2 ശമൂവേൽ 2:8-32
2 ശമൂവേൽ 2:8-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി, അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവാക്കി. ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവനു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു. ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നെ. നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു. അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു. അബ്നേർ യോവാബിനോട്: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു. അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടു പേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടു പേരും എണ്ണമൊത്ത് എഴുന്നേറ്റു തമ്മിൽ അടുത്തു. ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിനു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി. അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി. അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. അബ്നേർ പുറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്: അതേ എന്ന് അവൻ ഉത്തരം പറഞ്ഞു. അബ്നേർ അവനോട്: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ച് അവന്റെ ആയുധവർഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന് അവനെ വിട്ടുമാറുവാൻ മനസ്സായില്ല. അബ്നേർ അസാഹേലിനോട്: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും എന്നു പറഞ്ഞു. എന്നാറെയും വിട്ടുമാറുവാൻ അവനു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പുറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി. യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു. അപ്പോൾ അബ്നേർ യോവാബിനോട്: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കയ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിനു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചുപറഞ്ഞു. അതിനു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു. ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനമൊക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല. അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽക്കൂടി ചെന്ന് മഹനയീമിൽ എത്തി. യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ട് മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടിയപ്പോൾ ദാവീദിന്റെ ചേവകരിൽ പത്തൊമ്പതു പേരും അസാഹേലും ഇല്ലായിരുന്നു. എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതു പേരെ സംഹരിക്കയും ചെയ്തിരുന്നു. അസാഹേലിനെ അവർ എടുത്തു ബേത്‍ലഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലർച്ചയ്ക്കു ഹെബ്രോനിൽ എത്തി.
2 ശമൂവേൽ 2:8-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശൗലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേർ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി. അബ്നേർ അവനെ ഗിലെയാദ്, അശൂരി, ജെസ്രീൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ ഇസ്രായേല്യർക്കും രാജാവായി അഭിഷേകം ചെയ്തു. അപ്പോൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാൾ രണ്ടു വർഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേർന്നുനിന്നു. അദ്ദേഹം ഹെബ്രോനിൽ പാർത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വർഷം ഭരിച്ചു. നേരിന്റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും മഹനയീമിൽ നിന്നു ഗിബെയോനിലേക്കു പോയി. സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കൽ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും കുളത്തിന്റെ ഒരു വശത്തും യോവാബും ദാവീദിന്റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു; അപ്പോൾ അബ്നേർ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കൾ തമ്മിൽ പയറ്റി നോക്കട്ടെ.” യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീൻഗോത്രത്തിൽപ്പെട്ട പന്ത്രണ്ടു പേർ ദാവീദിന്റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി. ഓരോരുത്തനും എതിരാളിയുടെ തലയ്‍ക്കു പിടിച്ച് അവന്റെ പള്ളയ്‍ക്ക് വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു ഹെല്‌ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി. അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്റെ ഭൃത്യന്മാരോടു തോറ്റോടി. സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേൽ എന്നീ മൂന്നു പേർ അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അവൻ ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടർന്നു; അബ്നേർ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാൻതന്നെ അസാഹേൽ” എന്ന് അവൻ പറഞ്ഞു. അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളിൽ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേൽ അയാളെത്തന്നെ പിന്തുടർന്നു. അബ്നേർ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാൻ എന്തിനു നിന്നെ കൊല്ലണം? ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?” ഇതു പറഞ്ഞിട്ടും അവൻ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേർ തന്റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്റെ വയറിനു കുത്തി. അതു വയറു തുളച്ചു പിൻഭാഗത്തു വന്നു; അവൻ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു. സന്ധ്യ ആയപ്പോൾ അവർ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികിൽ ഗീഹിന്റെ കിഴക്കുള്ള അമ്മാക്കുന്നിൽ എത്തി; ബെന്യാമീൻഗോത്രക്കാർ കുന്നിന്റെ മുകളിൽ അബ്നേരിന്റെ അടുക്കൽ നിലയുറപ്പിച്ചു. അബ്നേർ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവിൽ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്റെ ജനത്തോടു കല്പിക്കാൻ ഇനിയും വൈകണമോ?” യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കിൽ അടുത്ത പ്രഭാതംവരെ എന്റെ ആളുകൾ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു. അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവൻ അരാബായിലൂടെ നടന്നു; അവർ യോർദ്ദാൻ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി. അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാൾ തന്റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോൾ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേർ കുറവുണ്ടായിരുന്നു. എന്നാൽ ദാവീദിന്റെ ഭൃത്യന്മാർ ബെന്യാമീൻ ഗോത്രക്കാരിൽ അബ്നേരിന്റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു. അസാഹേലിന്റെ മൃതശരീരം അവർ ബേത്‍ലഹേമിൽ അവന്റെ പിതാവിന്റെ കല്ലറയിൽ സംസ്കരിച്ചു; അവർ രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാതമായപ്പോൾ ഹെബ്രോനിൽ മടങ്ങിയെത്തി.
2 ശമൂവേൽ 2:8-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുപോയി, അവനെ ഗിലെയാദിനും, അശൂരിയർക്കും, യിസ്രയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി. ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ അവന് നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു. ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴു വർഷവും ആറുമാസവും ആയിരുന്നു. നേരിന്‍റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്‍റെ ഭടന്മാരും മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു. അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ഭടന്മാരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു. അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെ മുമ്പാകെ ഒന്ന് പൊരുതട്ടെ” എന്നു പറഞ്ഞു. യോവാബ്: “അവർ എഴുന്നേല്ക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്‍റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്‍റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എഴുന്നേറ്റ് തമ്മിൽ അടുത്തു. ഓരോരുത്തൻ അവനവന്‍റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് എന്നു പേരായി. അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ഭടന്മാരോട് തോറ്റുപോയി. അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു. അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ?” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്നു അവൻ ഉത്തരം പറഞ്ഞു. അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുവനെ പിടിച്ച് അവന്‍റെ ആയുധങ്ങൾ നിനക്കുവേണ്ടി എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽ നിന്ന് അസാഹേൽ പിന്മാറിയില്ല. അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽ നിന്ന് പിന്മാറുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?” എന്നു പറഞ്ഞു. എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്‍റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവരെല്ലാം സ്തംഭിച്ചുപോയി. യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികിൽ ഗീഹിന്‍റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരു കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു. അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്‍റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും?” എന്നു വിളിച്ചു പറഞ്ഞു. അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ, ജനങ്ങൾ സഹോദരന്മാരെ രാവിലെ വരെ പിന്തുടരുന്നതിൽ നിന്ന് നിശ്ചയമായും പിന്തിരിയുമായിരുന്നില്ല” എന്നു പറഞ്ഞു. ഉടനെ യോവാബ് കാഹളം ഊതി, ജനം എല്ലാവരും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല. അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി. യോവാബും അബ്നേരിനെ പിന്തുടരുന്നതിൽ നിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ മുഴുവനും ഒന്നിച്ച് കൂട്ടിയപ്പോൾ ദാവീദിന്‍റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു. എന്നാൽ ദാവീദിന്‍റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കുകയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു. അസാഹേലിനെ അവർ എടുത്ത് ബേത്ലേഹേമിൽ അവന്‍റെ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.
2 ശമൂവേൽ 2:8-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി, അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവാക്കി, ശൗലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന്നു നാല്പതു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേർന്നുനിന്നു. ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന്നു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറുമാസവും തന്നേ. നേരിന്റെ മകൻ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു. അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ചേവകരും പുറപ്പെട്ടു ഗിബെയോനിലെ കുളത്തിന്നരികെവെച്ചു അവരെ നേരിട്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റേവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു. അബ്നേർ യോവാബിനോടു: ബാല്യക്കാർ എഴുന്നേറ്റു നമ്മുടെമുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു. അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ ചേവകരിൽ പന്ത്രണ്ടുപേരും എണ്ണമൊത്തു എഴുന്നേറ്റു തമ്മിൽ അടുത്തു. ഓരോരുത്തൻ താന്താന്റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാൾ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിന്നു ഹെല്ക്കത്ത്-ഹസ്സൂരീം എന്നു പേരായി. അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ചേവകരോടു തോറ്റുപോയി. അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല. അബ്നേർ പിറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്നു: അതേ എന്നു അവൻ ഉത്തരം പറഞ്ഞു. അബ്നേർ അവനോടു: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ചു അവന്റെ ആയുധവർഗ്ഗം എടുത്തുകൊൾക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന്നു അവനെ വിട്ടുമാറുവാൻ മനസ്സായില്ല. അബ്നേർ അസാഹേലിനോടു: എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നതു എന്തിന്നു? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തു എങ്ങനെ നോക്കും എന്നു പറഞ്ഞു. എന്നാറെയും വിട്ടുമാറുവാൻ അവന്നു മനസ്സായില്ല; അബ്നേർ അവനെ കുന്തംകൊണ്ടു പിറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവൻ അവിടെ തന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവർ ഒക്കെയും നിന്നുപോയി. യോവാബും അബീശായിയും അബ്നോരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികെ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു. ബെന്യാമീന്യർ അബ്നേരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നു. അപ്പോൾ അബ്നേർ യോവാബിനോടു: വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോരദന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിന്നു ജനത്തോടു കല്പിപ്പാൻ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചു പറഞ്ഞു. അതിന്നു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു. ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനം ഒക്കെയും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല പൊരുതതുമില്ല. അബ്നേരും അവന്റെ ആളുകളും അന്നു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു യോർദ്ദാൻ കടന്നു ബിത്രോനിൽകൂടി ചെന്നു മഹനയീമിൽ എത്തി. യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ടു മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചു കൂട്ടിയപ്പോൾ ദാവീദിന്റെ ചേവരകരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു. എന്നാൽ ദാവീദിന്റെ ചേവകർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു. അസാഹേലിനെ അവർ എടുത്തു ബേത്ത്ലേഹെമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചെക്കു ഹെബ്രോനിൽ എത്തി.
2 ശമൂവേൽ 2:8-32 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനിടെ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനുമായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം ഈശ്-ബോശെത്തിനെ, ഗിലെയാദിനും അശൂരിക്കും യെസ്രീലിനും എഫ്രയീമിനും ബെന്യാമീനിനും സകല ഇസ്രായേലിനും രാജാവാക്കി. ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന് രാജാവാകുമ്പോൾ അദ്ദേഹത്തിനു നാൽപ്പതുവയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഭരണംനടത്തി. എന്നാൽ യെഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു. ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴുവർഷവും ആറുമാസവുമായിരുന്നു. നേരിന്റെ മകനായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ആൾക്കാരോടൊപ്പം മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു. സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു. അപ്പോൾ അബ്നേർ യോവാബിനോട് പറഞ്ഞു: “യുവാക്കളിൽ ചിലർ എഴുന്നേറ്റ് നമ്മുടെമുമ്പിൽ പരസ്പരം പൊരുതട്ടെ!” “ശരി അങ്ങനെതന്നെയാകട്ടെ!” എന്നു യോവാബ് മറുപടി പറഞ്ഞു. അങ്ങനെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ബെന്യാമീന്യരുടെയും പക്ഷത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ പക്ഷത്തുനിന്നു പന്ത്രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടു, അവർ എഴുന്നേറ്റു വന്നു. അപ്പോൾ ഓരോരുത്തനും തന്റെ എതിരാളിയുടെ തലയ്ക്കു കടന്നുപിടിച്ച് പാർശ്വത്തിൽ വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചുതന്നെ നിലംപതിച്ചു. അതിനാൽ ഗിബെയോനിലെ ആ സ്ഥലത്തിന്, ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി. അന്നു നടന്ന യുദ്ധം അതിഭീകരമായിരുന്നു. അബ്നേരും ഇസ്രായേൽ പടയാളികളും ദാവീദിന്റെ സൈന്യത്തിനുമുമ്പിൽ പരാജയപ്പെട്ടു. യോവാബ്, അബീശായി, അസാഹേൽ എന്നിങ്ങനെ സെരൂയയുടെ മൂന്നുപുത്രന്മാരും അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുകലമാനിനെപ്പോലെ ഗതിവേഗമുള്ളവനായിരുന്നു. അദ്ദേഹം അബ്നേരിനെ പിൻതുടർന്നു. പിൻതുടർന്നുള്ള ഓട്ടത്തിൽ അദ്ദേഹം വലത്തോട്ടോ ഇടത്തോട്ടോ മാറിയിട്ടില്ല. അബ്നേർ പിറകോട്ടു തിരിഞ്ഞുനോക്കി, “ഇതു നീ തന്നെയോ അസാഹേലേ” എന്നു ചോദിച്ചു. “അതേ,” എന്ന് അസാഹേൽ മറുപടി പറഞ്ഞു. അബ്നേർ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “നീ വലത്തോട്ടോ ഇടത്തോട്ടോ മാറി യുവാക്കളിൽ ഒരുവനെക്കൊന്ന് അവന്റെ ആയുധവർഗം അപഹരിക്കുക.” എന്നാൽ അബ്നേരിനെ പിൻതുടരുന്നത് അസാഹേൽ മതിയാക്കിയില്ല. വീണ്ടും അബ്നേർ അസാഹേലിനു മുന്നറിയിപ്പു നൽകി; “എന്നെ പിൻതുടരുന്നതു മതിയാക്കുക! ഞാൻ നിന്നെ കൊന്നുവീഴ്ത്തുന്നതെന്തിന്! പിന്നെ ഞാനെങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തുനോക്കും!” എന്നാൽ പിൻതുടരുന്നതു വിട്ടുമാറാൻ അസാഹേൽ കൂട്ടാക്കിയില്ല. അതിനാൽ അബ്നേർ തന്റെ കുന്തത്തിന്റെ പിൻതല അസാഹേലിന്റെ വയറ്റിൽ കുത്തിക്കടത്തി. കുന്തം അദ്ദേഹത്തിന്റെ പിറകുവശത്തൂടെ വെളിയിൽ വന്നു. അയാൾ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്തേക്കു വന്ന എല്ലാവരും അവിടെ തരിച്ചുനിന്നുപോയി. എന്നാൽ യോവാബും അബീശായിയും അബ്നേരിനെ പിൻതുടർന്നു. സൂര്യാസ്തമയസമയത്ത് അവർ ഗിബെയോൻ മരുഭൂമിയിലേക്കുള്ള വഴിയിൽ ഗീഹിന്റെ അരികിലുള്ള അമ്മാക്കുന്നിൽ എത്തി. ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒരുമിച്ചുകൂടി. അവർ സംഘംചേർന്ന് കുന്നിൻമുകളിൽ നിലയുറപ്പിച്ചു. അബ്നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “വാൾ എക്കാലവും സംഹരിച്ചുകൊണ്ടിരിക്കണമോ? ഇതു കയ്‌പിലേ കലാശിക്കൂ എന്നു താങ്കൾക്കു മനസ്സിലാകുന്നില്ലേ! സഹോദരന്മാരെ പിൻതുടരുന്നതു മതിയാക്കാൻ അങ്ങു സ്വന്തം അണികളോട് ആജ്ഞാപിക്കുകയില്ലേ? അതിന് ഇനിയെന്തിന് താമസിക്കുന്നു?” യോവാബു മറുപടി പറഞ്ഞു: “ജീവനുള്ള ദൈവത്താണ, താങ്കൾ എന്നോടു സംസാരിച്ചില്ലായിരുന്നെങ്കിൽ പടജനം പ്രഭാതംവരെ തങ്ങളുടെ സഹോദരന്മാരെ പിൻതുടരുമായിരുന്നു.” അപ്പോൾ യോവാബു കാഹളമൂതി. ജനമെല്ലാം നിന്നു. അവർ പിന്നെ ഇസ്രായേലിനെ പിൻതുടർന്നില്ല; പോരാട്ടം തുടർന്നതുമില്ല. അന്നു രാത്രിമുഴുവൻ അബ്നേരും കൂട്ടരും അരാബയിലൂടെ സഞ്ചരിച്ചു. അവർ യോർദാൻ കടന്ന് പ്രഭാതംമുഴുവനും യാത്രതുടർന്നു മഹനയീമിലെത്തി. പിന്നെ യോവാബും അബ്നേരിനെ പിൻതുടരുന്നതിൽനിന്നു പിന്തിരിഞ്ഞ് തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി. അസാഹേലിനെക്കൂടാതെ ദാവീദിന്റെ ആൾക്കാരിൽ പത്തൊൻപതുപേർകൂടെ നഷ്ടപ്പെട്ടതായിക്കണ്ടു. എന്നാൽ ദാവീദിന്റെ ആൾക്കാർ അബ്നേരിനോടുകൂടെയുള്ളവരിൽ മുന്നൂറ്റിയറുപതു ബെന്യാമീന്യരെ കൊലചെയ്തിരുന്നു. അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി.