അപ്പൊ. പ്രവൃത്തികൾ 17:24-32

അപ്പൊ. പ്രവൃത്തികൾ 17:24-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റു ചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 17:24-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരൻ, ആകാശത്തിന്റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാൽ നിർമിക്കപ്പെട്ട ക്ഷേത്രങ്ങളിൽ നിവസിക്കുന്നില്ല. മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്‌കുന്നത് അവിടുന്നാണ്. അതിനാൽ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങൾക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല. ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനിൽനിന്ന് മനുഷ്യജാതിയെ മുഴുവൻ അവിടുന്നു സൃഷ്‍ടിച്ചു. മനുഷ്യൻ എത്രകാലം എവിടെയൊക്കെ പാർക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിർണയിച്ചിട്ടുണ്ട്. അവർ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നവനല്ല. ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും; നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു. നിങ്ങളുടെ കവികളിൽ ഒരാൾ പറഞ്ഞിരിക്കുന്നതുപോലെ, നാം ദൈവത്തിന്റെ സന്താനങ്ങൾ തന്നെ. “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കെ മനുഷ്യന്റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ നിർമിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാൻ പാടില്ല. അനുതപിച്ച് പാപമാർഗങ്ങളിൽനിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോൾ ദൈവം ആജ്ഞാപിക്കുന്നു. അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂർവം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതിനാൽ, എല്ലാവർക്കും അതിനുള്ള ഉറപ്പും നല്‌കിയിരിക്കുന്നു.” മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോൾ ചിലർ പരിഹസിച്ചു. എന്നാൽ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കൾ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാൽ കൊള്ളാം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 17:24-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും മറ്റാവശ്യമായ സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും വസിക്കുവാനായി അവൻ ഒരുവനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു. തങ്ങൾക്ക് ദൈവത്തെ ആവശ്യം ഉണ്ട് എന്നു അവർ തിരിച്ചറിഞ്ഞ് ദൈവത്തെ അന്വേഷിക്കേണ്ടതിനുതന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും നിലനിൽക്കുകയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്നു നിരൂപിക്കേണ്ടതില്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം അവഗണിച്ചിട്ട് ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടണമെന്ന് മനുഷ്യരോടു കല്പിക്കുന്നു. ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്‍റെ ഉറപ്പ് നല്കിയുമിരിക്കുന്നു.” മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ടു ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 17:24-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 17:24-32 സമകാലിക മലയാളവിവർത്തനം (MCV)

“പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ. അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല. ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു. മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല. ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ! “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല. കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു. അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.” മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു.