പ്രവൃത്തികൾ 8
8
യെരൂശലേം സഭ പീഢനത്തിലൂടെ മുന്നേറുന്നു.
1സ്തെഫാനൊസിനെ കൊലചെയ്തത് ശൗലിന് സമ്മതമായിരുന്നു.
അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ പീഢനം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യാ ദേശങ്ങളിൽ ചിതറിപ്പോയി. 2ദൈവഭക്തരായ പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ച് വലിയൊരു വിലാപം കഴിച്ചു. 3എന്നാൽ ശൗല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും വലിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ട് സഭയ്ക്ക് ഹാനി വരുത്തിക്കൊണ്ടിരുന്നു.
ഫിലിപ്പോസ് ശമര്യയിലേക്ക്.
4ചിതറിപ്പോയവർ വചനം പ്രസംഗിച്ചുകൊണ്ട് അവിടവിടെ സഞ്ചരിച്ചു. 5ഫിലിപ്പൊസ് ശമര്യാ പട്ടണത്തിൽ ചെന്നു അവിടെയുള്ളവരോട് ക്രിസ്തുവിനെ പ്രസംഗിച്ചു. 6ഫിലിപ്പൊസ് ചെയ്ത അടയാളങ്ങൾ ജനങ്ങൾ കേൾക്കുകയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 7അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ട് പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു. 8അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
ശിമോൻ എന്ന ആഭിചാരകൻ.
9എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞ് ശമര്യാ പട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചുപോന്നു. 10“മഹാൻ എന്നു വിളിക്കപ്പെടുന്ന ദൈവശക്തി ഈ മനുഷ്യനാകുന്നു” എന്നു പറഞ്ഞ് ശമര്യയിലുള്ള ചെറിയവർ മുതൽ വലിയവർ വരെ അവനെ ശ്രദ്ധിച്ചുവന്നു. 11ഇവൻ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കുകയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത് 12എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. 13ശിമോൻ താനും വിശ്വസിച്ച് സ്നാനം ഏറ്റു, ഫിലിപ്പൊസിനോട് ചേർന്നുനിന്നു; വലിയ അടയാളങ്ങളും വീര്യപ്രവൃത്തികളും നടക്കുന്നത് കണ്ടപ്പോൾ അവൻ ആശ്ചര്യപ്പെട്ടു.
14അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടിട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. 15അവർ അവിടെ എത്തിയിട്ട്, ചെന്നു, അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് പ്രാർത്ഥിച്ചു. 16അന്നുവരെ അവരിൽ ആരുടെമേലും പരിശുദ്ധാത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്‍റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. 17അവർ അവരുടെ മേൽ കൈ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു.
18അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടതിനാൽ അവൻ അവർക്ക് കൊടുക്കുവാൻ പണം കൊണ്ടുവന്നു: 19“ഞാൻ ഒരുവന്‍റെ മേൽ കൈ വെച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം” എന്നു പറഞ്ഞു.
20പത്രൊസ് അവനോട്: “ദൈവത്തിന്‍റെ ദാനം പണം കൊടുത്ത് വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ട് നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. 21നിന്‍റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. 22നിന്‍റെ ഹൃദയത്തിലെ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ടു കർത്താവിനോട് പ്രാർത്ഥിക്കുക; ഒരുപക്ഷേ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. 23നീ കടുത്ത അസൂയയിലും പാപത്തിന്‍റെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു” എന്നു പറഞ്ഞു.
24അതിന് ശിമോൻ: “നിങ്ങൾ പറഞ്ഞത് ഒന്നും എനിക്ക് ഭവിക്കാതിരിക്കുവാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്നു ഉത്തരം പറഞ്ഞു.
25അവർ കർത്താവിന്‍റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോയി.
ഫിലിപ്പോസ് ഗസയ്ക്കുള്ള നിർജജനപ്രദേശത്തേക്ക്
26അനന്തരം കർത്താവിന്‍റെ ദൂതൻ ഫിലിപ്പൊസിനോട്: “നീ എഴുന്നേറ്റ് തെക്കോട്ട് യെരൂശലേമിൽനിന്ന് ഗസയ്ക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക” എന്നു പറഞ്ഞു. 27അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന എത്യോപ്യാരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിനും മേൽവിചാരകനുമായ ഒരു എത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ട് മടങ്ങിപ്പോരുമ്പോൾ 28തേരിൽ ഇരുന്ന് യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കുകയായിരുന്നു. 29ആത്മാവ് ഫിലിപ്പൊസിനോട്: “നീ അടുത്തുചെന്നു തേരിനോട് ചേർന്നുനടക്ക” എന്നു പറഞ്ഞു. 30ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്‍റെ പുസ്തകം അവൻ വായിക്കുന്നതു കേട്ടു: “നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ?” എന്നു ചോദിച്ചു.
31അതിന്: “ഒരുവൻ ശരിയായി വിവരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും” എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. 32തിരുവെഴുത്തിൽ ഈ ഭാഗം ആയിരുന്നു അവൻ വായിച്ചിരുന്നത്
“അറുക്കുവാനുള്ള ആടിനേപ്പോലെ അവനെ കൊണ്ടുപോയി;
രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ
അവൻ വായ് തുറക്കാതിരുന്നു.
33അവന്‍റെ താഴ്ചയിൽ അവനു ന്യായം കിട്ടാതെ പോയി;
അവന്‍റെ തലമുറയെ ആർ വിവരിക്കും?
ഭൂമിയിൽനിന്നു അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ.”
34ഷണ്ഡൻ ഫിലിപ്പൊസിനോട്: “ഇത് പ്രവാചകൻ ആരെക്കുറിച്ച് പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം” എന്നു അപേക്ഷിച്ചു. 35ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാൻ തുടങ്ങി. 36അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ: “ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിൽനിന്ന് എന്ത് എന്നെ തടസ്സപ്പെടുത്തുന്നു?” എന്നു പറഞ്ഞു. 37അതിന് ഫിലിപ്പൊസ്: “നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം” എന്നു പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു. 38അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു. 39അവർ വെള്ളത്തിൽനിന്ന് കയറിയപ്പോൾ കർത്താവിന്‍റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ട് തന്‍റെ വഴിക്കുപോയി. 40ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ ദേശത്തിലൂടെയെല്ലാം സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് കൈസര്യയിൽ എത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.