അപ്പോ.പ്രവൃത്തികൾ 9:10-19

അപ്പോ.പ്രവൃത്തികൾ 9:10-19 MCV

ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു. കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു. അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു. എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ. എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു. അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു.