2 SAMUELA 7

7
നാഥാന്റെ സന്ദേശം
(1 ദിന. 17:1-15)
1രാജാവ് തന്റെ കൊട്ടാരത്തിൽ വസിച്ചു. ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സർവേശ്വരൻ അദ്ദേഹത്തിനു സ്വസ്ഥത നല്‌കി. 2അന്നൊരു ദിവസം രാജാവു നാഥാൻ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇതാ, ദേവദാരുകൊണ്ടുള്ള അരമനയിൽ പാർക്കുന്നു. ദൈവത്തിന്റെ പെട്ടകമാകട്ടെ കൂടാരത്തിൽ ഇരിക്കുന്നു.” 3നാഥാൻ പ്രതിവചിച്ചു: “അങ്ങയുടെ യുക്തംപോലെ ചെയ്യുക, സർവേശ്വരൻ അങ്ങയോടൊപ്പമുണ്ട്.” 4അന്നു രാത്രിയിൽ സർവേശ്വരൻ നാഥാനോട് അരുളിച്ചെയ്തു: 5“നീ ചെന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക; എനിക്ക് അധിവസിക്കാൻ നീ ഒരു ആലയം പണിയുമെന്നോ? 6ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നാൾ മുതൽ ഞാൻ ഒരു ആലയത്തിലും വസിച്ചിട്ടില്ല; കൂടാരത്തിൽ വസിച്ചുകൊണ്ടു സഞ്ചരിക്കുകയായിരുന്നു. 7ഇസ്രായേൽജനത്തോടുകൂടെ സഞ്ചരിക്കുന്നതിനിടയിൽ എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ നിയമിച്ചിരുന്ന നേതാക്കളിൽ ആരോടെങ്കിലും ദേവദാരുകൊണ്ട് എനിക്ക് ഒരു ആലയം പണിയാതിരുന്നത് എന്തെന്നു ഞാൻ ചോദിച്ചിട്ടുണ്ടോ? 8അതിനാൽ എന്റെ ദാസനായ ദാവീദിനോടു പറയുക; സർവശക്തനായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആടിനെ മേയിച്ചു നടന്നിരുന്ന നിന്നെ മേച്ചിൽസ്ഥലത്തുനിന്നു തിരഞ്ഞെടുത്ത് എന്റെ ജനമായ ഇസ്രായേലിന്റെ അധിപനാക്കി; 9നീ പോയിടത്തെല്ലാം ഞാൻ നിന്റെകൂടെ ഉണ്ടായിരുന്നു. നിന്റെ മുമ്പിൽനിന്നു ശത്രുക്കളെയെല്ലാം ഞാൻ നീക്കി, ഭൂമിയിലുള്ള മഹാന്മാരെപ്പോലെ ഞാൻ നിന്നെ ഉന്നതനാക്കും. 10എന്റെ ജനമായ ഇസ്രായേൽജനത്തിന് ഒരു ദേശം ഞാൻ തിരഞ്ഞെടുത്തു കൊടുത്തു. ഞാൻ അവരെ അവിടെ നട്ടുപിടിപ്പിക്കും; അവിടെ അവർ സുരക്ഷിതരായി പാർക്കും. ആദ്യകാലത്തും ന്യായാധിപന്മാരെ നിയമിച്ചാക്കിയതിനുശേഷം പോലും അവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. 11ഇനിയും അവർ പീഡിപ്പിക്കപ്പെടുകയില്ല; നിന്റെ സകല ശത്രുക്കളിൽനിന്നും നിന്നെ കാത്തുസൂക്ഷിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിന്നെ ഒരു രാജവംശമായി വളർത്തും. 12നീ മരിച്ചു നിന്റെ പൂർവികരുടെകൂടെ അടക്കം ചെയ്യപ്പെടുമ്പോൾ നിന്റെ സന്തതികളിൽ ഒരാളെ ഞാൻ രാജാവായി നിയമിക്കും; ഞാൻ അവന്റെ രാജത്വം ഉറപ്പിക്കും. 13അവൻ എനിക്കുവേണ്ടി ഒരു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും നിലനിർത്തും. 14ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനുമായിരിക്കും. അവൻ തെറ്റു ചെയ്യുമ്പോൾ ഒരു പിതാവ് പുത്രനെ ശിക്ഷിക്കുന്നതുപോലെ ഞാൻ അവനെ ശിക്ഷിക്കും. 15നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്നെന്നപോലെ നിന്റെ പുത്രനിൽനിന്ന് എന്റെ സുസ്ഥിരസ്നേഹം പിൻവലിക്കുകയില്ല. 16നിനക്ക് എപ്പോഴും പിൻതലമുറക്കാരുണ്ടായിരിക്കും; നിന്റെ രാജത്വം സുസ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‌ക്കും.” 17ദൈവം വെളിപ്പെടുത്തിക്കൊടുത്തതെല്ലാം നാഥാൻ ദാവീദിനോടു പറഞ്ഞു.
ദാവീദിന്റെ സ്തോത്രപ്രാർഥന
(1 ദിന. 17:16-27)
18അപ്പോൾ ദാവീദുരാജാവ് തിരുസാന്നിധ്യകൂടാരത്തിനകത്തു ചെന്നു സർവേശ്വരന്റെ സന്നിധിയിൽ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമായ സർവേശ്വരാ, ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും യോഗ്യരാണോ? 19-20എന്നാൽ അവിടുത്തേക്ക് ഇത് ഒരു നിസ്സാരകാര്യം. ദൈവമായ സർവേശ്വരാ, അവിടുന്ന് ഈ ദാസന്റെ ഭവനത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും സംസാരിച്ചിരിക്കുന്നു. 21അവിടുത്തെ ഹിതവും വാഗ്ദാനവും ഈയുള്ളവനെ അറിയിക്കേണ്ടതിന് ഈ വൻകാര്യങ്ങളെല്ലാം അവിടുന്നു ചെയ്തിരിക്കുന്നു. 22ദൈവമായ സർവേശ്വരാ, അവിടുന്ന് എത്ര ഉന്നതൻ. അങ്ങയെപ്പോലെ മറ്റാരുമില്ല. ഞങ്ങൾ സ്വന്തം ചെവികൊണ്ട് കേട്ടതനുസരിച്ച് അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. 23അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി അടിമത്തത്തിൽനിന്ന് അവിടുന്നു വീണ്ടെടുത്ത ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവർക്കുവേണ്ടി അങ്ങു പ്രവർത്തിച്ച അദ്ഭുതകരമായ മഹാകാര്യങ്ങൾ മൂലം അങ്ങയുടെ നാമം ലോകമെങ്ങും പ്രസിദ്ധമായിരിക്കുന്നു. അവിടുത്തെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ഈജിപ്തിൽനിന്നും അവിടുന്നു മോചിപ്പിച്ച ഇസ്രായേൽജനം മുന്നേറിയപ്പോൾ മറ്റു ജനതകളെയും അവരുടെ ദേവന്മാരെയും അവരുടെ മുമ്പിൽനിന്ന് അവിടുന്ന് ഓടിച്ചുകളഞ്ഞു. 24ഇസ്രായേൽ എന്നേക്കും അവിടുത്തെ ജനമായിരിക്കത്തക്കവിധം അവരെ അങ്ങു സ്ഥിരപ്പെടുത്തി. സർവേശ്വരാ, അങ്ങ് അവർക്കു ദൈവവുമായിത്തീർന്നു. 25ദൈവമായ സർവേശ്വരാ, അടിയനോടും അടിയന്റെ കുടുംബത്തോടും അവിടുന്നു ചെയ്തിട്ടുള്ള വാഗ്ദാനങ്ങൾ ഇപ്പോൾ നിറവേറ്റി ശാശ്വതീകരിക്കണമേ. 26അവിടുത്തെ നാമം എന്നേക്കും പ്രകീർത്തിക്കപ്പെടട്ടെ. സർവശക്തനായ സർവേശ്വരൻ തങ്ങളുടെ ദൈവം എന്ന് ഇസ്രായേല്യർ എപ്പോഴും പറയും. അവിടുത്തെ ദാസനായ ദാവീദിന്റെ കുടുംബം അവിടുന്ന് എന്നേക്കും നിലനിർത്തും. 27സർവശക്തനായ സർവേശ്വരാ, ഇസ്രായേലിന്റെ ദൈവമേ, എന്റെ രാജവംശം സുസ്ഥിരമാക്കുമെന്ന് അവിടുന്ന് ഈ ദാസനു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട് ഈയുള്ളവൻ ഇങ്ങനെ പ്രാർഥിക്കാൻ ധൈര്യപ്പെടുന്നു. 28ദൈവമായ സർവേശ്വരാ, അങ്ങുതന്നെ ദൈവവും അവിടുത്തെ വചനങ്ങൾ സത്യവും ആകുന്നു; അവിടുത്തെ ദാസനോട് ഈ നല്ല കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 29അടിയന്റെ കുടുംബം അവിടുത്തെ സന്നിധിയിൽ എന്നും നിലനില്‌ക്കാൻ അവിടുന്നു കനിഞ്ഞ് അനുഗ്രഹിക്കണമേ. ദൈവമായ സർവേശ്വരാ, അവിടുത്തെ അനുഗ്രഹം അടിയന്റെ കുടുംബത്തിൽ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 SAMUELA 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക