പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയിൽകൂടി വിജാതീയരുടെ ഇടയിൽ ദൈവം ചെയ്ത കാര്യങ്ങൾ പൗലൊസ് ഓരോന്നായി വിവരിച്ചു. അതുകേട്ടപ്പോൾ അവർ ദൈവത്തെ സ്തുതിച്ചു; അവർ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വാസികളായിത്തീർന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധർമശാസ്ത്രത്തിന്റെ അനുഷ്ഠാനത്തിൽ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. കുട്ടികളെ പരിച്ഛേദനകർമത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, അവരെ താങ്കൾ ഉപദേശിക്കുന്നതായി ഇവിടെയുള്ളവർ കേട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എന്താണു ചെയ്യുക? താങ്കൾ വന്നിരിക്കുന്ന വിവരം അവർ നിശ്ചയമായും അറിയും; അതുകൊണ്ട് ഞങ്ങളുടെ നിർദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാർ ഇവിടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകർമത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താൽ താങ്കളെപ്പറ്റി അവർ കേട്ടതിൽ കഥയൊന്നുമില്ലെന്നും, താങ്കൾ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവർക്കും ബോധ്യമാകും. വിശ്വാസികളായിത്തീർന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുർമാർഗവും വർജിച്ചാൽ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ. അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകർമത്തിനു വിധേയനായി. അവർക്ക് ഓരോരുത്തർക്കുംവേണ്ട വഴിപാട് അർപ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങൾ എന്നു പൂർത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു. ആ ഏഴു ദിവസം പൂർത്തിയാകാറായപ്പോൾ, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാർ ദേവാലയത്തിൽവച്ച് അദ്ദേഹത്തെ കണ്ടു. “ഇസ്രായേൽപുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധർമശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിൽ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവർ ജനങ്ങളെ ഇളക്കിവിട്ടു. അവർ അദ്ദേഹത്തെ പിടിച്ചു. എഫെസൊസുകാരനായ ത്രോഫിമോസിനെ അവർ പൗലൊസിനോടുകൂടി നേരത്തെ നഗരത്തിൽവച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തിൽ പ്രവേശിപ്പിച്ചുകാണുമെന്ന് അവർ ഊഹിച്ചു. നഗരം ആകമാനം ഇളകി, ജനങ്ങൾ ഓടിക്കൂടി. അവർ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്റെ സഹസ്രാധിപന് അറിവു കിട്ടി. ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കൽ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലൊസിനെ മർദിക്കുന്നതു നിറുത്തി. സഹസ്രാധിപൻ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാൻ ഉത്തരവിട്ടു. ഇയാൾ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളിൽ ഒരു കൂട്ടർ ഒരു വിധത്തിലും മറ്റൊരു കൂട്ടർ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാൻ അദ്ദേഹം ആജ്ഞാപിച്ചു. പാളയത്തിന്റെ നടയ്‍ക്കരികിലെത്തിയപ്പോൾ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്റെ ബലാല്‌ക്കാരംമൂലം, പടയാളികൾക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. “അവനെ കൊന്നുകളയുക” എന്ന് ആൾക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു. പാളയത്തിൽ പ്രവേശിക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങൾ അങ്ങയോടു പറയുവാൻ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു. അപ്പോൾ സൈന്യാധിപൻ, “നിങ്ങൾക്കു ഗ്രീക്കറിയാം അല്ലേ? കുറേനാൾമുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവർത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങൾ? എന്നു ചോദിച്ചു. പൗലൊസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തർസൊസിൽ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാൻ അങ്ങ് അനുവദിച്ചാലും.” സഹസ്രാധിപൻ അനുവദിച്ചപ്പോൾ, പൗലൊസ് നടയിൽ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോൾ, അദ്ദേഹം എബ്രായഭാഷയിൽ ഇപ്രകാരം പ്രസ്താവിച്ചു
TIRHKOHTE 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 21:18-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ