അപ്പൊ. പ്രവൃത്തികൾ 13:13-25
അപ്പൊ. പ്രവൃത്തികൾ 13:13-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത്നാളിൽ പള്ളിയിൽ ചെന്ന് ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേൽപുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേൾപ്പിൻ. യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു. മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു. അതിന്റെശേഷം അവൻ അവർക്ക് ശമൂവേൽപ്രവാചകൻവരെ ന്യായാധിപതിമാരെ കൊടുത്തു. അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു. അവനെ നീക്കിയിട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്റെ വരവിനു മുമ്പേ യോഹന്നാൻ യിസ്രായേൽജനത്തിനൊക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്ന് നിരൂപിക്കുന്നു? ഞാൻ മശീഹായല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പ് അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 13:13-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പൗലൊസും സഹയാത്രികരും പാഫോസിൽനിന്നു കപ്പൽകയറി പംഫുല്യയിൽ പെർഗ്ഗ എന്ന സ്ഥലത്തെത്തി. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവർ പെർഗ്ഗയിൽനിന്നു പിസിദ്യയിലെ അന്ത്യോക്യയിലെത്തി; ശബത്തുദിവസം അവിടത്തെ സുനഗോഗിൽ ചെന്ന് ഇരുന്നു. മോശയുടെ ധർമശാസ്ത്രത്തിൽനിന്നും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നും വായിച്ചു കഴിഞ്ഞ്, സുനഗോഗിന്റെ അധികാരികൾ അവരുടെ അടുക്കൽ ആളയച്ച് സഹോദരന്മാരേ, നിങ്ങൾക്ക് ഇവിടത്തെ ജനങ്ങളെ ഉദ്ബോധിപ്പിക്കുവാൻ എന്തെങ്കിലുമുണ്ടെങ്കിൽ പറയുക” എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാണിച്ചു കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ഇസ്രായേൽജനങ്ങളേ, ഇസ്രായേലിന്റെ ദൈവത്തെ ഭജിക്കുന്നവരേ, ഇതു ശ്രദ്ധിക്ക: ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു; ഈജിപ്തിൽ പരദേശികളായിരുന്ന കാലത്ത് അവരെ ഒരു മഹാജനതയാക്കി ഉയർത്തി; ദൈവം സ്വശക്തിയാൽ അവരെ അവിടെനിന്നു കൊണ്ടുപോന്നു; നാല്പതു വർഷക്കാലം മരുഭൂമിയിൽ അവരെ ദൈവം ക്ഷമയോടെ പരിപാലിച്ചു. അവിടുന്ന് കനാനിലെ ഏഴു ജനതകളെ നശിപ്പിച്ച് അവരുടെ ദേശം അവർക്കു അവകാശമായി നല്‌കി. അങ്ങനെ ഏകദേശം നാനൂറ്റമ്പതു വർഷം കഴിഞ്ഞു. “അതിനുശേഷം ശമൂവേൽപ്രവാചകൻവരെയുള്ള ന്യായാധിപന്മാരെ അവർക്കു നല്‌കി; അനന്തരം തങ്ങൾക്ക് ഒരു രാജാവിനെ വേണമെന്ന് അവർ ആവശ്യപ്പെട്ടു. ദൈവം അവർക്കു ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ പുത്രൻ ശൗലിനെ നാല്പതു വർഷത്തേക്കു രാജാവായി നല്‌കി. അദ്ദേഹത്തെ നീക്കിയശേഷം ദാവീദിനെ രാജാവായി വാഴിച്ചു. ‘യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിന് ഇണങ്ങിയവനായി ഞാൻ കണ്ടിരിക്കുന്നു. അവൻ എന്റെ ഇച്ഛ എല്ലാം നിറവേറ്റും’ എന്നിങ്ങനെയാണു ദൈവം ദാവീദിനെക്കുറിച്ചു പറഞ്ഞത്. ദൈവം വാഗ്ദാനം ചെയ്തതുപോലെ ഈ ദാവീദിന്റെ വംശപരമ്പരയിൽ നിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നല്‌കി. അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ്, പാപത്തിൽനിന്നു പിൻതിരിഞ്ഞ് സ്നാപനം സ്വീകരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് യോഹന്നാൻ എല്ലാ ഇസ്രായേൽജനങ്ങളോടും പ്രസംഗിച്ചു. തന്റെ ദൗത്യം പൂർത്തിയാകാറായപ്പോൾ യോഹന്നാൻ പറഞ്ഞു: ‘ഞാൻ ആരാണെന്നാണ് നിങ്ങൾ ഊഹിക്കുന്നത്? നിങ്ങൾ പ്രതീക്ഷിക്കുന്ന ആൾ ഞാനല്ല; എന്നാൽ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്; അവിടുത്തെ കാലിലെ ചെരുപ്പ് അഴിക്കുവാൻപോലും ഞാൻ യോഗ്യനല്ല.’
അപ്പൊ. പ്രവൃത്തികൾ 13:13-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്നു പറഞ്ഞു. പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ. “യിസ്രായേൽ ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്‍റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു, മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജനതകളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് വര്‍ഷം കഴിഞ്ഞു. അതിന്‍റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു. അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി. അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം നിവർത്തിക്കും’ എന്നു അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു. “ദാവീദിന്‍റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്‍റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിൻ്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ തന്‍റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 13:13-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി. അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു. ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു. പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ. യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു, മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു, കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു. അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു, അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു. അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു. അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു. അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
അപ്പൊ. പ്രവൃത്തികൾ 13:13-25 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി. അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു. ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു. പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക. ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു; മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു. അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു. പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു. ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു. “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി. യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു. തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.