പ്രവൃത്തികൾ 13
13
അന്ത്യൊക്യയിൽ നിന്നും ആദ്യത്തെ ദൗത്യ പ്രചാര യാത്ര ആരംഭിക്കുന്നു
1അന്ത്യൊക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗല്‍ എന്നിവർ ഉണ്ടായിരുന്നു. 2അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: “ഞാൻ ബർന്നബാസിനെയും പൗലോസിനേയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് വേർതിരിപ്പിൻ” എന്നു പരിശുദ്ധാത്മാവ് അരുളിച്ചെയ്തു. 3അങ്ങനെ അവർ ഉപവസിച്ചും പ്രാർത്ഥിച്ചും അവരുടെ മേൽ കൈവച്ച് അവരെ പറഞ്ഞയച്ചു.
4പരിശുദ്ധാത്മാവ് ബർന്നബാസിനെയും ശൗലിനെയും പറഞ്ഞയച്ചിട്ട് അവർ സെലൂക്യയിലേക്ക് ചെന്നു; അവിടെനിന്ന് കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്ക് പുറപ്പെട്ടു, 5സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്ക് സഹായി ആയിട്ടുണ്ടായിരുന്നു.
6അവർ മൂവരും ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായ കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു. 7അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോട് കൂടെ ആയിരുന്നു. സെർഗ്ഗ്യൊസ് പൗലൊസ് ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾക്കുവാൻ ആഗ്രഹിച്ചു. 8എന്നാൽ എലീമാസ് എന്ന ആഭിചാരകൻ (അവന്‍റെ പേരിന്‍റെ അർത്ഥം ഇതാണ്) അവരോട് എതിർത്തുനിന്ന് ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
9അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗല്‍ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി: 10“ഹേ സകലകപടവും സകല ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്‍റെ മകനേ, സർവ്വനീതിയുടെയും ശത്രുവേ, കർത്താവിന്‍റെ നേർവഴികളെ മറിച്ചുകളയുന്നതിനുള്ള ശ്രമം നീ മതിയാക്കുകയില്ലയോ? 11ഇപ്പോൾ കർത്താവിന്‍റെ കരം നിന്നിൽ പതിക്കും; നീ ഒരു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും” എന്നു പറഞ്ഞു. ഉടൻ തന്നെ ഒരു തിമിരവും ഇരുട്ടും അവന്‍റെമേൽ വീണു; കൈ പിടിച്ച് നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവൻ തപ്പിനടന്നു. 12ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ട് ആശ്ചര്യപ്പെടുകയും കർത്താവിന്‍റെ ഉപദേശത്തിൽ വിസ്മയിക്കുകയും, വിശ്വസിക്കുകയും ചെയ്തു.
അന്ത്യൊക്യയിലെ പിസിദ്യയിൽ പൗലോസിന്‍റെ പ്രഭാഷണം
13പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്ന് കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗയ്ക്ക് ചെന്നു. അവിടെവച്ച് യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. 14അവരോ പെർഗ്ഗയിൽനിന്ന് പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയിൽ എത്തി ശബ്ബത്ത് നാളിൽ യഹൂദന്മാരുടെ പള്ളിയിൽ ചെന്നു ഇരുന്നു. 15ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: “സഹോദരന്മാരേ, നിങ്ങൾക്ക് ജനത്തോട് സന്ദേശം വല്ലതും പ്രബോധിപ്പാൻ ഉണ്ടെങ്കിൽ അറിയിക്കാം” എന്നു പറഞ്ഞു. 16പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി നിർദ്ദേശിച്ചത്: “യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, ശ്രദ്ധിപ്പിൻ.
17“യിസ്രായേൽ ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വർദ്ധിപ്പിച്ച്, തന്‍റെ കയ്യാൽ വീര്യം പ്രവർത്തിച്ചുകൊണ്ട് അവിടെനിന്ന് പുറപ്പെടുവിച്ചു, 18മരുഭൂമിയിൽ നാല്പത് സംവത്സരകാലത്തോളം അവരുടെ ദുശ്ശാഠ്യം ഉളള സ്വഭാവം സഹിച്ചു, 19കനാൻദേശത്തിലെ ഏഴു ജനതകളെ ഒടുക്കി, അവരുടെ ദേശം അവർക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് വര്‍ഷം കഴിഞ്ഞു. 20അതിന്‍റെശേഷം ദൈവം അവർക്ക് ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു. 21അനന്തരം യിസ്രയേൽ ജനം ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്ക് ബെന്യാമീൻ ഗോത്രക്കാരനായ കീശിന്‍റെ മകൻ ശൗലിനെ നാല്പതാണ്ടേക്ക് നൽകി. 22അവനെ തള്ളിക്കളഞ്ഞിട്ട് ദാവീദിനെ അവർക്ക് രാജാവായി വാഴിച്ചു: ‘ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്ക് ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്‍റെ ഹിതം എല്ലാം നിവർത്തിക്കും’ എന്നു അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
23“ദാവീദിന്‍റെ സന്തതിയിൽനിന്ന് ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേൽ ജനത്തിന് യേശു എന്ന രക്ഷിതാവിനെ കൊടുത്തു. 24അവന്‍റെ വരവിന് മുമ്പെ യോഹന്നാൻ യിസ്രായേൽ ജനത്തിന് ഇടയിൽ ഒക്കെയും മാനസാന്തരത്തിൻ്റെ സ്നാനം പ്രസംഗിച്ചു. 25യോഹന്നാൻ തന്‍റെ ദൗത്യം പൂർത്തിയാക്കാറായപ്പോൾ: ‘നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പു അഴിക്കുവാൻ ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
26“സഹോദരന്മാരേ, അബ്രാഹാമിന്‍റെ വംശത്തിലെ മക്കളും അവരോട് ചേർന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കായിട്ടാകുന്നു ഈ രക്ഷാവചനം അയച്ചുതന്നിരിക്കുന്നത്. 27യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും രക്ഷിതാവായ ക്രിസ്തുവിനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്ക് വിധിക്കുകയാൽ അവനെ പറ്റിയുള്ള തിരുവെഴുത്തുകൾ നിവൃത്തിവരുത്തുവാൻ ഇടയായി. 28മരണത്തിനായുള്ള ഒരു കാരണവും അവനിൽ കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തോസിനോട് അപേക്ഷിച്ചു. 29അവനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒക്കെയും നിവർത്തിയായശേഷം അവർ അവനെ മരത്തിൽനിന്ന് ഇറക്കി ഒരു കല്ലറയിൽ വച്ചു. 30ദൈവമോ അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു; 31അവൻ തന്നോടുകൂടെ ഗലീലയിൽനിന്ന് യെരൂശലേമിലേക്ക് വന്നവർക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികൾ ആകുന്നു.
32“ദൈവം പിതാക്കന്മാരോട് ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്ക് നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. 33‘നീ എന്‍റെ പുത്രൻ; ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചു’ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 34ഇനി ദ്രവത്വത്തിലേക്ക് തിരിയാതവണ്ണം ദൈവം അവനെ മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ:
'ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ
ഞാൻ നിങ്ങൾക്ക് നല്കും’ എന്നു പറഞ്ഞിരിക്കുന്നു
35മറ്റൊരു സങ്കീർത്തനത്തിലും:
‘നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ അനുവദിക്കുകയില്ല’ എന്നും പറയുന്നു.
36ദാവീദ് തന്‍റെ തലമുറയിൽ ദൈവത്തിന്‍റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ചു തന്‍റെ പിതാക്കന്മാരോട് ചേർന്ന് ദ്രവത്വം കണ്ടു. 37ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. 38ആകയാൽ സഹോദരന്മാരേ, ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും 39മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ക്രിസ്തുവിനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ. 40ആകയാൽ:
‘ഹേ പരിഹസിക്കുന്നവരേ, നോക്കുവിൻ
ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ.
നിങ്ങളുടെ കാലത്ത് ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു;
നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ’
41എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾക്ക് സംഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.”
42അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോട് പറയേണം എന്നു അവർ അപേക്ഷിച്ചു. 43പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോട് സംസാരിച്ചു ദൈവകൃപയിൽ നിലനിൽക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.
പൗലോസ് ജാതികളിലേക്ക് തിരിയുന്നു.
44പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾക്കുവാൻ വന്നുകൂടി. 45യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി നിന്ദിച്ചുകൊണ്ട് പൗലൊസ് സംസാരിക്കുന്നതിന് എതിർ പറഞ്ഞു. 46അപ്പോൾ പൗലൊസും ബർന്നബാസും തികഞ്ഞ ധൈര്യത്തോടെ: “ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്ക് തിരിയുന്നു. 47‘നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാൻ നിന്നെ ജനതകളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു’
എന്നു കർത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു.
48ജനതകൾ ഇതുകേട്ട് സന്തോഷിച്ച് ദൈവവചനത്തെ പുകഴ്ത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. 49കർത്താവിന്‍റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു. 50യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും സ്വാധീനിച്ച് പൗലൊസിൻ്റെയും ബർന്നബാസിൻ്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്ന് പുറത്താക്കിക്കളഞ്ഞു. 51എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്ക് പോയി. 52ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പ്രവൃത്തികൾ 13: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.