അപ്പോ.പ്രവൃത്തികൾ 18:24-28

അപ്പോ.പ്രവൃത്തികൾ 18:24-28 MCV

ആയിടയ്ക്ക് അലക്സാന്ത്രിയ സ്വദേശിയും അപ്പൊല്ലോസ് എന്നു പേരുള്ളവനുമായ ഒരു യെഹൂദൻ എഫേസോസിലെത്തി. അദ്ദേഹം വാഗ്മിയും തിരുവെഴുത്തുകളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളയാളുമായിരുന്നു. അദ്ദേഹത്തിന് കർത്താവിന്റെ മാർഗത്തെപ്പറ്റി പ്രബോധനം ലഭിച്ചിരുന്നു. യോഹന്നാന്റെ സ്നാനത്തെപ്പറ്റിമാത്രമേ അപ്പൊല്ലോസിന് അറിവുണ്ടായിരുന്നുള്ളൂവെങ്കിലും ആത്മാവിൽ തീക്ഷ്ണതയോടെ പ്രസംഗിക്കുകയും യേശുവിനെക്കുറിച്ചു കൃത്യതയോടെ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹം പള്ളികളിൽ ധൈര്യത്തോടെ പ്രസംഗിച്ചുതുടങ്ങി. പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു. അവർ ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്തമായി അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. അപ്പൊല്ലോസ് അഖായയിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് അവിടെയുള്ള ശിഷ്യന്മാർക്ക് കത്തു കൊടുത്തയയ്ക്കുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവർക്ക് അദ്ദേഹം വലിയ സഹായമായിത്തീർന്നു. അദ്ദേഹം യെഹൂദന്മാരുടെ വാദഗതികളെ ശക്തിയോടെ പരസ്യമായി ഖണ്ഡിക്കുകയും യേശുതന്നെ ക്രിസ്തുവെന്നു തിരുവെഴുത്തുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു.