TIRHKOHTE 16:1-21

TIRHKOHTE 16:1-21 MALCLBSI

പൗലൊസ് ദർബയിലും ലുസ്ത്രയിലുമെത്തി. തിമൊഥെയോസ് എന്നൊരു ശിഷ്യൻ അവിടെയുണ്ടായിരുന്നു. അയാൾ വിശ്വാസിനിയായ ഒരു യെഹൂദസ്‍ത്രീയുടെ പുത്രനായിരുന്നു. ഒരു ഗ്രീക്കുകാരനായിരുന്നു അയാളുടെ പിതാവ്. ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർക്കു സുസമ്മതനായിരുന്നു തിമൊഥെയോസ്. അയാളെ തന്നോടുകൂടി കൊണ്ടുപോകുവാൻ പൗലൊസ് ആഗ്രഹിച്ചു. പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാർക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോർത്ത് തിമൊഥെയോസിനെ പരിച്ഛേദനകർമത്തിനു വിധേയനാക്കി. അവർ പട്ടണംതോറും സഞ്ചരിച്ചുകൊണ്ട്, യെരൂശലേമിലെ അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരും ചെയ്ത തീരുമാനങ്ങൾ അനുസരിക്കണമെന്ന് അറിയിച്ചു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറയ്‍ക്കുകയും വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്തു. ഏഷ്യാസംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു വിലക്കുകയാൽ, അവർ ഫ്രുഗ്യയിലും ഗലാത്യയിലുംകൂടി കടന്ന് മുസ്യക്കു സമീപമെത്തി. അതുവഴി ബിഥുന്യക്കു പോകുവാൻ അവർ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ് അവരെ അനുവദിച്ചില്ല. അതുകൊണ്ട് അവർ മുസ്യ കടന്നു ത്രോവാസിലെത്തി. ആ രാത്രി പൗലൊസിന് ഒരു ദർശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യർഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഈ ദർശനമുണ്ടായപ്പോൾ അവരോടു സുവിശേഷം പ്രസംഗിക്കുവാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിശ്ചയിച്ചു; അതുകൊണ്ടു ഉടൻതന്നെ മാസിഡോണിയയിലേക്കു പോകുവാൻ തയ്യാറായി. അങ്ങനെ ഞങ്ങൾ ത്രോവാസിൽനിന്നു കപ്പൽ കയറി സമൊത്രാക്കയിലെത്തി; പിറ്റേദിവസം നവപൊലീസിലേക്കും അവിടെനിന്ന് ഫിലിപ്പിയിലേക്കും പോയി. മാസിഡോണിയാ സംസ്ഥാനത്തെ പ്രമുഖപട്ടണവും റോമൻ കോളനിയുമാണ് ഫിലിപ്പി. അവിടെ ഞങ്ങൾ ഏതാനും ദിവസം പാർത്തു. ശബത്തുദിവസം ഞങ്ങൾ പട്ടണാതിർത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാർഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങൾ വിചാരിച്ചു. ഞങ്ങൾ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങൾ വില്‌ക്കുന്ന തൊഴിലിൽ അവൾ ഏർപ്പെട്ടിരുന്നു. ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്റെ പ്രഭാഷണം ശ്രദ്ധിക്കുവാൻ കർത്താവ് ലുദിയയുടെ ഹൃദയം തുറന്നു. ആ സ്‍ത്രീ സകുടുംബം സ്നാപനം സ്വീകരിച്ചു. “ഞാൻ കർത്താവിൽ വിശ്വസിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമുണ്ടെങ്കിൽ എന്റെ വീട്ടിൽ വന്നു പാർത്താലും” എന്ന് അവർ അപേക്ഷിച്ചു. ലുദിയയുടെ നിർബന്ധത്തിനു ഞങ്ങൾ വഴങ്ങി. ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു ഭൂതാവേശമുള്ള അടിമപ്പെൺകുട്ടിയെ കണ്ടുമുട്ടി. അവൾ ഭാവിഫലം പറഞ്ഞ് തന്റെ യജമാനന്മാർക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്; രക്ഷയുടെ മാർഗമാണ് ഇവർ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു. ഇത് അവൾ പലദിവസം ആവർത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീർന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളിൽ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തിൽത്തന്നെ ഭൂതം അവളെ വിട്ടുപോയി. ഇതോടെ തങ്ങളുടെ ആദായമാർഗം അടഞ്ഞു എന്നു കണ്ട് ആ പെൺകുട്ടിയുടെ ഉടമസ്ഥന്മാർ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പിൽ ഹാജരാക്കി. അവരെ ന്യായാധിപന്മാരുടെ മുമ്പിൽ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തിൽ വലിയ കലാപമുണ്ടാക്കുന്നു; റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങൾ ഇവർ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു.

TIRHKOHTE 16 വായിക്കുക