2 ശമുവേൽ 23:8-12

2 ശമുവേൽ 23:8-12 MCV

ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബോശ്ശേബെത്ത്, ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു. അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു. എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്. അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി. എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.