അപ്പോ.പ്രവൃത്തികൾ 10:1-11

അപ്പോ.പ്രവൃത്തികൾ 10:1-11 MCV

കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു. അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു. ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു. കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു. ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക. അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു. തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു. സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു. അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു. വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി. സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.