അപ്പൊ. പ്രവൃത്തികൾ 28:11-16
അപ്പൊ. പ്രവൃത്തികൾ 28:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളൊരു അലെക്സന്ത്രിയ കപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസയിൽ കരയ്ക്കിറങ്ങി മൂന്നു നാൾ പാർത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കൻകാറ്റ് അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി. അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു. റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
അപ്പൊ. പ്രവൃത്തികൾ 28:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മൂന്നു മാസം കഴിഞ്ഞ് ഒരു അലക്സാന്ത്രിയൻ കപ്പലിൽ ഞങ്ങൾ പുറപ്പെട്ടു. അശ്വനീദേവന്മാരുടെ മുദ്രയുള്ള ആ കപ്പൽ മാൾട്ടാദ്വീപിൽ അടുത്ത് ശീതകാലം കഴിച്ചുകൂട്ടുകയായിരുന്നു. ഞങ്ങൾ സിറക്കൂസയിലെത്തി മൂന്നു ദിവസം അവിടെ പാർത്തു. അവിടെനിന്നു ഞങ്ങൾ ചുറ്റിയോടി രഗ്യോനിൽ എത്തി. ഒരു ദിവസം കഴിഞ്ഞ് തെക്കൻ കാറ്റടിച്ചതിനാൽ പിറ്റേദിവസം പുത്യൊലിയിൽ എത്തി. അവിടെവച്ച് ചില ക്രൈസ്തവസഹോദരന്മാരെ ഞങ്ങൾ കണ്ടുമുട്ടി. ഒരാഴ്ച തങ്ങളോടുകൂടി താമസിക്കുന്നതിന് അവർ ഞങ്ങളെ ക്ഷണിച്ചു. പിന്നീട് ഞങ്ങൾ റോമിലെത്തി. അവിടത്തെ സഹോദരന്മാർ ഞങ്ങളെപ്പറ്റി കേട്ടിട്ട്, ഞങ്ങളെ എതിരേല്‌ക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലൊസ് ദൈവത്തിനു നന്ദി പറയുകയും ധൈര്യപ്പെടുകയും ചെയ്തു. ഞങ്ങൾ റോമിലെത്തിയശേഷം കാവൽ പടയാളികളോടുകൂടി തനിച്ചു പാർക്കുവാൻ പൗലൊസിന് അനുവാദം കിട്ടി.
അപ്പൊ. പ്രവൃത്തികൾ 28:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മൂന്നുമാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ച് കിടന്നിരുന്ന സിയുസ് ദേവന്‍റെ ഇരട്ടമക്കളുടെ ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസ് പട്ടണത്തിന്‍റെ കരയ്ക്കിറിങ്ങി അവിടെ മൂന്നുനാൾ പാർത്തു; അവിടെനിന്ന് ഓടി രേഗ്യൊൻ എന്ന പട്ടണത്തിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ട് തെക്കൻ കാറ്റ് അടിച്ചതിനാൽ രണ്ടാംദിവസം ഞങ്ങൾ പുത്യൊലി പട്ടണത്തിൽ എത്തി. അവിടെ ചില സഹോദരന്മാരെ കണ്ടു, തങ്ങളോടുകൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമിൽ എത്തി. അവിടുത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റുവന്നു; അവരെ കണ്ടിട്ട് പൗലൊസ് ദൈവത്തെ വാഴ്ത്തുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു. റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ട് പാർപ്പാൻ പൗലൊസിന് അനുവാദം കിട്ടി.
അപ്പൊ. പ്രവൃത്തികൾ 28:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു, സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാർത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി. ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി. അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി. അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു. റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാർപ്പാൻ പൗലൊസിന്നു അനുവാദം കിട്ടി.
അപ്പൊ. പ്രവൃത്തികൾ 28:11-16 സമകാലിക മലയാളവിവർത്തനം (MCV)
മൂന്നുമാസത്തിനുശേഷം, ആ ദ്വീപിൽ ശീതകാലം കഴിയുന്നതുവരെ നങ്കൂരമടിച്ചു കിടന്നിരുന്ന അശ്വനിചിഹ്നമുള്ള ഒരു അലെക്സന്ത്രിയൻ കപ്പലിൽ ഞങ്ങൾ കയറി യാത്രപുറപ്പെട്ടു. ഞങ്ങൾ സുറക്കൂസയിലെത്തി മൂന്നുദിവസം അവിടെ താമസിച്ചു. അവിടെനിന്നു യാത്രതിരിച്ച് രെഗ്യമിൽ എത്തി. പിറ്റേന്ന് തെക്കൻകാറ്റു വീശിയതിനാൽ അതിന്റെ അടുത്തദിവസം ഞങ്ങൾ പുത്തെയൊലിയിൽ എത്തി. അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി. അവിടെയുള്ള സഹോദരങ്ങൾ, ഞങ്ങൾ വരുന്നെന്നു കേട്ടിരുന്നു; അവർ ഞങ്ങളെ സ്വീകരിക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലോസ് ദൈവത്തിനു സ്തോത്രംചെയ്ത് ധൈര്യംപൂണ്ടു. ഞങ്ങൾ റോമിലെത്തിയശേഷം പൗലോസിന്, പടയാളികളുടെ കാവലിൽ വേറിട്ടു താമസിക്കാൻ അനുവാദം കിട്ടി.