അപ്പൊ. പ്രവൃത്തികൾ 9:10-19
അപ്പൊ. പ്രവൃത്തികൾ 9:10-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനെ കർത്താവ് ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്ന് അവൻ വിളി കേട്ടു. കർത്താവ് അവനോട്: നീ എഴുന്നേറ്റു നേർവീഥി എന്ന തെരുവിൽ ചെന്ന്, യൂദായുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന് അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. കർത്താവ് അവനോട്: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാൾ പാർത്തു
അപ്പൊ. പ്രവൃത്തികൾ 9:10-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദമാസ്കസിൽ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ദർശനത്തിൽ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കർത്താവേ അടിയൻ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ കർത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേർവീഥി എന്ന തെരുവിൽ യൂദയുടെ വീട്ടിൽ ചെന്ന് തർസൊസുകാരനായ ശൗൽ എന്നയാളിനെ അന്വേഷിക്കുക; അവൻ പ്രാർഥിക്കുന്നു. തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാൾ വന്നു തന്റെ തലയിൽ കൈകൾ വയ്‍ക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു.” അനന്യാസ് അതിനു മറുപടിയായി, “കർത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങൾക്ക് ആ മനുഷ്യൻ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്; ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാൻ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. കർത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽജനതയുടെയും മുമ്പിൽ എന്റെ നാമം വഹിക്കുന്നതിന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാൾ. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകൾ അയാൾ സഹിക്കേണ്ടതുണ്ട് എന്നു ഞാൻ തന്നെ അയാൾക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. അതനുസരിച്ച് അനന്യാസ് ആ വീട്ടിൽ ചെന്നു, ശൗലിന്റെമേൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂർണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയിൽവച്ചു താങ്കൾക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” ഉടനെ ശൗലിന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ ഏതോ ഒന്നു താഴെ വീണു. തൽക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 9:10-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനോട് കർത്താവ് ഒരു ദർശനത്തിൽ; “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്നു അവൻ വിളികേട്ടു. കർത്താവ് അവനോട്: “നീ എഴുന്നേറ്റ് നേർവ്വീഥി എന്ന തെരുവിൽ, യൂദയുടെ വീട്ടിൽ ചെന്നു, തർസൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തുവന്ന് താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു കല്പിച്ചു. അതിന് അനന്യാസ്; “കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ഇവിടെയും അങ്ങേയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട്” എന്നു ഉത്തരം പറഞ്ഞു. കർത്താവ് അവനോട്: “നീ പോക; അവൻ എന്റെ നാമം ജനതകൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിക്കുവാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണമെന്ന് ഞാൻ അവനെ കാണിക്കും” എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വച്ചു: “ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിക്കുകയും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യേണ്ടതിന് നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽ നിന്ന് ചെതുമ്പൽപോലെ വീണു; അവനു കാഴ്ച ലഭിച്ചു. അവൻ എഴുന്നേറ്റ് സ്നാനം ഏൽക്കുകയും ആഹാരം കഴിച്ച് ബലം പ്രാപിക്കുകയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോട് കൂടെ കുറേനാൾ പാർത്തു
അപ്പൊ. പ്രവൃത്തികൾ 9:10-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു: അവനെ കർത്താവു ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്നു അവൻ വിളികേട്ടു. കർത്താവു അവനോടു: നീ എഴുന്നേറ്റു നേർവ്വീഥി എന്ന തെരുവിൽ ചെന്നു, യൂദയുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്റെ മേൽ കൈ വെക്കുന്നതു അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്നു അവന്റെമേൽ കൈ വെച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണ്ണൻ ആകേണ്ടതിന്നു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാൾ പാർത്തു
അപ്പൊ. പ്രവൃത്തികൾ 9:10-19 സമകാലിക മലയാളവിവർത്തനം (MCV)
ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു. കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു. അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു. എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ. എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു. അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു.