അപ്പൊ. പ്രവൃത്തികൾ 21:18-40
അപ്പൊ. പ്രവൃത്തികൾ 21:18-40 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയിൽകൂടി വിജാതീയരുടെ ഇടയിൽ ദൈവം ചെയ്ത കാര്യങ്ങൾ പൗലൊസ് ഓരോന്നായി വിവരിച്ചു. അതുകേട്ടപ്പോൾ അവർ ദൈവത്തെ സ്തുതിച്ചു; അവർ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വാസികളായിത്തീർന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധർമശാസ്ത്രത്തിന്റെ അനുഷ്ഠാനത്തിൽ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. കുട്ടികളെ പരിച്ഛേദനകർമത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, അവരെ താങ്കൾ ഉപദേശിക്കുന്നതായി ഇവിടെയുള്ളവർ കേട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എന്താണു ചെയ്യുക? താങ്കൾ വന്നിരിക്കുന്ന വിവരം അവർ നിശ്ചയമായും അറിയും; അതുകൊണ്ട് ഞങ്ങളുടെ നിർദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാർ ഇവിടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകർമത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താൽ താങ്കളെപ്പറ്റി അവർ കേട്ടതിൽ കഥയൊന്നുമില്ലെന്നും, താങ്കൾ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവർക്കും ബോധ്യമാകും. വിശ്വാസികളായിത്തീർന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുർമാർഗവും വർജിച്ചാൽ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ. അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകർമത്തിനു വിധേയനായി. അവർക്ക് ഓരോരുത്തർക്കുംവേണ്ട വഴിപാട് അർപ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങൾ എന്നു പൂർത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു. ആ ഏഴു ദിവസം പൂർത്തിയാകാറായപ്പോൾ, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാർ ദേവാലയത്തിൽവച്ച് അദ്ദേഹത്തെ കണ്ടു. “ഇസ്രായേൽപുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധർമശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിൽ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവർ ജനങ്ങളെ ഇളക്കിവിട്ടു. അവർ അദ്ദേഹത്തെ പിടിച്ചു. എഫെസൊസുകാരനായ ത്രോഫിമോസിനെ അവർ പൗലൊസിനോടുകൂടി നേരത്തെ നഗരത്തിൽവച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തിൽ പ്രവേശിപ്പിച്ചുകാണുമെന്ന് അവർ ഊഹിച്ചു. നഗരം ആകമാനം ഇളകി, ജനങ്ങൾ ഓടിക്കൂടി. അവർ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്റെ സഹസ്രാധിപന് അറിവു കിട്ടി. ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കൽ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലൊസിനെ മർദിക്കുന്നതു നിറുത്തി. സഹസ്രാധിപൻ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാൻ ഉത്തരവിട്ടു. ഇയാൾ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളിൽ ഒരു കൂട്ടർ ഒരു വിധത്തിലും മറ്റൊരു കൂട്ടർ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാൻ അദ്ദേഹം ആജ്ഞാപിച്ചു. പാളയത്തിന്റെ നടയ്‍ക്കരികിലെത്തിയപ്പോൾ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്റെ ബലാല്‌ക്കാരംമൂലം, പടയാളികൾക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. “അവനെ കൊന്നുകളയുക” എന്ന് ആൾക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു. പാളയത്തിൽ പ്രവേശിക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങൾ അങ്ങയോടു പറയുവാൻ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു. അപ്പോൾ സൈന്യാധിപൻ, “നിങ്ങൾക്കു ഗ്രീക്കറിയാം അല്ലേ? കുറേനാൾമുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവർത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങൾ? എന്നു ചോദിച്ചു. പൗലൊസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തർസൊസിൽ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാൻ അങ്ങ് അനുവദിച്ചാലും.” സഹസ്രാധിപൻ അനുവദിച്ചപ്പോൾ, പൗലൊസ് നടയിൽ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോൾ, അദ്ദേഹം എബ്രായഭാഷയിൽ ഇപ്രകാരം പ്രസ്താവിച്ചു
അപ്പൊ. പ്രവൃത്തികൾ 21:18-40 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിറ്റേന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്ന് അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട് . അവരെ കൂട്ടിക്കൊണ്ട് അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന് അവർക്കുവേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടത് ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തനുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് ബോധിപ്പിച്ചു. ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽനിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെയൊക്കെയും ഇളക്കി അവനെ പിടിച്ചു; യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിനും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി. അവർ മുമ്പേ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു. നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിനു പുറത്തേക്കിഴച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടച്ചുകളഞ്ഞു. അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേമൊക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപനു വർത്തമാനം എത്തി. അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരേ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി. സഹസ്രാധിപൻ അടുത്തുവന്ന് അവനെ പിടിച്ചു രണ്ടു ചങ്ങല വയ്പാൻ കല്പിച്ചു.; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു. പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചു കൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. പടിക്കെട്ടിന്മേൽ ആയപ്പോൾ: അവനെ കൊന്നുകളക എന്ന് ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു. കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്: എനിക്കു നിന്നോട് ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന് അവൻ: നിനക്കു യവനഭാഷ അറിയാമോ? കുറെനാൾ മുമ്പേ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു. അതിന് പൗലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൗരനായൊരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോട് ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിത്
അപ്പൊ. പ്രവൃത്തികൾ 21:18-40 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. പൗലോസ് അവരെ വന്ദനം ചെയ്തു, തന്റെ ശുശ്രൂഷയാൽ ദൈവം ജനതകളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു. എന്നാൽ മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ പഴയ ആചാരങ്ങൾ അനുസരിച്ചു നടക്കരുത് എന്നും നീ ജനതകളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞ് മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്നും അവർ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടെ നീയും നിന്നെത്തന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിനുള്ള ചെലവ് നീ ചെയ്ക; എന്നാൽ നിന്നെക്കുറിച്ച് കേട്ടത് വാസ്തവമല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ച് ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന യഹൂദരല്ലാത്തവരെ സംബന്ധിച്ചോ, അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു നിർദ്ദേശിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ.” അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ട് പിറ്റെന്നാൾ അവരോടുകൂടെ തന്നെയും ശുദ്ധിവരുത്തി; ദൈവാലയത്തിൽ ചെന്നു അവരിൽ ഓരോരുത്തനുവേണ്ടി വഴിപാട് കഴിക്കുവാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു. ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽനിന്ന് വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ട് പുരുഷാരത്തെ ഒക്കെയും പ്രകോപിപ്പിച്ച് അവനെ പിടിച്ച്: “യിസ്രായേൽ പുരുഷന്മാരേ, സഹായിക്കുവാൻ; ഇവൻ ആകുന്നു ജനത്തിനും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; മാത്രമല്ല അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം മലിനമാക്കി” എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. അവർ മുമ്പെ എഫെസ്യനായ ത്രൊഫിമൊസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു വിചാരിച്ചു. നഗരത്തിലുള്ള ജനങ്ങളെല്ലാം പ്രകോപിതരായി ഓടിക്കൂടി പൗലൊസിനെ പിടിച്ച് ദൈവാലയത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി; ഉടനെ വാതിലുകൾ അടച്ചുകളഞ്ഞു. അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലഹത്തിൽ ആയി എന്നു പട്ടാളത്തിന്‍റെ സഹസ്രാധിപന് വർത്തമാനം എത്തി. അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നത് നിർത്തി. സഹസ്രാധിപൻ അടുത്തുവന്ന് പൗലോസിനെ പിടിച്ച് അവനെ രണ്ടു ചങ്ങലകൊണ്ട് ബന്ധിയ്ക്കുവാൻ കല്പിച്ചു; അവൻ ആർ എന്നും എന്ത് ചെയ്തു? എന്നും ചോദിച്ചു. പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു; അങ്ങനെ അവരുടെ ബഹളം നിമിത്തം നിശ്ചയമായി ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്ക് കൊണ്ടുപോകുവാൻ കല്പിച്ചു. കോട്ടയുടെ പടിക്കെട്ടിന്മേൽ ആയപ്പോൾ: പുരുഷാരത്തിന്‍റെ ഉപദ്രവം പേടിച്ചിട്ട് പടയാളികൾ അവനെ എടുക്കേണ്ടിവന്നു. “അവനെ കൊന്നുകളക” എന്നു ആർത്തുകൊണ്ട് ജനസമൂഹം പിൻചെന്നുകൊണ്ടിരുന്നു. കോട്ടയിൽ കടക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട് യവനഭാഷയിൽ: “എനിക്ക് നിന്നോട് ഒരു വാക്ക് പറയാമോ?” എന്നു ചോദിച്ചു. അതിന് അവൻ: “നിനക്കു യവനഭാഷ അറിയാമോ? കുറേനാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കൊലയാളികളെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ?” എന്നു ചോദിച്ചു. അതിന് പൗലൊസ്: “ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധ നഗരത്തിലെ പൗരനായൊരു യെഹൂദൻ ആകുന്നു. ജനത്തോട് സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ട് ജനത്തോട് ആംഗ്യം കാട്ടി, അവർ പൂർണ്ണ നിശബ്ദരായ ശേഷം എബ്രായഭാഷയിൽ ഇപ്രകാരം വിളിച്ചുപറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 21:18-40 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിറ്റെന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു. ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു: യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി. അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു. നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു. അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി. അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി. സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു. പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു. പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു. കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ? കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു. അതിന്നു പൗലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൗരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു
അപ്പൊ. പ്രവൃത്തികൾ 21:18-40 സമകാലിക മലയാളവിവർത്തനം (MCV)
അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു. ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്. എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും. അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും. യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!” അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു. ആ ഏഴുദിവസം കഴിയാറായപ്പോൾ ഏഷ്യാപ്രവിശ്യയിൽനിന്നുള്ള ചില യെഹൂദർ പൗലോസിനെ ദൈവാലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി അദ്ദേഹത്തെ പിടികൂടി. “ഇസ്രായേൽജനമേ, ഞങ്ങളെ സഹായിക്കുക! നമ്മുടെ ജനങ്ങൾക്കും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നവൻ ഇയാളാണ്. മാത്രമല്ല, ഇയാൾ ഗ്രീക്കുകാരെ ദൈവാലയത്തിനുള്ളിൽ കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു!” എന്ന് അവർ വിളിച്ചുപറഞ്ഞു. എഫേസ്യനായ ത്രൊഫിമൊസിനെ അവർ നേരത്തേ നഗരത്തിൽവെച്ചു പൗലോസിനോടൊപ്പം കണ്ടിരുന്നു. പൗലോസ് അയാളെയും ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുമെന്ന് അവർ അനുമാനിച്ചു. നഗരം മുഴുവൻ ഇളകി; ജനങ്ങൾ ഓടിക്കൂടി. അവർ പൗലോസിനെ ദൈവാലയത്തിൽനിന്ന് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. ഉടൻതന്നെ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും ചെയ്തു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ജെറുശലേം നഗരം മുഴുവൻ ഇളകിമറിഞ്ഞിരിക്കുന്നെന്ന് റോമൻ സൈന്യാധിപന് അറിവുലഭിച്ചു. അയാൾ പെട്ടെന്നുതന്നെ ചില ശതാധിപന്മാരെയും സൈനികരെയും കൂട്ടിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു. സൈന്യാധിപനെയും പട്ടാളക്കാരെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിർത്തി. സൈന്യാധിപൻ ചെന്ന് പൗലോസിനെ അറസ്റ്റ് ചെയ്തു; അദ്ദേഹത്തെ പിടിച്ച് രണ്ടുചങ്ങലകൊണ്ടു ബന്ധിക്കാൻ കൽപ്പിച്ചു. അദ്ദേഹം ആരാണെന്നും എന്തു കുറ്റമാണു ചെയ്തതെന്നും അയാൾ ചോദിച്ചു. ജനക്കൂട്ടത്തിൽ ഓരോരുത്തരും ഓരോവിധത്തിൽ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ബഹളംനിമിത്തം സൈന്യാധിപനു സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെവന്നതുകൊണ്ട് പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ അയാൾ ആജ്ഞാപിച്ചു. പൗലോസ് ദൈവാലയത്തിന്റെ സോപാനത്തിൽ എത്തിയപ്പോഴേക്കും ജനക്കൂട്ടം വല്ലാതെ അക്രമാസക്തരായി; അതുകൊണ്ടു സൈനികർക്ക് അദ്ദേഹത്തെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു. അവരുടെ പിന്നാലെ ചെന്ന ജനസമൂഹം, “അവനെ കൊന്നുകളയുക, കൊന്നുകളയുക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ? കുറെനാൾമുമ്പ് ഒരു വിപ്ളവം തുടങ്ങുകയും നാലായിരം ഭീകരന്മാരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്റ്റുകാരനല്ലേ നിങ്ങൾ?” എന്നു ചോദിച്ചു. അപ്പോൾ പൗലോസ്, “ഞാൻ കിലിക്യാപ്രവിശ്യയിലെ തർസൊസിൽനിന്നുള്ള ഒരു യെഹൂദനാണ്; ഒട്ടും അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരൻ. ദയവായി ജനങ്ങളോടു സംസാരിക്കാൻ എന്നെ അനുവദിക്കേണം” എന്നു പറഞ്ഞു. സൈന്യാധിപന്റെ അനുമതി ലഭിച്ചപ്പോൾ പൗലോസ് സോപാനത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കുനേരേ ആംഗ്യംകാട്ടി; അവർ നിശ്ശബ്ദരായപ്പോൾ അദ്ദേഹം എബ്രായരുടെ ഭാഷയിൽ അവരോട് ഇങ്ങനെ പ്രഘോഷിച്ചു.