അപ്പൊ. പ്രവൃത്തികൾ 28:14-31

അപ്പൊ. പ്രവൃത്തികൾ 28:14-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങൾ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവർ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങൾ റോമിലെത്തി. അവിടത്തെ സഹോദരന്മാർ ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്‌ക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു. ഞങ്ങൾ റോമിലെത്തിയശേഷം കാവൽ പടയാളികളോടുകൂടി തനിച്ചു പാർക്കുവാൻ പൗലൊസിന് അനുവാദം കിട്ടി. മൂന്നു ദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി ഇപ്രകാരം പ്രസ്താവിച്ചു: “സഹോദരരേ, നമ്മുടെ ജനങ്ങൾക്കോ പൂർവപിതാക്കളുടെ ആചാരങ്ങൾക്കോ വിരുദ്ധമായി ഞാൻ ഒന്നും ചെയ്തിട്ടില്ല. എങ്കിലും യെരൂശലേമിൽ വച്ച് ഞാൻ ഒരു തടവുകാരനായി റോമാക്കാരുടെ കൈയിൽ ഏല്പിക്കപ്പെട്ടു. അവർ എന്നെ വിസ്തരിച്ചു. വധശിക്ഷയ്‍ക്ക് അർഹമായ കുറ്റം എന്നിൽ കാണാഞ്ഞതിനാൽ എന്നെ മോചിപ്പിക്കുവാൻ അവർക്കു മനസ്സുണ്ടായിരുന്നു. എന്നാൽ യെഹൂദന്മാർ എതിർത്തതിനാൽ കൈസറുടെ അടുക്കൽ എനിക്ക് അഭയം തേടേണ്ടിവന്നു. എന്റെ സ്വന്തം ജനങ്ങൾക്കെതിരെ എനിക്ക് യാതൊരു ദോഷാരോപണവും ഉന്നയിക്കാനില്ലതാനും. അതുകൊണ്ടാണ് നിങ്ങളെ കാണണമെന്നു ഞാൻ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാശയെപ്രതി മാത്രമാണ് ഞാൻ ഈ ചങ്ങലയാൽ ബന്ധിതനായിരിക്കുന്നത്.” അവർ അദ്ദേഹത്തോടു പറഞ്ഞു: “താങ്കളെ സംബന്ധിച്ച് യെഹൂദ്യയിൽനിന്ന് ആരുടെയും കത്ത് ഞങ്ങൾക്ക് കിട്ടിയിട്ടില്ല. സഹോദരന്മാരിൽ ആരെങ്കിലും വന്ന് താങ്കളെപ്പറ്റി യാതൊരു ദോഷവും ഒട്ടു പറഞ്ഞിട്ടുമില്ല. ഈ മതവിഭാഗത്തെക്കുറിച്ച് എല്ലായിടത്തും എതിരായിട്ടാണ് പറഞ്ഞുകേൾക്കുന്നത്. താങ്കളുടെ അഭിപ്രായങ്ങൾ എന്താണെന്നു നേരിട്ടു കേൾക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അതിന് അവർ ഒരു ദിവസം നിശ്ചയിച്ചു. ധാരാളം ആളുകൾ അദ്ദേഹത്തിന്റെ വാസസ്ഥലത്തു വന്നുകൂടി. ദൈവരാജ്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടും, മോശയുടെ ധർമശാസ്ത്രവും പ്രവാചകഗ്രന്ഥങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ടും, പ്രഭാതംമുതൽ പ്രദോഷംവരെ അദ്ദേഹം അവർക്കു സകലവും വിശദീകരിച്ചുകൊടുത്തു. അദ്ദേഹം പറഞ്ഞത് ചിലർക്കു ബോധ്യമായി; മറ്റുള്ളവർ വിശ്വസിച്ചില്ല. അങ്ങനെ അഭിപ്രായൈക്യം ഉണ്ടാകാതെ അവർ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് ഇങ്ങനെ പറഞ്ഞു: “ഈ ജനത്തിന്റെ അടുക്കൽ പോയി പറയുക: നിങ്ങൾ എത്രകേട്ടാലും ഒരിക്കലും ഗ്രഹിക്കുകയില്ല, നിങ്ങൾ എത്രതന്നെ നോക്കിയാലും ഒരിക്കലും കാണുകയില്ല. എന്തെന്നാൽ ഈ ജനം മന്ദബുദ്ധികളായിത്തീർന്നിരിക്കുന്നു; അവരുടെ കാതുകളുടെ ശ്രവണശക്തി മന്ദീഭവിച്ചിരിക്കുന്നു; അവരുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. അല്ലെങ്കിൽ തങ്ങളുടെ കണ്ണുകൊണ്ട് അവർ കാണുകയും കാതുകൊണ്ടു കേൾക്കുകയും മനസ്സുകൊണ്ടു ഗ്രഹിക്കുകയും അവരെ സുഖപ്പെടുത്തുന്നതിന് അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാ പ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരിതന്നെ. “അതുകൊണ്ട് ദൈവത്തിന്റെ രക്ഷയുടെ ഈ സന്ദേശം വിജാതീയരുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. അവരതു ശ്രദ്ധിക്കുമെന്ന് അറിഞ്ഞുകൊള്ളുക.” പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ യെഹൂദന്മാർ അന്യോന്യം ഉച്ചത്തിൽ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി. വാടകവീട്ടിൽ അദ്ദേഹം സ്വന്തം ചെലവിൽ രണ്ടു വർഷം പാർത്തു. തന്നെ സമീപിച്ചവരെ അദ്ദേഹം സ്വീകരിച്ച് ദൈവരാജ്യം പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു പരസ്യമായി നിർവിഘ്നം പഠിപ്പിക്കുകയും ചെയ്തുപോന്നു.

അപ്പൊ. പ്രവൃത്തികൾ 28:14-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവിടെ ചില സഹോദരന്മാരെ കണ്ടു, തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി. അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു. റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി. മൂന്നു ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമാക്കാരുടെ കയ്യിൽ ഏല്പിച്ചു. അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്‍റെ ജാതിക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു. ഇതു മുഖാന്തരം നിങ്ങളെ കണ്ടു സംസാരിക്കേണം എന്നു വിചാരിച്ച് ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്‍റെ ദൃഢവിശ്വാസത്തിനുവേണ്ടിയാകുന്നു ഞാൻ ഈ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നത്.” അവർ അവനോട്: “നിന്‍റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല. എങ്കിലും എല്ലായിടത്തും ഈ വിഭാഗം ജനങ്ങൾക്ക് വിരോധമായി സംസാരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നതുകൊണ്ട് നിന്‍റെ വിശ്വാസം ഇന്നത് എന്നു നീ തന്നെ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്‍റെ പാർപ്പിടത്തിൽ അവന്‍റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു. അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; മറ്റുള്ളവർ വിശ്വസിച്ചില്ല. അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ: പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോട് പറഞ്ഞിരിക്കുന്നത് ശരിതന്നെ, “‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും. ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കൽ പോയി പറക’ എന്നിങ്ങനെ തന്നെ.” ആകയാൽ ദൈവം തന്‍റെ ഈ രക്ഷ ജനതകൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ. പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ യെഹൂദന്മാർ അന്യോന്യം ഉച്ചത്തിൽ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി. അവൻ സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ടു വർഷം മുഴുവൻ താമസിച്ച്, തന്‍റെ അടുക്കൽ വരുന്നവരെ ഒക്കെയും സ്വീകരിച്ചു. പൂർണ്ണ പ്രാഗത്ഭ്യത്തോടെ യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.

അപ്പൊ. പ്രവൃത്തികൾ 28:14-31 സമകാലിക മലയാളവിവർത്തനം (MCV)

അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി. അവിടെയുള്ള സഹോദരങ്ങൾ, ഞങ്ങൾ വരുന്നെന്നു കേട്ടിരുന്നു; അവർ ഞങ്ങളെ സ്വീകരിക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലോസ് ദൈവത്തിനു സ്തോത്രംചെയ്ത് ധൈര്യംപൂണ്ടു. ഞങ്ങൾ റോമിലെത്തിയശേഷം പൗലോസിന്, പടയാളികളുടെ കാവലിൽ വേറിട്ടു താമസിക്കാൻ അനുവാദം കിട്ടി. മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി. അവർ വന്നുകൂടിയപ്പോൾ പൗലോസ് അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ സഹോദരന്മാരേ, ഞാൻ നമ്മുടെ ജനങ്ങൾക്കോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും ജെറുശലേമിൽവെച്ച് എന്നെ തടവുകാരനാക്കി റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു. മരണശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമൊന്നും ഞാൻ ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് അവർ എന്നെ വിചാരണചെയ്തശേഷം സ്വതന്ത്രനായി വിടാൻ ആഗ്രഹിച്ചു. എന്നാൽ യെഹൂദർ എതിർത്തപ്പോൾ ഞാൻ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിക്കാൻ നിർബന്ധിതനായി. സ്വജനങ്ങൾക്കെതിരേ എന്തെങ്കിലും പരാതി ഉണ്ടായിരുന്നതുകൊണ്ടല്ല അങ്ങനെ ചെയ്തത്. നിങ്ങളെ സന്ദർശിക്കണമെന്നും നിങ്ങളോടു സംസാരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടത് ഇതു വ്യക്തമാക്കാനാണ്. ഇസ്രായേലിന്റെ പ്രത്യാശനിമിത്തമാണ് ഞാൻ ഈ ചങ്ങലയാൽ ബന്ധിതനായിരിക്കുന്നത്.” “താങ്കളെ സംബന്ധിച്ച് ഞങ്ങൾക്കു യെഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല; അവിടെനിന്നു വന്ന സഹോദരങ്ങളിലാരും താങ്കളെപ്പറ്റി ദോഷമായ വിവരങ്ങൾ അറിയിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. എന്നാൽ, എല്ലായിടത്തുമുള്ള ജനങ്ങൾ ഈ മതവിഭാഗത്തെ എതിർത്തു സംസാരിക്കുന്നതായി അറിയുന്നതുകൊണ്ട്, താങ്കളുടെ അഭിപ്രായം കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.” അവർ പറഞ്ഞു. അവർ ഒരു ദിവസം നിശ്ചയിച്ചു; അന്നു നിരവധി ആളുകൾ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു വന്നെത്തി. രാവിലെമുതൽ സന്ധ്യവരെ അദ്ദേഹം അവരോടു ദൈവരാജ്യത്തെപ്പറ്റി വിശദീകരിച്ചു പ്രസംഗിക്കുകയും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ചിലർക്കു ബോധ്യപ്പെട്ടു; മറ്റുചിലർ വിശ്വസിച്ചില്ല. അവർതമ്മിൽ യോജിപ്പിലെത്താതെ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ പൗലോസ് ഇങ്ങനെയൊരു പ്രസ്താവന നടത്തി: “ ‘ഈ ജനത്തിന്റെ അടുത്തുചെന്ന് അവരോടു പറയേണ്ടത്: “നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.” ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു,’ എന്നു പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളത് സത്യംതന്നെ. “അതുകൊണ്ട് ദൈവം അവിടത്തെ രക്ഷ യെഹൂദേതരർക്ക് അയച്ചിരിക്കുന്നു, അവർ അത് അംഗീകരിക്കും എന്നു നിങ്ങളറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.” പൗലോസ് രണ്ടുവർഷംമുഴുവൻ താൻ വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചുകൊണ്ട്, തന്നെ കാണാൻവന്ന എല്ലാവരെയും സ്വീകരിച്ചു. അദ്ദേഹം ധൈര്യസമേതം, നിർവിഘ്നം ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടുമിരുന്നു.