അപ്പൊ. പ്രവൃത്തികൾ 18:24-28
അപ്പൊ. പ്രവൃത്തികൾ 18:24-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദൻ എഫെസൊസിൽ എത്തി. അവൻ കർത്താവിന്റെ മാർഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. അവൻ പള്ളിയിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്റെ മാർഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു. യേശുതന്നെ ക്രിസ്തു എന്ന് അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 18:24-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അലക്സാന്ത്രിയാ സ്വദേശിയായ അപ്പൊല്ലോസ് എന്നൊരു യെഹൂദൻ എഫെസൊസിൽ എത്തി. നല്ലൊരു വാഗ്മി ആയിരുന്നു അദ്ദേഹം. വേദഗ്രന്ഥം കൈകാര്യം ചെയ്യുന്നതിൽ പ്രഗല്ഭനും, കർത്താവിന്റെ മാർഗത്തെക്കുറിച്ച് ഉപദേശം ലഭിച്ച ആളുമായിരുന്നു. യോഹന്നാന്റെ സ്നാപനത്തെക്കുറിച്ച് മാത്രമേ അദ്ദേഹം അറിഞ്ഞിരുന്നുള്ളൂ എങ്കിലും ആത്മാവിൽ തീക്ഷ്ണതയുള്ളവനായി യേശുവിനെ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അദ്ദേഹം സുനഗോഗുകളിൽ സുധീരം പ്രസംഗിക്കുവാൻ തുടങ്ങി. അക്വിലായും പ്രിസ്കില്ലയും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗം കൂടുതൽ സ്പഷ്ടമായി വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാൻ ആഗ്രഹിച്ചപ്പോൾ സഹോദരന്മാർ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാർക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാൽ വിശ്വാസികളായിത്തീർന്നവർക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു. യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങൾ ഉദ്ധരിച്ചു സമർഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങൾ അദ്ദേഹം ഖണ്ഡിച്ചു.
അപ്പൊ. പ്രവൃത്തികൾ 18:24-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ സമയത്ത് തിരുവെഴുത്തുകളിൽ സാമർത്ഥ്യവും വാഗ്വൈഭവവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ള അലെക്സന്ത്രിയക്കാരനായ ഒരു യെഹൂദൻ എഫെസൊസിൽ എത്തി. അവനു കർത്താവിന്‍റെ മാർഗ്ഗത്തെ കുറിച്ച് ഉപദേശം ലഭിച്ചിരുന്നു; അവൻ ആത്മാവിൽ എരിവുള്ളവനാകയാൽ യേശുവിനെ കുറിച്ച് കൃത്യമായി ഉപദേശിച്ചിരുന്നു എങ്കിലും അവൻ യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു തുടങ്ങി; എന്നാൽ അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടപ്പോൾ താല്‍പ്പര്യത്തോടെ അവനെ ചേർത്തുകൊണ്ട് ദൈവത്തിന്‍റെ മാർഗ്ഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു. അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു. അവൻ തിരുവെഴുത്തുകളാൽ യേശു തന്നെ ക്രിസ്തു എന്നു ശക്തമായി തെളിയിച്ച് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 18:24-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു. അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു. അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 18:24-28 സമകാലിക മലയാളവിവർത്തനം (MCV)
ആയിടയ്ക്ക് അലക്സാന്ത്രിയ സ്വദേശിയും അപ്പൊല്ലോസ് എന്നു പേരുള്ളവനുമായ ഒരു യെഹൂദൻ എഫേസോസിലെത്തി. അദ്ദേഹം വാഗ്മിയും തിരുവെഴുത്തുകളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളയാളുമായിരുന്നു. അദ്ദേഹത്തിന് കർത്താവിന്റെ മാർഗത്തെപ്പറ്റി പ്രബോധനം ലഭിച്ചിരുന്നു. യോഹന്നാന്റെ സ്നാനത്തെപ്പറ്റിമാത്രമേ അപ്പൊല്ലോസിന് അറിവുണ്ടായിരുന്നുള്ളൂവെങ്കിലും ആത്മാവിൽ തീക്ഷ്ണതയോടെ പ്രസംഗിക്കുകയും യേശുവിനെക്കുറിച്ചു കൃത്യതയോടെ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം പള്ളികളിൽ ധൈര്യത്തോടെ പ്രസംഗിച്ചുതുടങ്ങി. പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു. അവർ ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്തമായി അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസ് അഖായയിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് അവിടെയുള്ള ശിഷ്യന്മാർക്ക് കത്തു കൊടുത്തയയ്ക്കുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവർക്ക് അദ്ദേഹം വലിയ സഹായമായിത്തീർന്നു. അദ്ദേഹം യെഹൂദന്മാരുടെ വാദഗതികളെ ശക്തിയോടെ പരസ്യമായി ഖണ്ഡിക്കുകയും യേശുതന്നെ ക്രിസ്തുവെന്നു തിരുവെഴുത്തുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു.