അപ്പൊ. പ്രവൃത്തികൾ 26:12-32
അപ്പൊ. പ്രവൃത്തികൾ 26:12-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്കു ഞാൻ വഴിയിൽ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിനു കർത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു. അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തിന് അനുസരണക്കേടു കാണിക്കാതെ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്ന് പ്രസംഗിച്ചു. ഇതുനിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നില്ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞുപോരുകയും ചെയ്യുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറേയൊന്നും ഞാൻ പറയുന്നില്ല. ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു. അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗല്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്കു നിശ്ചയമുണ്ട്; അത് ഒരു കോണിൽ നടന്നതല്ല. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാൻ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൗലൊസിനോട്: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. അതിനു പൗലൊസ്: നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്ന് ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറിനിന്നു: ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് തമ്മിൽ പറഞ്ഞു. കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 26:12-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാൻ ദമാസ്കസിലേക്കു പോയത്. അല്ലയോ രാജാവേ, മാർഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയും ചെയ്തു. ‘കർത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ഉടനെ കർത്താവ് അരുൾചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റ് നിവർന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദർശിച്ചു എന്നതിനും, ഇനിയും ഞാൻ നിനക്കു കാണിച്ചു തരുവാൻ പോകുന്ന കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ, എന്റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാൻ നിനക്കു പ്രത്യക്ഷനായത്. ഇസ്രായേൽജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറന്ന് ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവർ പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തിൽ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്. “അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വർഗീയദർശനത്തെ ഞാൻ അനുസരിക്കുക മാത്രമാണു ചെയ്തത്. എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാൻ പ്രസംഗിച്ചു. ഇക്കാരണത്താലാണ് യെഹൂദന്മാർ ദേവാലയത്തിൽവച്ച് എന്നെ പിടിച്ചു വധിക്കുവാൻ ഉദ്യമിച്ചത്. ഇന്നുവരെ ദൈവത്തിന്റെ സഹായം എനിക്കു ലഭിച്ചു. അതുകൊണ്ടു വലിയവരോടും ചെറിയവരോടും ഒരുപോലെ ഇവിടെ നിന്നുകൊണ്ട് എന്റെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കണമെന്നും, അവിടുന്നു മരിച്ചവരിൽനിന്ന് ആദ്യമായി പുനരുത്ഥാനം ചെയ്ത് സ്വജാതീയർക്കും വിജാതീയർക്കും രക്ഷയുടെ ഉദയം വിളംബരം ചെയ്യുമെന്നും മോശയും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ പറയുന്നില്ല.” പൗലൊസ് ഇപ്രകാരം പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു: “പൗലൊസേ, നിങ്ങൾക്കു ഭ്രാന്താണ്; അമിതവിജ്ഞാനം നിങ്ങളെ ഭ്രാന്തുപിടിപ്പിച്ചിരിക്കുന്നു.” എന്നാൽ പൗലൊസ് പ്രതിവചിച്ചു: “ബഹുമാന്യനായ ഫെസ്തോസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നതു സത്യവും സമചിത്തതയോടു കൂടിയതും ആകുന്നു. അങ്ങേക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. അതുകൊണ്ടു ഞാൻ സധൈര്യം അങ്ങയോടു പറയുന്നു: ഈ കാര്യങ്ങളൊന്നും അങ്ങയുടെ ശ്രദ്ധയിൽ പെടാതിരുന്നിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്. എന്തെന്നാൽ ഇവയൊന്നും വല്ല മുക്കിലോ മൂലയിലോ വച്ചു നടന്ന സംഭവങ്ങളല്ല. അല്ലയോ അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നുണ്ടെന്ന് എനിക്കറിയാം.” അപ്പോൾ രാജാവ് പൗലൊസിനോടു പറഞ്ഞു: “അല്പസമയംകൊണ്ട് താങ്കൾ എന്നെയും ഒരു ക്രിസ്ത്യാനിയാകുവാൻ പ്രേരിപ്പിക്കുന്നു.” പൗലൊസ് പറഞ്ഞു: “അങ്ങു മാത്രമല്ല, ഇന്ന് എന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന എല്ലാവരും, ചുരുങ്ങിയ സമയംകൊണ്ടായാലും ദീർഘസമയംകൊണ്ടായാലും, ഈ ബന്ധനം ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും എന്നെപ്പോലെയാകണമെന്നത്രേ ദൈവത്തോടുള്ള എന്റെ പ്രാർഥന.” അപ്പോൾ രാജാവും ഗവർണറും ബെർന്നീക്കയും മറ്റുള്ള എല്ലാവരും എഴുന്നേറ്റു. അവർ അല്പം മാറിനിന്ന് അന്യോന്യം പറഞ്ഞു: “വധശിക്ഷയോ തടവോ അർഹിക്കുന്നതൊന്നും ഇയാൾ ചെയ്തിട്ടില്ല.” അഗ്രിപ്പാരാജാവു ഫെസ്തൊസിനോടു പറഞ്ഞു: “ഇയാൾ കൈസറുടെ അടുക്കൽ മേൽവിചാരണയ്‍ക്ക് അപേക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഇയാളെ വിട്ടയയ്‍ക്കാമായിരുന്നു.”
അപ്പൊ. പ്രവൃത്തികൾ 26:12-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിൻ്റെ നേരെ എതിരിടുന്നത് നിനക്കു പ്രയാസം ആകുന്നു’ എന്നു എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ; എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്കു പ്രത്യക്ഷനായി. യെഹൂദാജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു. “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന് അനുസരണക്കേട് കാണിക്കാതെ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിഞ്ഞ് മാനസാന്തരത്തിന് യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. ഇത് നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവച്ച് എന്നെ പിടിച്ച് കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞ് പോരുകയും ചെയ്യുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി, യഹൂദജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കുകയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ച് പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.” പൗലോസ് ഇങ്ങനെ പ്രതിവാദിച്ചപ്പോൾ ഫെസ്തൊസ്: “പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു” എന്നു ഉറക്കെ പറഞ്ഞു. അതിന് പൗലൊസ്: “അതിവിശിഷ്ടനായ ഫെസ്തൊസേ, എനിക്ക് ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്. രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവനു ഇത് ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്ക് നിശ്ചയമുണ്ട്; കാരണം അത് രഹസ്യമായി നടന്നതല്ല. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. അഗ്രിപ്പാ പൗലൊസിനോട്: “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പസമയംകൊണ്ട് സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു. അതിന് പൗലൊസ്: “നീ മാത്രമല്ല, ഇന്ന് എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റ് മാറിനിന്നു. അവർ ആ മുറിവിട്ട് പോകുമ്പോൾ: “ഈ മനുഷ്യൻ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല” എന്നു തമ്മിൽ പറഞ്ഞു. “കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു” എന്നു അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 26:12-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു. അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗ്ഗീയദർശനത്തിന്നു അനുസരണക്കേടു കാണിക്കാതെ ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു. ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല. ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. അതിന്നു പൗലൊസ്: നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ രാജാവും ദേശാധിപതിയും ബെർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു: ഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു. കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 26:12-32 സമകാലിക മലയാളവിവർത്തനം (MCV)
“അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു. “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’ “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു. ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.” പൗലോസ് ഇങ്ങനെ പ്രതിവാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു, “പൗലോസേ, നിനക്കു ഭ്രാന്താണ്. നിന്റെ വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.” അതിനു പൗലോസ്: “ബഹുമാന്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നത് സത്യവും യുക്തിസഹവുമാണ്. രാജാവിന് ഈ കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടു സ്വതന്ത്രമായി സംസാരിക്കാം. ഇത് ഏതോ ഒരു കോണിൽ നടന്ന കാര്യമല്ല. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നോ? വിശ്വസിക്കുന്നെന്ന് എനിക്കറിയാം.” അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു. അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു. രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു. അവർ മുറി വിട്ടുപോകുമ്പോൾ, “ഈ മനുഷ്യൻ മരണത്തിനോ തടവിനോ അർഹമായതൊന്നും ചെയ്തിട്ടില്ല” എന്നു പരസ്പരം പറഞ്ഞു. അഗ്രിപ്പാ ഫെസ്തൊസിനോട്, “ഇയാൾ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ ഇയാളെ വിട്ടയയ്ക്കാമായിരുന്നു” എന്നു പറഞ്ഞു.