിയുംകൊണ്ടും നിങ്ങളെ നിറയ്ക്കണമെന്നത്രേ ഞങ്ങൾ പ്രാർഥിക്കുന്നത്. അങ്ങനെ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുവാനും ദൈവത്തിനു സംപ്രീതി ഉളവാക്കുന്ന വിധത്തിൽ എപ്പോഴും പ്രവർത്തിക്കുവാനും നിങ്ങൾക്കു പ്രാപ്തിയുണ്ടാകും. എല്ലാവിധ സൽപ്രവൃത്തികൾകൊണ്ടും നിങ്ങളുടെ ജീവിതം ഫലസമൃദ്ധമായിത്തീരും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ വളരുകയും ചെയ്യും. ദൈവത്തിന്റെ മഹത്തായ പ്രഭാവത്തിൽ നിന്നു പുറപ്പെടുന്ന ശക്തിധാരയാൽ നിങ്ങൾ ബലം പ്രാപിക്കട്ടെ. അങ്ങനെ എല്ലാം ക്ഷമയോടെ സഹിക്കുന്നതിനു നിങ്ങൾ പ്രാപ്തരായിത്തീരും. തന്റെ ജനത്തിനു പ്രകാശത്തിന്റെ രാജ്യത്തിൽ കരുതിവച്ചിട്ടുള്ളതിന്റെ ഓഹരി പ്രാപിക്കുവാൻ നിങ്ങളെ യോഗ്യരാക്കിയ ദൈവത്തിന് ആഹ്ലാദപൂർവം സ്തോത്രം ചെയ്യുക. അവിടുന്ന് അന്ധകാരത്തിന്റെ അധികാരത്തിൽനിന്നു നിങ്ങളെ വീണ്ടെടുത്ത് തന്റെ പ്രിയപുത്രന്റെ രാജ്യത്തിലേക്കു കൊണ്ടുവന്നു. ആ പുത്രൻ മുഖേനയാണല്ലോ നാം സ്വതന്ത്രരാക്കപ്പെട്ടത്, അഥവാ നമ്മുടെ പാപം ക്ഷമിക്കപ്പെട്ടത്. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ പ്രതിച്ഛായയാണു ക്രിസ്തു. അവിടുന്നു പ്രപഞ്ചത്തിലെ സകല സൃഷ്ടികൾക്കും മുമ്പേയുള്ളവനും ആദ്യജാതനും ആകുന്നു. ദൈവം തന്റെ പുത്രൻ മുഖേനയാണ് സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ സകലവും സൃഷ്ടിച്ചത്. ആത്മീയശക്തികളും പ്രഭുക്കന്മാരും ഭരണാധിപന്മാരും അധികാരികളുമെല്ലാം അതിലുൾപ്പെടുന്നു. പ്രപഞ്ചം ആകമാനം സൃഷ്ടിക്കപ്പെട്ടത് പുത്രനിൽക്കൂടിയും പുത്രനുവേണ്ടിയും ആണ്. എല്ലാറ്റിനുംമുമ്പ് പുത്രനുണ്ടായിരുന്നു. അവിടുന്ന് സകലത്തിനും ആധാരമാകുന്നു. അവിടുന്നാണ് സഭയാകുന്ന ശരീരത്തിന്റെ ശിരസ്സ്; ശരീരത്തിന്റെ ജീവന് ആധാരം അവിടുന്നാണ്. എല്ലാറ്റിലും പ്രഥമസ്ഥാനം അവിടുത്തേക്കു മാത്രമായിരിക്കേണ്ടതിന് ആദ്യജാതനായ അവിടുന്ന് മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. പുത്രനിൽ തന്റെ ഭാവം സമ്പൂർണമായി നിവസിക്കുവാനും, പ്രപഞ്ചത്തെ ആകമാനം തന്റെ പുത്രൻ മുഖേന തന്നോട് അനുരഞ്ജിപ്പിക്കുവാനും ദൈവം തിരുമനസ്സായി. അവിടുന്നു പുത്രന്റെ ക്രൂശുമരണത്താൽ സമാധാനം ഉണ്ടാക്കുകയും, അങ്ങനെ ആകാശത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും തന്നോട് അനുരഞ്ജിപ്പിക്കുകയും ചെയ്തു. മുമ്പ് ദുഷ്ടവിചാരംമൂലവും, ദുഷ്പ്രവൃത്തികൾ മൂലവും നിങ്ങൾ ദൈവത്തിൽനിന്ന് അകന്നവരും അവിടുത്തെ ശത്രുക്കളുമായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പുത്രന്റെ ശാരീരിക മരണത്താൽ ദൈവം നിങ്ങളെ തന്റെ മിത്രങ്ങളാക്കിത്തീർത്തിരിക്കുന്നു. നിങ്ങളെ പവിത്രരും, കളങ്കരഹിതരും, കുറ്റമറ്റവരുമായി ദൈവമുമ്പാകെ സമർപ്പിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തത്. സുവിശേഷം കേട്ട് ആർജിച്ച പ്രത്യാശയിൽനിന്ന് ഇളകിപ്പോകാതെ, ഉറച്ചതും ദൃഢമായി വിശ്വസിക്കാവുന്നതുമായ അടിസ്ഥാനത്തിൽ നിലയുറപ്പിച്ച് വിശ്വസ്തരായി നിങ്ങൾ മുന്നോട്ടു പോകണം. ലോകത്തിലുള്ള സർവസൃഷ്ടികളോടും ആയി പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന് പൗലൊസ് എന്ന ഞാൻ ദാസനായിത്തീർന്നു. നിങ്ങൾക്കുവേണ്ടി സഹിച്ച കഷ്ടതയിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ടെന്നാൽ സഭയാകുന്ന തന്റെ ശരീരത്തിനുവേണ്ടി ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളിൽ കുറവുള്ളതു പൂരിപ്പിക്കുകയാണല്ലോ ഞാൻ ചെയ്യുന്നത്. നിങ്ങളുടെ നന്മയ്ക്കുവേണ്ടി ഈ ചുമതല ദൈവം എന്നെ ഏല്പിച്ചതുകൊണ്ട് ഞാൻ സഭയുടെ ദാസനായിത്തീർന്നിരിക്കുന്നു. ദൈവത്തിന്റെ സന്ദേശം പൂർണമായി അറിയിക്കുക എന്നതാണ് എന്റെ കർത്തവ്യം. പൂർവയുഗങ്ങളിൽ സർവമനുഷ്യരാശിക്കും ആ മർമ്മം മറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ദൈവജനത്തിന് അതു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. സർവജനങ്ങൾക്കുമായുള്ളതും മഹത്തും അമൂല്യവുമായ ഈ രഹസ്യം തന്റെ ജനത്തെ അറിയിക്കുക എന്നതാണ് ദൈവത്തിന്റെ പദ്ധതി. ക്രിസ്തു നിങ്ങളിലുണ്ട് എന്നതാണ് ആ രഹസ്യം. ദൈവത്തിന്റെ തേജസ്സിൽ നിങ്ങളും പങ്കാളിയാണെന്നാണല്ലോ അതിന്റെ സാരം. അതുകൊണ്ട് എല്ലാവരോടും ക്രിസ്തുവിനെപ്പറ്റി ഞങ്ങൾ പ്രസംഗിക്കുന്നു. ക്രിസ്തുവിനോട് ഏകീഭവിച്ച് പക്വത പ്രാപിച്ചവരായി എല്ലാവരെയും ദൈവമുമ്പാകെ കൊണ്ടുവരുന്നതിനുവേണ്ടി, സകല ജ്ഞാനത്തോടുംകൂടി അവർക്കു ബുദ്ധി ഉപദേശിക്കുകയും അവരെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു. അതു സാധിക്കുന്നതിന്, ക്രിസ്തു എനിക്കു നല്കിക്കൊണ്ടിരിക്കുന്നതും എന്നിൽ അതിശക്തമായി വ്യാപരിക്കുന്നതുമായ ചൈതന്യത്താൽ ഞാൻ അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നു.
കൊലൊസ്സ്യർ 1:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായിരിക്കുന്ന പൗലൊസും നമ്മുടെ സഹോദരനായ തിമൊഥെയോസും, കൊലൊസ്സ്യപട്ടണത്തിലുള്ള വിശുദ്ധന്മാർക്കും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരായവർക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്തോത്രം ചെയ്യുകയും, എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്തെന്നാൽ സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കായി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധത്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ച് ഞങ്ങൾ കേട്ടിരിക്കുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോട് പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്ക് വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ഞങ്ങളോടുള്ള ആത്മാവിലുള്ള സ്നേഹത്തെ അറിയിച്ചവനും ആകുന്നു. അതുകൊണ്ട് ഈ സ്നേഹം നിമിത്തം ഞങ്ങൾ നിങ്ങളെക്കുറിച്ച് കേട്ട നാൾമുതൽ നിങ്ങൾ ആത്മികമായ സകലജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിൻ്റെ പരിജ്ഞാനംകൊണ്ട് നിറഞ്ഞുവരേണം എന്നു നിരന്തരമായി പ്രാർത്ഥിക്കുന്നതും കൂടാതെ, നിങ്ങൾ കർത്താവിന് യോഗ്യമാകുംവണ്ണം നടന്ന് എല്ലാറ്റിലും അംഗീകാരം പ്രാപിച്ചവരായി, സകല സൽപ്രവൃത്തിയിലും ഫലം കായ്ച് ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. സകല സഹിഷ്ണതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടണമെന്നും തനിക്കുവേണ്ടി വേർതിരിക്കപ്പെട്ടവർക്ക് വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിൻ്റെ അധികാരത്തിൽ നിന്ന് വിടുവിച്ച് തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വെയ്ക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. തന്റെ പുത്രനിൽ നമുക്ക് പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. പുത്രനായ ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ സാദൃശ്യവും, സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും ആധിപത്യങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ ഭരണവ്യവസ്ഥകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തെയും വഹിക്കുന്നവനും ആകുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും, സകല ഉത്ഭവങ്ങളുടെയും അധിപതിയും, സകലത്തിലും താൻ പ്രഥമസ്ഥാനീയനാകേണ്ടതിന്, അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയും വസിക്കുവാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ട് തന്നോട് നിരപ്പിപ്പാനും പിതാവിന് പ്രസാദം തോന്നി. ഒരിക്കൽ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് ദൈവത്തിൽനിന്ന് അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിർത്തേണ്ടതിന് ക്രിസ്തു ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. നിങ്ങൾ കേട്ടിരിക്കുന്നതായ സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്ന് ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിൽക്കുവാൻ നിങ്ങളെ പ്രാപ്തമാക്കിയ സന്ദേശം, ആകാശത്തിൻകീഴെ സകലസൃഷ്ടികളുടേയും ഇടയിൽ പൗലൊസ് എന്ന ഞാൻ പ്രഘോഷിക്കുകയും, അതേ സുവിശേഷത്തിന്റെ ശുശ്രൂഷകനായി തീരുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ച് ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന് വേണ്ടി പൂരിപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി ദൈവപ്രവൃത്തിക്ക് അനുസാരമായി എനിക്ക് നല്കിയിരിക്കുന്ന നിയോഗപ്രകാരം ദൈവവചനപ്രഘോഷണം നിവർത്തിക്കേണ്ടതിന് ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. അത് യുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന സത്യം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്ക് വെളിപ്പെട്ടിരിക്കുന്നു. അവരോട് ജനതകളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളത് തന്നെ. അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏത് മനുഷ്യനേയും ക്രിസ്തുവിൽ തികഞ്ഞവനായി നിർത്തേണ്ടതിന് ഏത് മനുഷ്യനേയും ഗുണദോഷിക്കുകയും ഏത് മനുഷ്യനോടും സകലജ്ഞാനത്തോടും കൂടെ ഉപദേശിക്കുകയും ചെയ്യുന്നു. അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിച്ച് തന്റെ കർത്തവ്യം എന്നിലൂടെ നിവർത്തിയ്ക്കുന്ന അവന്റെ ശക്തിയ്ക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അദ്ധ്വാനിക്കുന്നു.
കൊലൊസ്സ്യർ 1:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കയിൽ എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ആ സുവിശേഷം സർവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു. ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു. ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും. ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു. നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. അതു പൂർവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു. അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
കൊലൊസ്സ്യർ 1:1-29 സമകാലിക മലയാളവിവർത്തനം (MCV)
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും, കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ. പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്. അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു. ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു. ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു. സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു; സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ; സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്. അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു. അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ ഏറ്റവും പ്രമുഖനും ആകുന്നു. ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി. ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു. ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു. നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു. നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു. നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നൽകിയ നിയോഗപ്രകാരം ദൈവവചനഘോഷണം പൂർണമായി നിറവേറ്റാൻ ഞാൻ സഭയുടെ ശുശ്രൂഷകനായിത്തീർന്നു. ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു. മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി. ഈ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രസംഗിക്കുന്നത്; ഓരോരുത്തരെയും ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാക്കേണ്ടതിന് സകലജ്ഞാനത്തോടുംകൂടെ അവരെ പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.