അപ്പൊ. പ്രവൃത്തികൾ 8:1-8
അപ്പൊ. പ്രവൃത്തികൾ 8:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനെ കൊല ചെയ്തത് ശൗലിനു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ, ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു. എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചുപോന്നു. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്ന് അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യംപ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
അപ്പൊ. പ്രവൃത്തികൾ 8:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആ ദിവസംതന്നെ യെരൂശലേമിലെ സഭയുടെനേരേയുള്ള നിഷ്ഠുരമായ പീഡനം ആരംഭിച്ചു; അപ്പോസ്തോലന്മാർ ഒഴികെയുള്ള എല്ലാവരും യെഹൂദ്യ ശമര്യപ്രദേശങ്ങളുടെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി. ഏതാനും ഭക്തജനങ്ങൾ സ്തേഫാനോസിന്റെ മൃതദേഹം സംസ്കരിക്കുകയും അദ്ദേഹത്തെക്കുറിച്ചു വളരെയധികം വിലപിക്കുകയും ചെയ്തു. ശൗൽ ആകട്ടെ, വീടുതോറും കയറിയിറങ്ങി സ്‍ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു കാരാഗൃഹത്തിലടച്ചുകൊണ്ട് സഭയെ നശിപ്പിക്കുവാൻ ശ്രമിച്ചു. ചിതറിപ്പോയവർ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ചുറ്റി സഞ്ചരിച്ചു. ഫീലിപ്പോസ് ശമര്യയിലെ ഒരു നഗരത്തിൽ ചെന്ന് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു. ഫീലിപ്പോസിന്റെ പ്രസംഗം കേൾക്കുകയും അദ്ദേഹം ചെയ്ത അദ്ഭുതങ്ങൾ കാണുകയും ചെയ്തപ്പോൾ ബഹുജനങ്ങൾ ഏകമനസ്സോടെ അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. അശുദ്ധാത്മാക്കൾ ബാധിച്ചവരിൽനിന്ന് അവ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ഒഴിഞ്ഞുപോയി; പക്ഷവാതരോഗികളും മുടന്തരുമായ അനേകമാളുകൾ സുഖം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ അത്യധികമായ ആനന്ദമുണ്ടായി.
അപ്പൊ. പ്രവൃത്തികൾ 8:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്തെഫാനൊസിനെ കൊലചെയ്തത് ശൗലിന് സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ പീഢനം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യാ ദേശങ്ങളിൽ ചിതറിപ്പോയി. ദൈവഭക്തരായ പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ച് വലിയൊരു വിലാപം കഴിച്ചു. എന്നാൽ ശൗല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ട് സഭയ്ക്ക് ഹാനി വരുത്തിക്കൊണ്ടിരുന്നു. ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യാ പട്ടണത്തിൽ ചെന്നു അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
അപ്പൊ. പ്രവൃത്തികൾ 8:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവനെ കൊലചെയ്തതു ശൗലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു. എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
അപ്പൊ. പ്രവൃത്തികൾ 8:1-8 സമകാലിക മലയാളവിവർത്തനം (MCV)
സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു. അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു. ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു. ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു. ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി.