അപ്പൊ. പ്രവൃത്തികൾ 23:12-22

അപ്പൊ. പ്രവൃത്തികൾ 23:12-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികം പേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പേ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോട് അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു. അതിന് അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചുപോകരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപൻ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 23:12-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നേരം വെളുത്തപ്പോൾ യെഹൂദന്മാർ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങൾ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു. ഈ ഗൂഢാലോചനയിൽ നാല്പതിൽപരം ആളുകൾ ഉൾപ്പെട്ടിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങൾ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സർവാത്മനാ ശപഥം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളും സന്നദ്രിംസംഘവും ചേർന്ന്, അയാളുടെ കാര്യം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തിൽ, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാൻ സഹസ്രാധിപനോട് അഭ്യർഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാൻ ഞങ്ങൾ തയ്യാറാണ്.” ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്റെ സഹോദരീപുത്രന് അറിവുകിട്ടി. അയാൾ പാളയത്തിൽ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു. പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാൾക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു. ശതാധിപൻ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്റെ അടുത്തുചെന്ന്, “ഇയാൾക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു. സൈന്യാധിപൻ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. അയാൾ പറഞ്ഞു: “പൗലൊസിനെ കൂടുതൽ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തിൽ, നാളെ സന്നദ്രിംസംഘത്തിന്റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യർഥിക്കുവാൻ യെഹൂദന്മാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അങ്ങ് അതിനു വഴങ്ങരുത്; അവരിൽ നാല്പതിൽപരം ആളുകൾ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുകയാണ്. ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു.

അപ്പൊ. പ്രവൃത്തികൾ 23:12-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്‍റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ച് പൗലോസിന്‍റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകേണം” എന്ന പറഞ്ഞു. ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപൻ്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്നു രഹസ്യമായി ചോദിച്ചു. അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ സമ്മതം കിട്ടും എന്നു ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു. “നീ ഇത് എന്നോട് അറിയിച്ചു എന്നു ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 23:12-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ചു പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോടു അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു. അതിന്നു അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ചു അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൗവനക്കാരനെ പറഞ്ഞയച്ചു.

അപ്പൊ. പ്രവൃത്തികൾ 23:12-22 സമകാലിക മലയാളവിവർത്തനം (MCV)

പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു. എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു. അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു. ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു. സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു. “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു.