2 ശമൂവേൽ 23:8-12
2 ശമൂവേൽ 23:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻതന്നെ. അവന്റെശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. അവൻ എഴുന്നേറ്റു കൈ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളൂ. അവന്റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചയ്ക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അവനോ വയലിന്റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി.
2 ശമൂവേൽ 23:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിന്റെ വീരയോദ്ധാക്കൾ ഇവരാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്; അയാളായിരുന്നു മൂവരിൽ നേതാവ്. ഒരൊറ്റ യുദ്ധത്തിൽ എണ്ണൂറു പേരെ കുന്തംകൊണ്ട് അയാൾ വധിച്ചു; രണ്ടാമൻ അഹോഹിയുടെ പൗത്രനും ദോദായിയുടെ പുത്രനുമായ എലെയാസാർ; ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ ഇസ്രായേല്യർ ഓടിപ്പോയപ്പോൾ അയാൾ ദാവീദിനോടു ചേർന്നുനിന്നു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു. വാൾ വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാൾ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സർവേശ്വരൻ വലിയ വിജയം അയാൾക്കു നല്‌കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികൾ കൊല്ലപ്പെട്ടവരുടെ മുതൽ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്. മൂന്നാമൻ ഹാരാര്യനായ ആഗേയുടെ പുത്രൻ ശമ്മാ ആയിരുന്നു. ഒരിക്കൽ ലേഹിയിലെ ചെറുപയർ വിളഞ്ഞിരുന്ന വയൽ കവർച്ച ചെയ്യാൻ ഫെലിസ്ത്യർ ഒരുമിച്ചു കൂടിയപ്പോൾ ജനം അവിടെനിന്ന് ഓടിപ്പോയി. ശമ്മാ ഏകനായി വയലിൽനിന്നുകൊണ്ട് അതു സംരക്ഷിച്ചു, ഫെലിസ്ത്യരെ സംഹരിക്കുകയും ചെയ്തു. അങ്ങനെ സർവേശ്വരൻ ഒരു വൻവിജയം അയാൾക്കു നല്കി.
2 ശമൂവേൽ 23:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാണിത്: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നെ. അവന്‍റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന് കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടി നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയ ഒരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു. അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ള ഒരു വയലിൽ കവർച്ചക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി. അവൻ വയലിന്‍റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി. അങ്ങനെ യഹോവ വലിയ ഒരു ജയം നല്കി.
2 ശമൂവേൽ 23:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ. അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു. അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു. അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി. അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
2 ശമൂവേൽ 23:8-12 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബോശ്ശേബെത്ത്, ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു. അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു. എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്. അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി. എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.