ശൗലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേർ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി. അബ്നേർ അവനെ ഗിലെയാദ്, അശൂരി, ജെസ്രീൽ, എഫ്രയീം, ബെന്യാമീൻ എന്നിങ്ങനെ എല്ലാ ഇസ്രായേല്യർക്കും രാജാവായി അഭിഷേകം ചെയ്തു. അപ്പോൾ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാൾ രണ്ടു വർഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേർന്നുനിന്നു. അദ്ദേഹം ഹെബ്രോനിൽ പാർത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വർഷം ഭരിച്ചു. നേരിന്റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും മഹനയീമിൽ നിന്നു ഗിബെയോനിലേക്കു പോയി. സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കൽ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും കുളത്തിന്റെ ഒരു വശത്തും യോവാബും ദാവീദിന്റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു; അപ്പോൾ അബ്നേർ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കൾ തമ്മിൽ പയറ്റി നോക്കട്ടെ.” യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീൻഗോത്രത്തിൽപ്പെട്ട പന്ത്രണ്ടു പേർ ദാവീദിന്റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി. ഓരോരുത്തനും എതിരാളിയുടെ തലയ്‍ക്കു പിടിച്ച് അവന്റെ പള്ളയ്‍ക്ക് വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു ഹെല്‌ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി. അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്റെ ഭൃത്യന്മാരോടു തോറ്റോടി. സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേൽ എന്നീ മൂന്നു പേർ അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു. അവൻ ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടർന്നു; അബ്നേർ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാൻതന്നെ അസാഹേൽ” എന്ന് അവൻ പറഞ്ഞു. അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളിൽ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേൽ അയാളെത്തന്നെ പിന്തുടർന്നു. അബ്നേർ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാൻ എന്തിനു നിന്നെ കൊല്ലണം? ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?” ഇതു പറഞ്ഞിട്ടും അവൻ അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേർ തന്റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്റെ വയറിനു കുത്തി. അതു വയറു തുളച്ചു പിൻഭാഗത്തു വന്നു; അവൻ അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി. യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു. സന്ധ്യ ആയപ്പോൾ അവർ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികിൽ ഗീഹിന്റെ കിഴക്കുള്ള അമ്മാക്കുന്നിൽ എത്തി; ബെന്യാമീൻഗോത്രക്കാർ കുന്നിന്റെ മുകളിൽ അബ്നേരിന്റെ അടുക്കൽ നിലയുറപ്പിച്ചു. അബ്നേർ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവിൽ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്റെ ജനത്തോടു കല്പിക്കാൻ ഇനിയും വൈകണമോ?” യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കിൽ അടുത്ത പ്രഭാതംവരെ എന്റെ ആളുകൾ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു. അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവൻ അരാബായിലൂടെ നടന്നു; അവർ യോർദ്ദാൻ നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി. അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാൾ തന്റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോൾ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേർ കുറവുണ്ടായിരുന്നു. എന്നാൽ ദാവീദിന്റെ ഭൃത്യന്മാർ ബെന്യാമീൻ ഗോത്രക്കാരിൽ അബ്നേരിന്റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു. അസാഹേലിന്റെ മൃതശരീരം അവർ ബേത്‍ലഹേമിൽ അവന്റെ പിതാവിന്റെ കല്ലറയിൽ സംസ്കരിച്ചു; അവർ രാത്രി മുഴുവൻ യാത്ര ചെയ്തു പ്രഭാതമായപ്പോൾ ഹെബ്രോനിൽ മടങ്ങിയെത്തി.
2 SAMUELA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 2:8-32
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ