അപ്പൊ. പ്രവൃത്തികൾ 16:1-21
അപ്പൊ. പ്രവൃത്തികൾ 16:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൗലൊസ് ദർബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യൻ അവിടെയുണ്ടായിരുന്നു. അയാൾ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാൻ പൗലൊസ് ആഗ്രഹിച്ചു. പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോർത്ത് തിമൊഥെയോസിനെ പരിച്ഛേദനകർമത്തിനു വിധേയനാക്കി. അവർ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങൾ അനുസരിക്കണമെന്ന് അറിയിച്ചു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തു. ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാൽ, അവർ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി. അതുവഴി ബിഥുന്യക്കു പോകുവാൻ അവർ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്നു ത്രോവാസിലെത്തി. ആ രാത്രി പൗലൊസിന് ഒരു ദർശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യർഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ദർശനമുണ്ടായപ്പോൾ അവരോടു സുവിശേഷം പ്രസംഗിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിശ്ചയിച്ചു; അതുകൊണ്ടു ഉടൻതന്നെ മാസിഡോണിയയിലേക്കു പോകുവാൻ തയ്യാറായി. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ പ്രമുഖപട്ടണവും റോമൻ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങൾ ഏതാനും ദിവസം പാർത്തു. ശബത്തുദിവസം ഞങ്ങൾ പട്ടണാതിർത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാർഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങൾ വിചാരിച്ചു. ഞങ്ങൾ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങൾ വില്‌ക്കുന്ന തൊഴിലിൽ അവൾ ഏർപ്പെട്ടിരുന്നു. ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്റെ പ്രഭാഷണം ശ്രദ്ധിക്കുവാൻ കർത്താവ് ലുദിയയുടെ ഹൃദയം തുറന്നു. ആ സ്‍ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാൻ കർത്താവിൽ വിശ്വസിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നു പാർത്താലും” എന്ന് അവർ അപേക്ഷിച്ചു. ലുദിയയുടെ നിർബന്ധത്തിനു ഞങ്ങൾ വഴങ്ങി. ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു ഭൂതാവേശമുള്ള അടിമപ്പെൺകുട്ടിയെ കണ്ടുമുട്ടി. അവൾ ഭാവിഫലം പറഞ്ഞ് തന്റെ യജമാനന്മാർക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്; രക്ഷയുടെ മാർഗമാണ് ഇവർ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു. ഇത് അവൾ പലദിവസം ആവർത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീർന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളിൽ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തിൽത്തന്നെ ഭൂതം അവളെ വിട്ടുപോയി. ഇതോടെ തങ്ങളുടെ ആദായമാർഗം അടഞ്ഞു എന്നു കണ്ട് ആ പെൺകുട്ടിയുടെ ഉടമസ്ഥന്മാർ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പിൽ ഹാജരാക്കി. അവരെ ന്യായാധിപന്മാരുടെ മുമ്പിൽ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തിൽ വലിയ കലാപമുണ്ടാക്കുന്നു; റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങൾ ഇവർ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 16:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണയങ്ങൾ പ്രമാണിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്ക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യയ്ക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല . അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാൻ ശ്രമിച്ചു. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരേ സമൊത്രാക്കെയിലേക്കും പിറ്റന്നാൾ നവപൊലിക്കും അവിടെനിന്നു ഫിലിപ്പിയിലേക്കും ചെന്നു. ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു. ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു. ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിനു പുറത്തേക്കു പോയി അവിടെ പ്രാർഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിനു കർത്താവ് അവളുടെ ഹൃദയം തുറന്നു. അവളും കുടുംബവും സ്നാനം ഏറ്റശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്ന് അപേക്ഷിച്ചു ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗം നിങ്ങളോട് അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അത് അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പൊയ്പോയത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിറുത്തി: യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമക്കാരായ നമുക്ക് അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 16:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലോസ് ദെർബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ കർത്താവിൽ വിശ്വാസമുള്ളൊരു യെഹൂദസ്ത്രീയുടെ മകനായ തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്‍റെ പിതാവ് യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം പ്രാപിച്ചവൻ ആയിരുന്നു. തിമൊഥെയൊസ് തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്‍റെ പിതാവ് യവനൻ എന്നു ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും മുൻ നിർണ്ണയിച്ച പ്രബോധനങ്ങൾ അനുസരിക്കേണ്ടതിന് അവർക്ക് ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെടുകയും ദിവസേന എണ്ണത്തിൽ പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ച്, മുസ്യയിൽ എത്തി ബിഥുന്യയ്ക്ക് പോകുവാൻ ശ്രമിച്ചു; അവിടെയും യേശുവിന്‍റെ ആത്മാവ് അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ട് അവരോട് സുവിശേഷം അറിയിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ച്, ഞങ്ങൾ ഉടനെ മക്കെദോന്യയ്ക്ക് പുറപ്പെട്ടു. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ നീക്കി നേരെ സമൊത്രൊക്കയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും ചെന്നു. റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു. ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു വിചാരിച്ചു ഞങ്ങൾ പട്ടണവാതിലിന് പുറത്തേക്ക് പോയി അവിടെ പുഴവക്കത്ത് ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു. തുയഥൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായൊരു സ്ത്രീ ഞങ്ങളുടെ വാക്ക് കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു. അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ” എന്നു അപേക്ഷിച്ച് ഞങ്ങളെ നിർബ്ബന്ധിച്ചു. ഞങ്ങൾ പ്രാർത്ഥനാ സ്ഥലത്തേക്ക് ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞ് യജമാനന്മാർക്ക് വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിൻ്റെയും ഞങ്ങളുടെയും പിന്നാലെ വന്ന്: “ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോട് അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നെ ഭൂതം അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിർത്തി; “യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തിൽ കലാപം ഉണ്ടാക്കുന്നു, റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 16:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; അവന്റെ അപ്പൻ യവനനായിരുന്നു. അവൻ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യം കൊണ്ടവൻ ആയിരുന്നു. അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു. അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു. അവർ ആസ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവു വിലക്കുകയാൽ ഫ്രുഗ്യയിലും ഗലാത്യദേശത്തിലും കൂടി സഞ്ചരിച്ചു, മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. അവർ മുസ്യ കടന്നു ത്രോവാസിൽ എത്തി. അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു. ഈ ദർശനം കണ്ടിട്ടു അവരോടു സുവിശേഷം അറിയിപ്പാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു നിശ്ചയിച്ചു, ഞങ്ങൾ ഉടനെ മക്കെദോന്യെക്കു പുറപ്പെടുവാൻ ശ്രമിച്ചു. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ നീക്കി നേരെ സമൊത്രാക്കെയിലേക്കും പിറ്റെന്നാൾ നവപൊലിക്കും അവിടെ നിന്നു ഫിലിപ്പിയിലേക്കും ചെന്നു. ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു. ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു. ഞങ്ങൾ പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി. അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി അധിപതികളുടെ മുമ്പിൽ നിർത്തി; യെഹൂദന്മാരായ ഈ മനുഷ്യർ നമ്മുടെ പട്ടണത്തെ കലക്കി, റോമാക്കാരായ നമുക്കു അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 16:1-21 സമകാലിക മലയാളവിവർത്തനം (MCV)
അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു. അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി. അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു. പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു. മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി. രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി. ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി. ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി. അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു. ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു. അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു. ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു. അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി. തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്; റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു.