3 JOHANA 1

1
1സഭാമുഖ്യനായ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്ന ഗായൊസിന് എഴുതുന്നത്: 2പ്രിയ സുഹൃത്തേ, ആത്മാവിൽ താങ്കൾ ക്ഷേമമായിരിക്കുന്നതുപോലെ എല്ലാറ്റിലും ക്ഷേമമായും ആരോഗ്യവാനായും ഇരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർഥിക്കുന്നു. 3താങ്കൾ സത്യത്തെ യഥാർഥമായി അനുസരിച്ചു ജീവിക്കുന്നു എന്ന് ഇവിടെ വന്ന ചില സഹോദരന്മാർ എന്നെ അറിയിച്ചു. സത്യത്തിൽ അധിഷ്ഠിതമായ താങ്കളുടെ ജീവിതത്തെക്കുറിച്ച് അവർ സാക്ഷ്യം വഹിച്ചപ്പോൾ എനിക്ക് അത്യധികമായ ആനന്ദം ഉണ്ടായി. 4എന്റെ മക്കൾ സത്യമനുസരിച്ചു ജീവിക്കുന്നു എന്ന് കേൾക്കുന്നതിനെക്കാൾ വലിയ ആനന്ദം എനിക്കില്ല.
സഹകരണവും എതിർപ്പും
5പ്രിയപ്പെട്ടവനേ, താങ്കൾ സഹോദരന്മാർക്കുവേണ്ടി വിശിഷ്യ അപരിചിതരായ അതിഥികൾക്കുവേണ്ടി വിശ്വസ്തതയോടെ സേവനം അനുഷ്ഠിക്കുന്നു. 6അവർ താങ്കളുടെ സ്നേഹത്തിനു സഭാസമക്ഷം സാക്ഷ്യം വഹിച്ചുമിരിക്കുന്നു. ദൈവത്തിന്റെ സേവനത്തിന് അവരെ യഥായോഗ്യം യാത്ര അയയ്‍ക്കുന്നത് ഉചിതമായിരിക്കും. 7വിജാതീയരിൽനിന്ന് യാതൊന്നും സ്വീകരിക്കാതെ അവർ ക്രിസ്തുവിനെപ്രതി ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ. 8ഇങ്ങനെയുള്ളവരെ സഹായിച്ച് സത്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽ നാം സഹകാരികൾ ആയിത്തീരേണ്ടതാണ്.
ദിയൊത്രെഫേസും ദെമേത്രിയൊസും
9നിങ്ങളുടെ സഭയ്‍ക്ക് ഞാൻ ചിലതെല്ലാം എഴുതിയിരുന്നു എങ്കിലും ദിയൊത്രെഫേസ് അവരിൽ പ്രമാണി ആകുവാൻ ആഗ്രഹിക്കുന്നതുകൊണ്ട് എന്റെ അധികാരത്തെ വകവയ്‍ക്കുന്നില്ല. 10അവൻ അതുകൊണ്ടും തൃപ്തിപ്പെടാതെ, സഹോദരന്മാരെ സ്വീകരിക്കുവാൻ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല, അതിനു മനസ്സുവയ്‍ക്കുന്നവരെ വിലക്കുകയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ വരുന്നപക്ഷം, എനിക്കെതിരെ ദുഷ്ടവാക്കുകൾ പറഞ്ഞ് വീമ്പടിക്കുന്നത് ഞാൻ അവന്റെ ശ്രദ്ധയിൽകൊണ്ടുവരും.
11പ്രിയപ്പെട്ടവനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവനാകുന്നു. തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.
12ദെമേത്രിയൊസിന് എല്ലാവരുടെയും എന്നല്ല സത്യത്തിന്റെ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞാനും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമാണെന്നു താങ്കൾക്ക് അറിയാമല്ലോ.
സമാപനം
13എഴുതുവാൻ വളരെയുണ്ടെങ്കിലും തൂവലും മഷിയും ഉപയോഗിച്ച് എഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 14താങ്കളെ വേഗം കാണാമെന്നും അഭിമുഖം സംസാരിക്കാമെന്നും ആശിക്കുന്നു.
15താങ്കൾക്കു സമാധാനം.
സ്നേഹിതന്മാർ താങ്കൾക്കു വന്ദനം പറയുന്നു. അവിടെയുള്ള സഹോദരന്മാർ ഓരോരുത്തർക്കും വന്ദനം പറയുക.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

3 JOHANA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

3 JOHANA 1 - നുള്ള വീഡിയോ