ആമോസ് 7
7
വെട്ടുക്കിളി, തീ, തൂക്കുകട്ട
1യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു. 2അവ ദേശം തിന്നുവെളുപ്പിച്ചപ്പോൾ, ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
3യഹോവ അതുകൊണ്ടു വിധിമാറ്റി.
“ഇതു സംഭവിക്കുകയില്ല,” യഹോവ കൽപ്പിച്ചു.
4യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: “യഹോവയായ കർത്താവ് അഗ്നിയാലുള്ള ന്യായവിധി കൽപ്പിക്കുകയായിരുന്നു; അതു വലിയ ആഴിയെ ഉണക്കിക്കളയുകയും ദേശത്തെ വിഴുങ്ങിക്കളയുകയും ചെയ്തു.” 5അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
6യഹോവ അതുകൊണ്ടു വിധിമാറ്റി.
“ഇതു സംഭവിക്കുകയില്ല,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
7അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട#7:7 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു. 8യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?”
“ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു.
അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
9“യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും,
ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും;
യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.”
ആമോസും അമസ്യാവും
10ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല. 11ആമോസ് പറയുന്നത് ഇതാണ്:
“ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും,
ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട്
പ്രവാസത്തിലേക്കു പോകും.’ ”
12അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക. 13ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.”
14ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു. 15എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു. 16ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക:
“ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്,
യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു.
17“അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും,
നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.
നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും
നീ യെഹൂദേതരരുടെ#7:17 മൂ.ഭാ. അശുദ്ധ ദേശത്തുവെച്ചു മരിക്കും.
ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു
പ്രവാസത്തിലേക്കു പോകും.’ ”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആമോസ് 7: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.