ആമോസ് 7:14-17
ആമോസ് 7:14-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന് ആമോസ് അമസ്യാവോട്: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.
ആമോസ് 7:14-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആമോസ് മറുപടി പറഞ്ഞു: “ഞാൻ പ്രവാചകനല്ല; പ്രവാചകഗണത്തിൽ പെട്ടവനുമല്ല; അത്തിപ്പഴം പെറുക്കി നടന്ന വെറും ഒരു ആട്ടിടയൻ. ആ ജോലിയിൽനിന്നു സർവേശ്വരൻ എന്നെ വിളിച്ചു വേർതിരിച്ച്, തന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കാൻ കല്പിച്ചു. സർവേശ്വരന്റെ വാക്കുകൾ കേൾക്കൂ, ഇസ്രായേലിനെതിരെ പ്രവചിക്കരുതെന്നല്ലേ നിങ്ങൾ പറയുന്നത്. എന്നാൽ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും. പുത്രീപുത്രന്മാർ കൊല്ലപ്പെടും; നിന്റെ നിലം അന്യർ പകുത്തെടുക്കും. നിന്റെ അന്ത്യം പരദേശത്തു വച്ചായിരിക്കും.” ഇസ്രായേൽജനം തീർച്ചയായും പ്രവാസികളാകും.
ആമോസ് 7:14-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതിന് ആമോസ് അമസ്യാവിനോട്: “ഞാൻ പ്രവാചകനല്ല, പ്രവാചക ഗണത്തിലൊരുവനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: ‘നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്കുക’ എന്ന് യഹോവ എന്നോട് കല്പിച്ചു” എന്ന് ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്കുക: “‘യിസ്രായേലിനെക്കുറിച്ച് പ്രവചിക്കരുത്; യിസ്ഹാക്ക്ഗൃഹത്തിനു വിരോധമായി നീ പ്രസംഗിക്കരുത്’ എന്ന് നീ പറയുന്നുവല്ലോ.” “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ദൈവത്തെ അറിയാത്ത ഒരു ദേശത്തുവച്ച് മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.”
ആമോസ് 7:14-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു. ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ. അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
ആമോസ് 7:14-17 സമകാലിക മലയാളവിവർത്തനം (MCV)
ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു. എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു. ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക: “ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്, യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു. “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും, നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും നീ യെഹൂദേതരരുടെ ദേശത്തുവെച്ചു മരിക്കും. ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു പ്രവാസത്തിലേക്കു പോകും.’ ”