ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല. എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു. താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 17 വായിക്കുക
കേൾക്കുക അപ്പൊ. പ്രവൃത്തികൾ 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ. പ്രവൃത്തികൾ 17:24-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ