അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു. അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യാ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു. പത്രൊസ് എല്ലായിടവും സഞ്ചരിച്ച് ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു, അവിടെ പക്ഷവാതം പിടിച്ച് എട്ട് വർഷമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു. പത്രൊസ് അവനോട്: “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു; എഴുന്നേറ്റ് നീ തന്നെ കിടക്ക വിരിച്ചുകൊൾക” എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു. ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും സൗഖ്യമായ അവനെ കണ്ടു കർത്താവിങ്കലേക്ക് തിരിഞ്ഞു. യോപ്പയിൽ “പേടമാൻ” എന്നർത്ഥമുള്ള തബീഥ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്ത് അവൾ ദീനംപിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയിൽ കിടത്തി. ലുദ്ദ യോപ്പയ്ക്ക് സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്ന് ശിഷ്യന്മാർ കേട്ടു: “നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം” എന്നു അപേക്ഷിക്കുവാൻ രണ്ടുപേരെ അവന്‍റെ അടുക്കൽ അയച്ചു. പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. അവിടെ എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു മൃതശരീരത്തിനു നേരെ തിരിഞ്ഞു: “തബീഥയേ, എഴുന്നേൽക്ക” എന്നു പറഞ്ഞു; അവൾ കണ്ണുതുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റ് ഇരുന്നു. അവൻ അവളെ കൈ പിടിച്ച് എഴുന്നേല്പിച്ച്, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിർത്തി. ഇത് യോപ്പയിൽ എങ്ങും പ്രസിദ്ധമായി, അനേകർ കർത്താവിൽ വിശ്വസിച്ചു. പിന്നെ പത്രൊസ് തുകൽ പണിക്കാരനായ ശിമോൻ എന്ന ഒരുവനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു.
പ്രവൃത്തികൾ 9 വായിക്കുക
കേൾക്കുക പ്രവൃത്തികൾ 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പ്രവൃത്തികൾ 9:26-43
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ