അപ്പൊ. പ്രവൃത്തികൾ 10:1-11

അപ്പൊ. പ്രവൃത്തികൾ 10:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ പ്രാർഥനയും ധർമവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു. അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്ക് അയച്ചു. പിറ്റന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണി നേരത്ത് പ്രാർഥിപ്പാൻ വെൺമാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവൻ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 10:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൈസര്യയിൽ കൊർന്നല്യോസ് എന്നൊരു ശതാധിപനുണ്ടായിരുന്നു. ‘ഇത്താലിക’ എന്ന സൈന്യദളത്തിലെ ശതാധിപന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ദൈവഭക്തനായ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്നു. ഉദാരമായി ദാനധർമങ്ങൾ ചെയ്യുകയും നിരന്തരമായി പ്രാർഥിക്കുകയും ചെയ്തുവന്നിരുന്ന ഒരാളായിരുന്നു കൊർന്നല്യോസ്. ഒരുദിവസം ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ഒരു ദൈവദൂതൻ തന്റെ അടുക്കൽ വരുന്നത് ദർശനത്തിൽ അദ്ദേഹം വ്യക്തമായി കണ്ടു. ദൈവദൂതൻ “കൊർന്നല്യോസേ” എന്നു വിളിച്ചു. ഭയപരവശനായിത്തീർന്ന അദ്ദേഹം തുറിച്ചുനോക്കിക്കൊണ്ട് “പ്രഭോ! എന്താകുന്നു?” എന്നു ചോദിച്ചു. ദൈവദൂതൻ പറഞ്ഞു: “താങ്കളുടെ പ്രാർഥനയും ദാനധർമങ്ങളും ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. യോപ്പയിലേക്ക് ഉടനെ ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വരുത്തുക; കടൽത്തീരത്ത് തുകൽ ഊറയ്‍ക്കിടുന്ന ശിമോൻ എന്നൊരാളിന്റെ കൂടെയാണ് അദ്ദേഹം പാർക്കുന്നത്.” തന്നോടു സംസാരിച്ച ദൂതൻ പോയിക്കഴിഞ്ഞ്, കൊർന്നല്യോസ് തന്റെ ഭൃത്യന്മാരിൽ രണ്ടു പേരെയും, തനിക്ക് അകമ്പടിസേവിക്കുന്ന വിശ്വസ്തനായ ഒരു പടയാളിയെയും വിളിച്ച് എല്ലാ വിവരങ്ങളും പറഞ്ഞ് യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേദിവസം ആ പട്ടണത്തോടു സമീപിച്ചപ്പോൾ, പത്രോസ് മധ്യാഹ്നസമയത്തെ പ്രാർഥനയ്‍ക്കായി വീടിന്റെ മട്ടുപ്പാവിലേക്കു കയറിപ്പോയി. അദ്ദേഹത്തിനു വിശക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും ഭക്ഷിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടുകാർ ഭക്ഷണം തയ്യാറാക്കുകയായിരുന്നു. തത്സമയം അദ്ദേഹം ഒരു ദിവ്യാനുഭൂതിയിൽ വിലയം പ്രാപിച്ചു. ആകാശം തുറന്ന് വിസ്താരമുള്ള കപ്പൽപായ്പോലെയുള്ള ഏതോ ഒന്ന് നാലുമൂലയ്‍ക്കും കെട്ടി ഭൂമിയിലേക്ക് ഇറക്കുന്നതായി അദ്ദേഹം കണ്ടു.

അപ്പൊ. പ്രവൃത്തികൾ 10:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കൈസര്യയിൽ ഇത്താലിക എന്ന പട്ടാള വിഭാഗത്തിൽ കൊർന്നൊല്യോസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്‍റെ കുടുംബാംഗങ്ങളോടുകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി യെഹൂദാ ജനത്തിന് വളരെ ദാനം കൊടുത്തും എപ്പോഴും പ്രാർത്ഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാംമണി നേരത്ത് ദർശനത്തിൽ ഒരു ദൈവദൂതൻ തന്‍റെ അടുക്കൽ അകത്തുവരുന്നത് സ്പഷ്ടമായി കണ്ടു: “കൊർന്നൊല്യോസേ!” എന്നു തന്നോട് പറയുന്നതും കേട്ടു. അവൻ ദൈവദൂതനെ ഉറ്റുനോക്കി ഭയപരവശനായി: “എന്താകുന്നു കർത്താവേ?” എന്നു ചോദിച്ചു. അവൻ അവനോട്: “നിന്‍റെ പ്രാർത്ഥനയും എളിയവരോടുളള നിന്‍റെ ദാനവും ദൈവത്തിന് സ്വീകാര്യമായിരിക്കുന്നു. ഇപ്പോൾതന്നെ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു അറിയപ്പെടുന്ന ശിമോനെ വരുത്തുക. അവൻ തോൽപ്പണി ചെയ്യുന്ന ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്‍റെ വീട് കടല്പുറത്ത് ആകുന്നു” എന്നു പറഞ്ഞു. അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്‍റെ വേലക്കാരിൽ രണ്ടുപേരെയും അംഗരക്ഷകരിൽ ദൈവഭക്തനായൊരു പടയാളിയേയും വിളിച്ച് സകലവും വിവരിച്ചുപറഞ്ഞ് യോപ്പയിലേക്ക് അയച്ചു. പിറ്റെന്നാൾ കൊർന്നൊല്യോസ് അയച്ചവർ യാത്രചെയ്തു പട്ടണത്തോട് സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്ത് പ്രാർത്ഥിക്കുവാൻ മാളികമുറിയിൽ കയറി. അവൻ വളരെ വിശന്നിട്ട് ഭക്ഷിക്കുവാൻ ആഗ്രഹിച്ചു; അവർ ഭക്ഷണം ഒരുക്കുമ്പോഴേക്കും അവനു ഒരു വിവശത ഉണ്ടായി. ആകാശം തുറന്നിരിക്കുന്നതും നാലു കോണും കെട്ടീട്ടുള്ള വലിയൊരു വിരിപ്പ് ഭൂമിയിലേക്കു ഇറക്കിവിട്ടൊരു പാത്രംപോലെ വരുന്നതും അവൻ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 10:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു. അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധർമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർത്ഥിച്ചും പോന്നു. അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊർന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു. അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു. അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി. അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.

അപ്പൊ. പ്രവൃത്തികൾ 10:1-11 സമകാലിക മലയാളവിവർത്തനം (MCV)

കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു. അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു. കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു. തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.