പ്രവൃത്തികൾ 28
28
പൗലോസ് മെലിത്ത ദ്വീപിൽ
1രക്ഷപെട്ടശേഷം ദ്വീപിൻ്റെ പേർ മെലിത്ത എന്നു ഞങ്ങൾ മനസ്സിലാക്കി. 2അവിടുത്തെ സ്ഥലവാസികൾ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു, മഴയും തണുപ്പുമായിരുന്നതുകൊണ്ട് തീ കൂട്ടി ഞങ്ങളെ ഒക്കെയും സ്വീകരിച്ചു. 3പൗലൊസ് കുറെ വിറക് പെറുക്കി തീയിൽ ഇട്ടപ്പോൾ ഒരു അണലി, ചൂടുനിമിത്തം പുറപ്പെട്ടു അവന്‍റെ കൈയ്ക്ക് ചുറ്റി. 4അണലി അവന്‍റെ കൈമേൽ തൂങ്ങുന്നത് ആ സ്ഥലവാസികൾ കണ്ടപ്പോൾ: “ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽനിന്ന് രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല” എന്നു തമ്മിൽ പറഞ്ഞു. 5അവനോ അതിനെ തീയിൽ കുടഞ്ഞ് കളഞ്ഞു, അവനു ദോഷം ഒന്നും പറ്റിയതുമില്ല. 6അവൻ വീർക്കുകയോ പെട്ടെന്ന് ചത്തു വീഴുകയോ ചെയ്യും എന്നു വിചാരിച്ച് അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവനു ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സ് മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
പുബ്ലിയൊസിൻ്റെ പിതാവിന്‍റെ സൗഖ്യം
7ആ സ്ഥലത്തിന്‍റെ സമീപത്ത് പുബ്ലിയൊസ് എന്നു പേരുള്ള ആ ദ്വീപുപ്രമാണിയ്ക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം ആദരവോടെ ഞങ്ങളെ സൽക്കരിക്കുകയും ചെയ്തു. 8പുബ്ലിയൊസിൻ്റെ അപ്പൻ പനിയും അതിസാരവും പിടിച്ച് കിടപ്പായിരുന്നു. പൗലൊസ് അവന്‍റെ അടുക്കൽ അകത്ത് ചെന്നു പ്രാർത്ഥിച്ച് അവന്‍റെമേൽ കൈവച്ച് സുഖപ്പെടുത്തി. 9ഇത് സംഭവിച്ചശേഷം ദ്വീപിലുണ്ടായിരുന്ന മറ്റ് രോഗികളും വന്ന് സൗഖ്യം പ്രാപിച്ചു. 10അവരും ഏറിയ സമ്മാനങ്ങൾ തന്ന് ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽയാത്രയ്ക്കായ് ഒരുങ്ങുമ്പോൾ ഞങ്ങൾക്കാവശ്യമുള്ളതെല്ലാം കൊണ്ടുവന്ന് തന്നു.
പൗലോസ് റോമിൽ
11മൂന്നുമാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ച് കിടന്നിരുന്ന സിയുസ് ദേവന്‍റെ ഇരട്ടമക്കളുടെ ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, 12സുറക്കൂസ് പട്ടണത്തിന്‍റെ കരയ്ക്കിറിങ്ങി അവിടെ മൂന്നുനാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊൻ എന്ന പട്ടണത്തിൽ എത്തി. 13ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി. 14അവിടെ ചില സഹോദരന്മാരെ കണ്ടു, തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി. 15അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും#28:15 അപ്യപുരവും ത്രിമണ്ഡപവും അപ്യപുരം, റോമിൽനിന്നും 64 കി. മീ. ദൂരെയും ത്രിമണ്ഡപം 45 കി. മീ. ദൂരെയും ആയിരുന്നു. വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു.
16റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
റോമിലെ യഹൂദന്മാരോട് പൗലൊസ് സാക്ഷ്യം പറയുന്നു
17മൂന്നു ദിവസം കഴിഞ്ഞിട്ട് അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോട് പറഞ്ഞത്: “സഹോദരന്മാരേ, ഞാൻ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്ന് ബദ്ധനായി റോമാക്കാരുടെ കയ്യിൽ ഏല്പിച്ചു. 18അവർ വിസ്തരിച്ചപ്പോൾ മരണയോഗ്യമായത് ഒന്നും എന്നിൽ കാണാത്തതുകൊണ്ട് എന്നെ വിട്ടയപ്പാൻ അവർ ആഗ്രഹിച്ചിരുന്നു. 19എന്നാൽ അവരുടെ ആഗ്രഹത്തിന് യെഹൂദന്മാർ എതിർപറഞ്ഞതുകൊണ്ട്; എന്‍റെ ജാതിക്കെതിരെ അന്യായം ബോധിപ്പിക്കുവാൻ എനിക്ക് യാതൊന്നും ഇല്ലെങ്കിലും ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു. 20ഇതു മുഖാന്തരം നിങ്ങളെ കണ്ടു സംസാരിക്കേണം എന്നു വിചാരിച്ച് ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്‍റെ ദൃഢവിശ്വാസത്തിനുവേണ്ടിയാകുന്നു ഞാൻ ഈ ചങ്ങലയാൽ ബന്ധിയ്ക്കപ്പെട്ടിരിക്കുന്നത്.”
21അവർ അവനോട്: “നിന്‍റെ സംഗതിയ്ക്ക് യെഹൂദ്യയിൽനിന്ന് ഞങ്ങൾക്ക് എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്ന് നിന്നെക്കുറിച്ച് യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല. 22എങ്കിലും എല്ലായിടത്തും ഈ വിഭാഗം ജനങ്ങൾക്ക് വിരോധമായി സംസാരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നതുകൊണ്ട് നിന്‍റെ വിശ്വാസം ഇന്നത് എന്നു നീ തന്നെ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
23ഒരു ദിവസം നിശ്ചയിച്ചിട്ട് അനേകർ അവന്‍റെ പാർപ്പിടത്തിൽ അവന്‍റെ അടുക്കൽ വന്നു; അവൻ അവരോട് ദൈവരാജ്യത്തിന് സാക്ഷ്യം പറഞ്ഞു, മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവർ വിശ്വസിക്കാൻ തക്കവണ്ണം രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു. 24അവൻ പറഞ്ഞത് ചിലർ സമ്മതിച്ചു; മറ്റുള്ളവർ വിശ്വസിച്ചില്ല. 25അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാൽ: പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോട് പറഞ്ഞിരിക്കുന്നത് ശരിതന്നെ,
26“‘നിങ്ങൾ ചെവികൊണ്ട് കേട്ടിട്ടും ഗ്രഹിക്കാതിരിക്കും;
കണ്ണുകൊണ്ട് കണ്ടിട്ടും കാണാതിരിക്കും;
കണ്ണുകൊണ്ട് കാണാതെയും ചെവികൊണ്ട് കേൾക്കാതെയും
ഹൃദയംകൊണ്ട് ഗ്രഹിച്ച് മനന്തിരിയാതെയും.
27ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന്
ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു.
അവരുടെ ചെവി കേൾക്കുവാൻ മന്ദമായിരിക്കുന്നു;
അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്നു
ഈ ജനത്തിന്‍റെ അടുക്കൽ പോയി പറക’
എന്നിങ്ങനെ തന്നെ.”
28ആകയാൽ ദൈവം തന്‍റെ ഈ രക്ഷ ജനതകൾക്ക് അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ. 29പൗലൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ യെഹൂദന്മാർ അന്യോന്യം ഉച്ചത്തിൽ വാദകോലാഹലം മുഴക്കിക്കൊണ്ട് അവിടം വിട്ടിറങ്ങിപ്പോയി.
30അവൻ സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ടു വർഷം മുഴുവൻ താമസിച്ച്, തന്‍റെ അടുക്കൽ വരുന്നവരെ ഒക്കെയും സ്വീകരിച്ചു. 31പൂർണ്ണ പ്രാഗത്ഭ്യത്തോടെ യാതൊരു വിഘ്നവും കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 28: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.