TIRHKOHTE 20:17-24

TIRHKOHTE 20:17-24 MALCLBSI

എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം.

TIRHKOHTE 20 വായിക്കുക