3 യോഹന്നാൻ 1:5-12
3 യോഹന്നാൻ 1:5-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കുംവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിനു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്. ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു. സഭയ്ക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന് ഓർമ വരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.
3 യോഹന്നാൻ 1:5-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയപ്പെട്ടവനേ, താങ്കൾ സഹോദരന്മാർക്കുവേണ്ടി വിശിഷ്യ അപരിചിതരായ അതിഥികൾക്കുവേണ്ടി വിശ്വസ്തതയോടെ സേവനം അനുഷ്ഠിക്കുന്നു. അവർ താങ്കളുടെ സ്നേഹത്തിനു സഭാസമക്ഷം സാക്ഷ്യം വഹിച്ചുമിരിക്കുന്നു. ദൈവത്തിന്റെ സേവനത്തിന് അവരെ യഥായോഗ്യം യാത്ര അയയ്‍ക്കുന്നത് ഉചിതമായിരിക്കും. വിജാതീയരിൽനിന്ന് യാതൊന്നും സ്വീകരിക്കാതെ അവർ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ. ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ നാം സഹകാരികൾ ആയിത്തീരേണ്ടതാണ്. നിങ്ങളുടെ സഭയ്‍ക്ക് ഞാൻ ചിലതെല്ലാം എഴുതിയിരുന്നു എങ്കിലും ദിയൊത്രെഫേസ് അവരിൽ പ്രമാണി ആകുവാൻ ആഗ്രഹിക്കുന്നതുകൊണ്ട് എന്റെ അധികാരത്തെ വകവയ്‍ക്കുന്നില്ല. അവൻ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാൻ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകൾ പറഞ്ഞ് വീമ്പടിക്കുന്നത് ഞാൻ അവന്റെ ശ്രദ്ധയിൽകൊണ്ടുവരും. പ്രിയപ്പെട്ടവനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവനാകുന്നു. തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. ദെമേത്രിയൊസിന് എല്ലാവരുടെയും എന്നല്ല സത്യത്തിന്റെ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞാനും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു താങ്കൾക്ക് അറിയാമല്ലോ.
3 യോഹന്നാൻ 1:5-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അപരിചിതർക്കും വേണ്ടി അദ്ധ്വാനിക്കുമ്പോഴെല്ലാം വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന് യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളിൽനിന്ന് ഒന്നും വാങ്ങാതെ പുറപ്പെട്ടത്. ആകയാൽ നാം സത്യത്തിനു കൂട്ടുവേലക്കാർ ആകേണ്ടതിന് ഇങ്ങനെയുള്ളവർക്ക് കൈത്താങ്ങൽ കൊടുക്കേണ്ടതാകുന്നു. സഭയ്ക്ക് ഞാൻ ചിലതെഴുതിയിരുന്നു: എങ്കിലും അവരിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങൾക്ക് എതിരെ ദുർവ്വാക്കുകൾ പറഞ്ഞ് അവഹേളിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ അവനു ഓർമ്മവരുത്തും. അവൻ ഇങ്ങനെ ചെയ്യുന്ന പ്രവൃത്തികളിൽ തൃപ്തനാകാതെ താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കുകയും സഭയിൽനിന്ന് പുറത്താക്കുകയും ചെയ്യുന്നു. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താൽ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.
3 യോഹന്നാൻ 1:5-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു. സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ടു ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന്നു ഓർമ്മവരുത്തും. അവൻ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല. ദെമേത്രിയൊസിന്നു എല്ലാവരാലും സത്യത്താൽ തന്നേയും സാക്ഷ്യം ലഭിച്ചിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.
3 യോഹന്നാൻ 1:5-12 സമകാലിക മലയാളവിവർത്തനം (MCV)
പ്രിയനേ, സഹോദരങ്ങൾക്ക്, അവർ അപരിചിതരാണെങ്കിൽപോലും നീ അവർക്കുവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തനായിരിക്കുന്നു. അവർ നിന്റെ സ്നേഹത്തെപ്പറ്റി സഭയുടെമുമ്പാകെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. നീ അവർക്ക് ആവശ്യമുള്ളതു നൽകി ദൈവമഹത്ത്വത്തിനു അനുയോജ്യമാംവിധം യാത്രയയയ്ക്കുന്നതു നന്നായിരിക്കും. യെഹൂദേതരരിൽനിന്ന് ഒരു സഹായവും വാങ്ങാതെ അവർ യാത്ര പുറപ്പെട്ടത് കർത്താവിന്റെ നാമംനിമിത്തം ആയിരുന്നല്ലോ. അതുകൊണ്ട്, സത്യത്തിനു സഹപ്രവർത്തകരാകേണ്ടതിനു നാം ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു. സഭയ്ക്കു ഞാൻ എഴുതിയിരുന്നു. എന്നാൽ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല. അതുകൊണ്ടു ഞാൻ വന്നാൽ, ഞങ്ങളെ ദുഷിച്ച് അപവാദം പറയുന്ന അയാളുടെ പ്രവൃത്തി എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരും. അയാൾ ആ പ്രവൃത്തികൊണ്ടും തൃപ്തനാകില്ലെന്നുമാത്രമല്ല, സഹോദരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുകയും, അതിനു താത്പര്യപ്പെടുന്നവരെ തടയുകയും സഭയിൽനിന്നു പുറത്താക്കുകയുംചെയ്യുന്നു. പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു, തിന്മചെയ്യുന്നവനോ ദൈവത്തെ അറിഞ്ഞിട്ടുമില്ല. ദെമേത്രിയൊസിന് എല്ലാവരാലും, സത്യത്താൽത്തന്നെയും നല്ല സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമെന്ന് നിനക്കറിയാമല്ലോ.