അപ്പൊ. പ്രവൃത്തികൾ 9:26-43

അപ്പൊ. പ്രവൃത്തികൾ 9:26-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്ന് വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽവച്ചു കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തുപോന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടു പോയി, അവിടെനിന്നു തർസൊസിലേക്ക് അയച്ചു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിലൊക്കെയും സഭയ്ക്കു സമാധാനം ഉണ്ടായി, അത് ആത്മികവർധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു. പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു; അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ പേടമാൻ എന്നർഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്ന് അപേക്ഷിപ്പാൻ രണ്ട് ആളെ അവന്റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർഥിച്ചു ശവത്തിന്റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്ക്ക എന്ന് പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു. അവൻ കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോല്ക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 9:26-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശൗൽ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാൻ ശ്രമിച്ചു. എന്നാൽ ശൗൽ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു. അപ്പോൾ ബർനബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയിൽവച്ച് ശൗൽ കർത്താവിനെ ദർശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസിൽവച്ച് അദ്ദേഹം യേശുവിന്റെ നാമത്തിൽ സുധീരം പ്രസംഗിച്ചതുമെല്ലാം ബർനബാസ് വിവരിച്ചു പറഞ്ഞു. അങ്ങനെ ശൗൽ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമിൽ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിക്കുകയും ചെയ്തു. ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തു പോന്നു. എന്നാൽ അവർ അദ്ദേഹത്തെ വധിക്കുവാൻ വട്ടംകൂട്ടി. അവിടുത്തെ സഹോദരന്മാർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തർസൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വർധിച്ചു; കർത്താവിനോടുള്ള ഭക്തിയിൽ ജീവിക്കുകയും ചെയ്തു. പത്രോസ് എല്ലായിടവും ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം ലുദ്ദയിലെ ഭക്തജനങ്ങളുടെ അടുക്കലെത്തി. അവിടെ എട്ടു വർഷമായി പക്ഷവാതം പിടിപെട്ട് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന ഐനിയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. അയാളോടു പത്രോസ് പറഞ്ഞു: “ഐനിയാസേ, യേശുക്രിസ്തു ഇതാ നിനക്കു സൗഖ്യം നല്‌കുന്നു; എഴുന്നേറ്റു നീ തന്നെ കിടക്ക വിരിക്കുക.” തൽക്ഷണം അയാൾ എഴുന്നേറ്റു. സുഖംപ്രാപിച്ച ഐനിയാസിനെ കണ്ടിട്ട് ലുദ്ദയിലും ശാരോനിലും പാർക്കുന്നവരെല്ലാം കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നൊരു ക്രിസ്തുശിഷ്യ ഉണ്ടായിരുന്നു. തബീഥാ എന്ന പേരിനു ഗ്രീക്കിൽ ദോർക്കാസ്-പേടമാൻ-എന്നാണർഥം. അവൾ ധാരാളം സൽപ്രവൃത്തികളും ദാനധർമങ്ങളും ചെയ്യുന്നതിൽ സദാ ജാഗരൂകയായിരുന്നു. ആയിടയ്‍ക്ക് ഒരു രോഗം പിടിപെട്ട് അവൾ മരണമടഞ്ഞു. മൃതദേഹം കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. പത്രോസ് തൊട്ടടുത്തുള്ള ലുദ്ദയിലുണ്ടെന്നു യോപ്പയിലെ ശിഷ്യന്മാരറിഞ്ഞു. അദ്ദേഹം കഴിയുന്നതും വേഗം യോപ്പയിലേക്കു ചെല്ലണമെന്നു നിർബന്ധപൂർവം അപേക്ഷിക്കുന്നതിനായി രണ്ടു പേരെ ലുദ്ദയിലേക്കു പറഞ്ഞയച്ചു. പത്രോസ് അവരോടുകൂടി യോപ്പയിൽ ചെന്നു. അവർ അദ്ദേഹത്തെ മാളികമുറിയിലേക്ക് ആനയിച്ചു; ദോർക്കാസ് ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിക്കൊടുത്ത കുപ്പായങ്ങളും ഉടുപ്പുകളും മറ്റും കാണിച്ചുകൊടുത്തുകൊണ്ട് വിധവമാർ പത്രോസിന്റെ ചുറ്റുംനിന്നു വിലപിച്ചു. അവരെയെല്ലാം പുറത്തിറക്കി നിറുത്തിയശേഷം പത്രോസ് മുട്ടുകുത്തി പ്രാർഥിച്ചു. പിന്നീട് മൃതദേഹത്തിനു നേരെ തിരിഞ്ഞ്, “തബീഥയേ, എഴുന്നേല്‌ക്കൂ” എന്ന് ആജ്ഞാപിച്ചു. ഉടനെ അവൾ കണ്ണു തുറന്നു. പത്രോസിനെ കണ്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു. അദ്ദേഹം കൈകൊടുത്തു തബീഥയെ എഴുന്നേല്പിച്ചു. പിന്നീട് വിധവമാരെയും ഭക്തജനങ്ങളെയും വിളിച്ച് ജീവൻ പ്രാപിച്ച തബീഥയെ അവരുടെ മുമ്പിൽ നിറുത്തി. യോപ്പയിൽ എല്ലായിടത്തും ഈ വാർത്ത പരന്നു. അനേകം ആളുകൾ കർത്താവിൽ വിശ്വസിച്ചു. യോപ്പയിൽ ശിമോൻ എന്നയാളിന്റെ വീട്ടിൽ അദ്ദേഹം വളരെനാൾ പാർത്തു. തുകൽ ഊറയ്‍ക്കിടുകയായിരുന്നു ശിമോന്റെ തൊഴിൽ.

അപ്പൊ. പ്രവൃത്തികൾ 9:26-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു. അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യാ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു. പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു, അവിടെ പക്ഷവാതം പിടിച്ച് എട്ട് വർഷമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ടു കർത്താവിങ്കലേക്ക് തിരിഞ്ഞു. യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ടു: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്നു അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്‍റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റ് ഇരുന്നു. അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി. ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു. പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 9:26-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി. സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു. അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു. പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു, അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു. യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേല്ക്കു എന്നു പറഞ്ഞു; അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി. ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു. പിന്നെ അവൻ തോൽക്കൊല്ലനായ ശിമോൻ എന്ന ഒരുത്തനോടുകൂടെ വളരെ നാൾ യോപ്പയിൽ പാർത്തു.

അപ്പൊ. പ്രവൃത്തികൾ 9:26-43 സമകാലിക മലയാളവിവർത്തനം (MCV)

ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു. ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു. അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു. കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു. പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി. അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു. പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു. യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു. ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു. പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു. പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു. അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു. യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു. യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.