അപ്പൊ. പ്രവൃത്തികൾ 20:17-24
അപ്പൊ. പ്രവൃത്തികൾ 20:17-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.
അപ്പൊ. പ്രവൃത്തികൾ 20:17-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.
അപ്പൊ. പ്രവൃത്തികൾ 20:17-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും, വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും, പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും, ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു. എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.
അപ്പൊ. പ്രവൃത്തികൾ 20:17-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
അപ്പൊ. പ്രവൃത്തികൾ 20:17-24 സമകാലിക മലയാളവിവർത്തനം (MCV)
മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി. അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ! യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു. നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം. മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല. ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.