അപ്പൊ. പ്രവൃത്തികൾ 23:11-35
അപ്പൊ. പ്രവൃത്തികൾ 23:11-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു. നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികം പേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പേ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോട് അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു. അതിന് അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചുപോകരുത്; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപൻ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു. പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടു പേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണി നേരത്ത് കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ. പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോടെ എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്ന് കല്പിച്ചു. താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി: ക്ലൌദ്യൊസ് ലൂസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് വന്ദനം. ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്ന് അറിഞ്ഞ് ഞാൻ പട്ടാളത്തോടുംകൂടെ നേരിട്ടുചെന്ന് അവനെ വിടുവിച്ചു. അവന്റെമേൽ കുറ്റംചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു. എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നുമില്ല എന്നു കണ്ടു. അനന്തരം ഈ പുരുഷന്റെ നേരേ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നു തുമ്പു കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരേയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ. പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു, പിറ്റന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്ക് മടങ്ങിപ്പോന്നു. മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് എഴുത്തു കൊടുത്തു പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി. അവൻ എഴുത്തു വായിച്ചിട്ട് ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ: വാദികളുംകൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞ് ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 23:11-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു രാത്രിയിൽ കർത്താവ് പൗലൊസിന്റെ അടുക്കൽ വന്ന്: “ധൈര്യമുള്ളവനായിരിക്കുക; നീ യെരൂശലേമിൽ എനിക്കു സാക്ഷ്യം വഹിച്ചതുപോലെ റോമിലും സാക്ഷ്യം വഹിക്കേണ്ടതാകുന്നു” എന്ന് അരുൾചെയ്തു. നേരം വെളുത്തപ്പോൾ യെഹൂദന്മാർ ഒരു ഗൂഢാലോചന നടത്തി. പൗലൊസിനെ വധിക്കുന്നതുവരെ തങ്ങൾ എന്തെങ്കിലും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ശപഥം ചെയ്തു. ഈ ഗൂഢാലോചനയിൽ നാല്പതിൽപരം ആളുകൾ ഉൾപ്പെട്ടിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും ജനപ്രമുഖന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: “പൗലൊസിനെ വധിക്കുന്നതുവരെ ഞങ്ങൾ യാതൊന്നും ഭക്ഷിക്കുകയില്ലെന്നു സർവാത്മനാ ശപഥം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളും സന്നദ്രിംസംഘവും ചേർന്ന്, അയാളുടെ കാര്യം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുവാനെന്ന ഭാവത്തിൽ, അയാളെ നിങ്ങളുടെ അടുക്കലേക്ക് ഇറക്കിക്കൊണ്ടുവരുവാൻ സഹസ്രാധിപനോട് അഭ്യർഥിക്കുക. ഇവിടെയെത്തുന്നതിനു മുമ്പ് അയാളുടെ കഥ കഴിക്കുവാൻ ഞങ്ങൾ തയ്യാറാണ്.” ഈ പതിയിരിപ്പിനെപ്പറ്റി പൗലൊസിന്റെ സഹോദരീപുത്രന് അറിവുകിട്ടി. അയാൾ പാളയത്തിൽ ചെന്നു പൗലൊസിനോടു വിവരം പറഞ്ഞു. പൗലൊസ് ഒരു ശതാധിപനെ വിളിച്ച്, “ഇയാൾക്ക് സഹസ്രാധിപനോട് എന്തോ പറയാനുണ്ട്; അതുകൊണ്ട് ഇയാളെ അദ്ദേഹത്തിന്റെ അടുക്കലേക്കു കൊണ്ടുപോകണം” എന്നു പറഞ്ഞു. ശതാധിപൻ അയാളെ കൂട്ടിക്കൊണ്ട് സഹസ്രാധിപന്റെ അടുത്തുചെന്ന്, “ഇയാൾക്ക് അങ്ങയോട് എന്തോ പറയാനുണ്ട് എന്നു തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു പറഞ്ഞു” എന്നറിയിച്ചു. സൈന്യാധിപൻ അയാളെ കൈക്കുപിടിച്ചു മാറ്റി നിറുത്തിക്കൊണ്ട്, “എന്നോട് എന്താണു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. അയാൾ പറഞ്ഞു: “പൗലൊസിനെ കൂടുതൽ സൂക്ഷ്മമായി വിസ്തരിക്കുവാനെന്ന ഭാവത്തിൽ, നാളെ സന്നദ്രിംസംഘത്തിന്റെ മുമ്പാകെ കൊണ്ടുചെല്ലുന്നതിനുവേണ്ടി അങ്ങയോട് അഭ്യർഥിക്കുവാൻ യെഹൂദന്മാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അങ്ങ് അതിനു വഴങ്ങരുത്; അവരിൽ നാല്പതിൽപരം ആളുകൾ അദ്ദേഹത്തെ കൊല്ലുന്നതുവരെ യാതൊന്നും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്യുകയില്ലെന്നു ദൃഢപ്രതിജ്ഞ ചെയ്തു പതിയിരിക്കുന്നുണ്ട്. അങ്ങയുടെ അനുവാദം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുകയാണ്. ഈ വിവരം തന്നെ അറിയിച്ചത് ആരോടും പറയരുതെന്ന് ആജ്ഞാപിച്ചശേഷം അദ്ദേഹം അയാളെ വിട്ടയച്ചു. പിന്നീട് സൈന്യാധിപൻ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് “ഇന്നുരാത്രി ഒൻപതു മണിക്കു കൈസര്യയിലേക്കു പോകുന്നതിന് ഇരുനൂറു പടയാളികളെയും അവരോടൊപ്പം എഴുപതു കുതിരപ്പടയാളികളെയും ഇരുനൂറു കുന്തക്കാരെയും തയ്യാറാക്കുക. പൗലൊസിന്റെ യാത്രയ്‍ക്ക് ആവശ്യമുള്ള കുതിരകളെയും നല്‌കണം; അങ്ങനെ അദ്ദേഹത്തെ ഗവർണർ ഫെലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കണം” എന്ന് ആജ്ഞാപിച്ചു. താഴെപ്പറയുന്ന പ്രകാരം ഒരു കത്തും അദ്ദേഹമെഴുതി: ക്ലൗദ്യോസ് ലുസിയാസ്, അഭിവന്ദ്യനായ ഗവർണർ ഫെലിക്സിന് എഴുതുന്നത്: അങ്ങേക്ക് എന്റെ അഭിവാദനങ്ങൾ! ഈ മനുഷ്യനെ യെഹൂദന്മാർ പിടിച്ചു വധിക്കുവാൻ ഭാവിച്ചപ്പോൾ, ഇയാൾ ഒരു റോമാപൗരനാണെന്നറിഞ്ഞ്, ഞാൻ പട്ടാളക്കാരോടുകൂടി ചെന്ന് ഇയാളെ രക്ഷിച്ചു. അവർ ആരോപിച്ച കുറ്റം എന്താണെന്ന് അറിയുവാനുള്ള ആഗ്രഹത്തോടെ, അവരുടെ സന്നദ്രിംസംഘത്തിന്റെ മുമ്പിൽ ഞാൻ ഇയാളെ കൊണ്ടുചെന്നു. അവരുടെ ധർമശാസ്ത്രം സംബന്ധിച്ച പ്രശ്നങ്ങളുടെ പേരിലാണ് ഇയാളുടെമേൽ കുറ്റം ചുമത്തിയിരുന്നതെന്നും, വധശിക്ഷയ്‍ക്കോ തടവിനോ അർഹമായ കുറ്റമൊന്നും ഇയാൾ ചെയ്തിട്ടില്ലെന്നും എനിക്കു ബോധ്യമായി. ഇയാൾക്കെതിരെ അവർ ഗൂഢാലോചന നടത്തുന്നുവെന്ന് എനിക്ക് അറിവുകിട്ടിയ ക്ഷണത്തിൽത്തന്നെ ഞാൻ ഇയാളെ അങ്ങയുടെ അടുക്കലേക്ക് അയയ്‍ക്കുകയാണ്. ഇയാൾക്ക് എതിരെ പരാതിക്കാർക്കു പറയാനുള്ളത് അങ്ങയുടെ അടുക്കൽ ബോധിപ്പിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യാധിപന്റെ ഉത്തരവനുസരിച്ച്, പടയാളികൾ രാത്രിയിൽത്തന്നെ പൗലൊസിനെ കൂട്ടിക്കൊണ്ട് അന്തിപ്പത്രിസ് വരെയെത്തി. പിറ്റേദിവസം കുതിരപ്പടയാളികളെ മാത്രം അദ്ദേഹത്തിന്റെകൂടെ അയച്ചശേഷം മറ്റുള്ളവർ പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ കൈസര്യയിലെത്തി ഗവർണർക്കു കത്തു സമർപ്പിച്ചശേഷം പൗലൊസിനെ അദ്ദേഹത്തിന്റെ മുമ്പിൽ ഹാജരാക്കി. എഴുത്തു വായിച്ചിട്ട് പൗലൊസ് ഏതു സംസ്ഥാനക്കാരനാണെന്നു ഗവർണർ ചോദിച്ചു. കിലിക്യക്കാരൻ എന്നറിഞ്ഞപ്പോൾ “വാദികൾകൂടി വന്നിട്ടു വിസ്തരിക്കാം” എന്നു പറഞ്ഞ് പൗലൊസിനെ ഹേരോദായുടെ ആസ്ഥാനത്തു സൂക്ഷിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു.
അപ്പൊ. പ്രവൃത്തികൾ 23:11-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷിയായതുപോലെ റോമയിലും സാക്ഷിയാകേണ്ടതാകുന്നു” എന്നു അരുളിച്ചെയ്തു. പ്രഭാതമായപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ച് പൗലൊസിനെ കൊന്നുകളയുന്നതുവരെ ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഇങ്ങനെ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: “ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ഭക്ഷിക്കുകയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മതയോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിക്കുവിൻ; എന്നാൽ അവൻ ഇവിടെ എത്തുംമുമ്പെ ഞങ്ങൾ അവനെ കൊന്നുകളയുവാൻ ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ച് പൗലോസിന്‍റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്ന് പൗലൊസിനോട് വസ്തുതകൾ അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുവനെ വിളിച്ച്: “ഈ യൗവനക്കാരന് സഹസ്രാധിപനോട് ഒരു കാര്യം അറിയിക്കുവാനുള്ളതിനാൽ അവനെ അങ്ങോട്ട് കൊണ്ടുപോകേണം” എന്ന പറഞ്ഞു. ശതാധിപന്മാരിൽ ഒരുവൻ യൗവനക്കാരനെ കൂട്ടി സഹസ്രാധിപൻ്റെ അടുക്കൽ കൊണ്ടുചെന്ന്: “തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോട് അപേക്ഷിച്ചു” എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈയ്ക്ക് പിടിച്ച് സ്വകാര്യസ്ഥലത്തേക്ക് മാറിനിന്ന്: “എന്നോട് ബോധിപ്പിക്കുവാനുള്ളത് എന്ത്?” എന്നു രഹസ്യമായി ചോദിച്ചു. അതിന് അവൻ: “യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കണമെന്നുള്ള വ്യാജഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിക്കുവാൻ ഒത്തുകൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ച് പൗലൊസിനെ വിട്ടുകൊടുക്കരുത്; അവരിൽ നാല്പതിൽ അധികംപേർ അവനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിയ്ക്കുകയോ ചെയ്കയില്ല എന്നു ശപഥംചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ സമ്മതം കിട്ടും എന്നു ആശിച്ച് അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു” എന്നു പറഞ്ഞു. “നീ ഇത് എന്നോട് അറിയിച്ചു എന്നു ആരോടും പറയരുത്” എന്നു സഹസ്രാധിപൻ കല്പിച്ചു, യൗവനക്കാരനെ പറഞ്ഞയച്ചു. പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: “ഈ രാത്രിയിൽ മൂന്നാം മണിനേരത്ത് കൈസര്യയ്ക്ക് പോകുവാൻ ഇരുനൂറ് പടയാളികളെയും എഴുപത് കുതിരച്ചേവകരെയും ഇരുനൂറ് കുന്തക്കാരെയും ഒരുക്കുവിൻ. പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിൻ്റെ അടുക്കൽ ക്ഷേമത്തോടെ എത്തിക്കുവാൻ മൃഗവാഹനങ്ങളെയും സജ്ജീകരിപ്പിൻ” എന്നു കല്പിച്ചു. താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി. “ശ്രേഷ്ഠനായ രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് ക്ലൗദ്യൊസ് ലുസിയാസ് വന്ദനം ചൊല്ലുന്നു. ഈ പുരുഷനെ യെഹൂദന്മാർ പിടിച്ച് കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമാപൗരൻ എന്നു അറിഞ്ഞ് ഞാൻ പട്ടാളത്തോടുകൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു. അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു. എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ തടവുശിക്ഷക്കോ യോഗ്യമായത് ഒന്നും ഇല്ല എന്നു കണ്ടു. അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നുള്ള ഗൂഢാലോചനയെപ്പറ്റി അറിവ് കിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം ദേശാധിപതിയുടെ സാന്നിദ്ധ്യത്തിൽ ബോധിപ്പിക്കുവാൻ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.” പടയാളികൾ അവരുടെ കല്പനകൾ അനുസരിച്ചു പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു, പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ച് പടയാളികൾ കോട്ടയിലേക്ക് മടങ്ങിപ്പോന്നു. മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്ക് കത്ത് കൊടുത്ത് പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി. അവൻ കത്ത് വായിച്ചിട്ട് ഏത് സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ: “വാദികളും കൂടെ വന്നുചേരുമ്പോൾ നിന്നെ വിസ്തരിക്കാം” എന്നു പറഞ്ഞ് ഹെരോദാവിൻ്റെ കൊട്ടാരത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 23:11-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു. നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു. ഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു. അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവന്റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. ഈ പതിയിരിപ്പിനെക്കുറിച്ചു പൗലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൗലൊസിനോടു അറിയിച്ചു. പൗലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരന്നു സഹസ്രാധിപനോടു ഒരു കാര്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു. അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു. സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാര്യമായി ചോദിച്ചു. അതിന്നു അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ചു അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു. നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു. നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൗവനക്കാരനെ പറഞ്ഞയച്ചു. പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസര്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ. പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു. താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി: ക്ലൗദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം. ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൗരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു. അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു. എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തർക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു. അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ. പടയാളികൾ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു, പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു. മറ്റവർ കൈസര്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൗലൊസിനെയും അവന്റെ മുമ്പിൽ നിർത്തി. അവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ: വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 23:11-35 സമകാലിക മലയാളവിവർത്തനം (MCV)
ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു. പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു. ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു. അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു. എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു. അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു. ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു. സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു. “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു. അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക. പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.” അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി: അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ. ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി. അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു. അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി. അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു. പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി. കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി. ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്, “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.