2 ശമൂവേൽ 7:1-29
2 ശമൂവേൽ 7:1-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി രാജാവിനു സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത് ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലയ്ക്കകത്ത് ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ രാജാവിനോട്: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിനു നീ എനിക്ക് ഒരു ആലയം പണിയുമോ? ഞാൻ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്. എന്റെ ജനമായ യിസ്രായേലിനെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽഗോത്രങ്ങളിൽ ഒന്നിനോട് എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത് എന്ന് എല്ലാ യിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാൻ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിനു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. ഞാൻ നിന്റെ സകല ശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹമുണ്ടാക്കും എന്നു യഹോവ നിന്നോട് അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും. ഈ സകല വാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു. അപ്പോൾ ദാവീദുരാജാവ് അകത്തുചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളൂ? കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലോ? ദാവീദ് ഇനി നിന്നോട് എന്തു പറയേണ്ടൂ? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു. നിന്റെ വചനം നിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യമൊക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്ത ചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്ക് ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. നിന്റെ ജനമായ യിസ്രായേലിനെ നിനക്ക് എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായിത്തീർന്നുമിരിക്കുന്നു. ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്ത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥിരമായിരിക്കട്ടെ. ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്നു നീ അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോട് ഈ പ്രാർഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു. കർത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിനു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
2 ശമൂവേൽ 7:1-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജാവ് തന്റെ കൊട്ടാരത്തിൽ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സർവേശ്വരൻ അദ്ദേഹത്തിനു സ്വസ്ഥത നല്‌കി. അന്നൊരു ദിവസം രാജാവു നാഥാൻ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയിൽ പാർക്കുന്നു. ദൈവത്തിന്റെ പെട്ടകമാകട്ടെ കൂടാരത്തിൽ ഇരിക്കുന്നു.” നാഥാൻ പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സർവേശ്വരൻ അങ്ങയോടൊപ്പമുണ്ട്.” അന്നു രാത്രിയിൽ സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: “നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാൻ നീ ഒരു ആലയം പണിയുമെന്നോ? ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നാൾ മുതൽ ഞാൻ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തിൽ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു. ഇസ്രായേൽജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയിൽ എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ നിയമിച്ചിരുന്ന നേതാക്കളിൽ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാൻ ചോദിച്ചിട്ടുണ്ടോ? അതിനാൽ എന്റെ ദാസനായ ദാവീദിനോടു പറയുക; സർവശക്തനായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്റെ ജനമായ ഇസ്രായേലിന്റെ അധിപനാക്കി; നീ പോയിടത്തെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം ഞാൻ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാൻ നിന്നെ ഉന്നതനാക്കും. എന്റെ ജനമായ ഇസ്രായേൽജനത്തിന് ഒരു ദേശം ഞാൻ തിരഞ്ഞെടുത്തു കൊടുത്തു. ഞാൻ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവർ സുരക്ഷിതരായി പാർക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. ഇനിയും അവർ പീഡിപ്പിക്കപ്പെടുകയില്ല; നിന്റെ സകല ശത്രുക്കളിൽനിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളർത്തും. നീ മരിച്ചു നിന്റെ പൂർവികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോൾ നിന്റെ സന്തതികളിൽ ഒരാളെ ഞാൻ രാജാവായി നിയമിക്കും; ഞാൻ അവന്റെ രാജത്വം ഉറപ്പിക്കും. അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനുമായിരിക്കും. അവൻ തെറ്റു ചെയ്യുമ്പോൾ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാൻ അവനെ ശിക്ഷിക്കും. നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്നെന്നപോലെ നിന്റെ പുത്രനിൽനിന്ന് എന്റെ സുസ്ഥിരസ്നേഹം പിൻവലിക്കുകയില്ല. നിനക്ക് എപ്പോഴും പിൻതലമുറക്കാരുണ്ടായിരിക്കും; നിന്റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും.” ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാൻ ദാവീദിനോടു പറഞ്ഞു. അപ്പോൾ ദാവീദുരാജാവ് തിരുസാന്നിധ്യകൂടാരത്തിനകത്തു ചെന്നു സർവേശ്വരന്റെ സന്നിധിയിൽ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും യോഗ്യരാണോ? എന്നാൽ അവിടുത്തേക്ക് ഇത് ഒരു നിസ്സാരകാര്യം. ദൈവമായ സർവേശ്വരാ, അവിടുന്ന് ഈ ദാസന്റെ ഭവനത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും സംസാരിച്ചിരിക്കുന്നു. അവിടുത്തെ ഹിതവും വാഗ്ദാനവും ഈയുള്ളവനെ അറിയിക്കേണ്ടതിന് ഈ വൻകാര്യങ്ങളെല്ലാം അവിടുന്നു ചെയ്തിരിക്കുന്നു. ദൈവമായ സർവേശ്വരാ, അവിടുന്ന് എത്ര ഉന്നതൻ. അങ്ങയെപ്പോലെ മറ്റാരുമില്ല. ഞങ്ങൾ സ്വന്തം ചെവികൊണ്ട് കേട്ടതനുസരിച്ച് അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി അടിമത്തത്തിൽനിന്ന് അവിടുന്നു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവർക്കുവേണ്ടി അങ്ങു പ്രവർത്തിച്ച അദ്ഭുതകരമായ മഹാകാര്യങ്ങൾ മൂലം അങ്ങയുടെ നാമം ലോകമെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ഈജിപ്തിൽനിന്നും അവിടുന്നു മോചിപ്പിച്ച ഇസ്രായേൽജനം മുന്നേറിയപ്പോൾ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അവരുടെ മുമ്പിൽനിന്ന് അവിടുന്ന് ഓടിച്ചുകളഞ്ഞു. ഇസ്രായേൽ എന്നേക്കും അവിടുത്തെ ജനമായിരിക്കത്തക്കവിധം അവരെ അങ്ങു സ്ഥിരപ്പെടുത്തി. സർവേശ്വരാ, അങ്ങ് അവർക്കു ദൈവവുമായിത്തീർന്നു. ദൈവമായ സർവേശ്വരാ, അടിയനോടും അടിയന്റെ കുടുംബത്തോടും അവിടുന്നു ചെയ്തിട്ടുള്ള വാഗ്ദാനങ്ങൾ ഇപ്പോൾ നിറവേറ്റി ശാശ്വതീകരിക്കണമേ. അവിടുത്തെ നാമം എന്നേക്കും പ്രകീർത്തിക്കപ്പെടട്ടെ. സർവശക്തനായ സർവേശ്വരൻ തങ്ങളുടെ ദൈവം എന്ന് ഇസ്രായേല്യർ എപ്പോഴും പറയും. അവിടുത്തെ ദാസനായ ദാവീദിന്റെ കുടുംബം അവിടുന്ന് എന്നേക്കും നിലനിർത്തും. സർവശക്തനായ സർവേശ്വരാ, ഇസ്രായേലിന്റെ ദൈവമേ, എന്റെ രാജവംശം സുസ്ഥിരമാക്കുമെന്ന് അവിടുന്ന് ഈ ദാസനു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട് ഈയുള്ളവൻ ഇങ്ങനെ പ്രാർഥിക്കാൻ ധൈര്യപ്പെടുന്നു. ദൈവമായ സർവേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങൾ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അടിയന്റെ കുടുംബം അവിടുത്തെ സന്നിധിയിൽ എന്നും നിലനില്‌ക്കാൻ അവിടുന്നു കനിഞ്ഞ് അനുഗ്രഹിക്കണമേ. ദൈവമായ സർവേശ്വരാ, അവിടുത്തെ അനുഗ്രഹം അടിയന്റെ കുടുംബത്തിൽ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”
2 ശമൂവേൽ 7:1-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുന്ന കാലത്ത് ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്‍റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു. നാഥാൻ രാജാവിനോട്: “നീ ചെന്നു നിന്‍റെ മനസ്സിലുള്ളതെല്ലാം ചെയ്തുകൊള്ളുക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. എന്നാൽ അന്ന് രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: “എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറയുക: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എനിക്ക് അധിവസിക്കുന്നതിന് നീ ഒരു ആലയം പണിയുമോ? ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലയോ സഞ്ചരിച്ചുവരുന്നത്. എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രനായകന്മാരില്‍ ഒന്നിനോട് “എനിക്ക് ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത്?” എന്നു എല്ലായിസ്രായേൽമക്കളോടുംകൂടി ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’ ആകയാൽ നീ എന്റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്‍റെ സകലശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്‍റെ പേര് വലുതാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിനു ഒരു സ്ഥലം കല്പിച്ചുകൊടുക്കുകയും അവർ സ്വന്തസ്ഥലത്തു വസിച്ച് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കുകയില്ല. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും നിന്‍റെ സകലശത്രുക്കളിൽനിന്ന് നിനക്ക് സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു. നിന്നിൽനിന്ന് ഉത്ഭവിക്കുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ട് നിന്‍റെ പിതാക്കന്മാരോടുകൂടി നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്ക് പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്‍റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്ന് നീങ്ങിപ്പോകുകയില്ല. നിന്‍റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.’” ഈ സകലവാക്കുകൾക്കും ദർശനത്തിനും അനുസരിച്ച് നാഥാൻ ദാവീദിനോട് സംസാരിച്ചു. അപ്പോൾ ദാവീദ് രാജാവ് അകത്ത് ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞത്: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആര്? എന്‍റെ ഗൃഹവും എന്തുള്ളു? കർത്താവായ യഹോവേ, ഇതും പോരാ എന്നു അങ്ങേയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലയോ? ദാവീദ് ഇനി അങ്ങേയോട് എന്ത് പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു. അങ്ങേയുടെ വചനം നിമിത്തവും അങ്ങേയുടെ ഹൃദയപ്രകാരവും അല്ലയോ? അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നത്. “അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങയെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ട സകലവും ഓര്‍ത്താല്‍ അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല. അങ്ങേയ്ക്ക് ജനമായി വീണ്ടെടുക്കുവാനും അങ്ങേയ്ക്ക് ഒരു നാമം സമ്പാദിക്കുവാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങേയുടെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജനതയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജനതകളുടെയും അവരുടെ ദേവന്മാരുടെയും അധീനത്തിൽ നിന്നും അങ്ങേയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങേയുടെ ജനം കാൺകെ അങ്ങേയ്ക്കുവേണ്ടി വൻകാര്യവും അങ്ങേയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. അങ്ങ് അങ്ങേയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങേയുടെ സ്വന്ത ജനമായിരിക്കുവാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായിത്തീർന്നും ഇരിക്കുന്നു. “ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ അങ്ങേയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങേയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങേയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ. “ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങേയോട് ഈ പ്രാർത്ഥന കഴിക്കുവാൻ അടിയൻ ധൈര്യംപ്രാപിച്ചു. ദൈവമായ യഹോവേ, അങ്ങ് തന്നെ ആകുന്നു ദൈവം; അങ്ങേയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ അടിയന്‍റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കുന്നതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങേയുടെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.”
2 ശമൂവേൽ 7:1-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു ഒരിക്കൽ രാജാവു നാഥാൻപ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു. നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ: എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ? ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു. എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ? ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു, ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും. ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു. നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എങ്കിലും നിന്റെ മുമ്പിൽ നിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും. ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു. അപ്പോൾ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു? കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്കു ഉപദേശമല്ലോ? ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു. നിന്റെ വചനം നിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു. അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല. നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കു വേണ്ടി വൻകാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു. ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ. സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ. ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു. കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.
2 ശമൂവേൽ 7:1-29 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് രാജാവ് കൊട്ടാരത്തിൽ താമസമുറപ്പിക്കുകയും ചുറ്റുമുള്ള സകലശത്രുക്കളിൽനിന്നും യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകുകയും ചെയ്തശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും പ്രവർത്തിച്ചുകൊൾക, യഹോവ അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു രാജാവിനോട് മറുപടി പറഞ്ഞു. എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: ഞാൻ അധിവസിക്കേണ്ടതിന്നു നീയാണോ എനിക്ക് ഒരു ആലയം പണിയുന്നത്? ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഒരു കൂടാരത്തെ എന്റെ വാസസ്ഥലമാക്കി ഞാൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനമായ ഇസ്രായേലിനെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ ഭരണാധിപന്മാരിൽ ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ. “അതുകൊണ്ട്, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു. നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ മഹത്താക്കിത്തീർക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും. ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും. “ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു: നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും. അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും. ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല. നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ” ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു. അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ? അത്രയുമല്ല, കർത്താവായ യഹോവേ, അവിടത്തെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! കർത്താവായ യഹോവേ, കേവല മർത്യനോടുള്ള അവിടത്തെ പ്രവൃത്തി എത്ര മഹത്തായത്! “കർത്താവായ യഹോവേ, ഈ ദാസനെ അവിടന്ന് അറിയുന്നല്ലോ! ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ വാഗ്ദാനപ്രകാരവും തിരുഹിതം അനുസരിച്ചും ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; അത് അടിയനെ അറിയിച്ചുമിരിക്കുന്നു. “കർത്താവായ യഹോവേ, അവിടന്ന് മഹോന്നതനാകുന്നു. ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല. അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെയും അവരുടെ ദേവന്മാരെയും ഓടിച്ചുകളഞ്ഞുവല്ലോ. അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു. “ഇപ്പോൾ ദൈവമായ യഹോവേ, അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം പാലിക്കണമേ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ! അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ; അങ്ങനെ സൈന്യങ്ങളുടെ യഹോവ ആകുന്നു ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ!” അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെമുമ്പാകെ സുസ്ഥിരമാകട്ടെ. “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അവിടത്തെ ദാസനായ അടിയന് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ‘ഞാൻ നിനക്കായി ഒരു ഭവനം പണിയും,’ എന്ന് അരുളിച്ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ! അതിനാൽ അവിടത്തെ ഈ ദാസൻ ഈ പ്രാർഥന അർപ്പിക്കാൻ ധൈര്യപ്പെടുന്നു. കർത്താവായ യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ വാക്കുകൾ വിശ്വസനീയമായവയാണ്! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു. അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിക്കണമേ! കർത്താവായ യഹോവേ, അവിടന്ന് അരുളിച്ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗൃഹീതമായിരിക്കും.”