2 ശമൂവേൽ 19:1-8
2 ശമൂവേൽ 19:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവ് തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായിത്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. രാജാവ് മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞത്: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകല ഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു. പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനർഥത്തെക്കാളും വലിയ അനർഥമായിത്തീരും. അങ്ങനെ രാജാവ് എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്റെ മുമ്പിൽ വന്നു.
2 ശമൂവേൽ 19:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു. തന്റെ മകനെ ഓർത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാൽ ദാവീദിന്റെ സൈനികർക്ക് അന്നത്തെ വിജയം ദുഃഖമായിത്തീർന്നു. അതുകൊണ്ട് യുദ്ധത്തിൽ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവർ പട്ടണത്തിലേക്കു മടങ്ങിവന്നത്. രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യോവാബ് കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവൻ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്. സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂർവം സംസാരിക്കുക. അല്ലെങ്കിൽ ഈ രാത്രിയിൽ അവരിൽ ഒരാൾപോലും അങ്ങയുടെ കൂടെ പാർക്കാൻ ഉണ്ടായിരിക്കുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അനർഥമായിരിക്കും.” അപ്പോൾ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പിൽ വന്നുകൂടി.
2 ശമൂവേൽ 19:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവ് തന്‍റെ മകനെക്കുറിച്ച് വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനങ്ങൾക്കെല്ലാം ദുഃഖമായ്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റോടി നാണിച്ച് ഒളിച്ചുവരുന്നതുപോലെ ജനം അന്ന് പട്ടണത്തിലേക്ക് ഒളിച്ചുകടന്നു. രാജാവ് മുഖം മൂടി: “എന്റെ മകനേ അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞത്: “ഇന്ന് നിന്‍റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്ന് ലജ്ജിപ്പിച്ചിരിക്കുന്നു; നീ ശത്രുക്കളെ സ്നേഹിക്കുകയും സ്നേഹിതരെ വെറുക്കുകയും ചെയ്യുന്നു. പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഒന്നുമല്ല എന്നു നീ ഇന്ന് കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും ഇന്ന് മരിക്കുകയും ചെയ്തിരുന്നു എങ്കിൽ നിനക്ക് നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്ക് ഇന്ന് മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റ് പുറത്തു വന്നു നിന്‍റെ ഭൃത്യന്മാരോട് സന്തോഷമായി സംസാരിക്കുക; നീ പുറത്തു വരാതിരുന്നാൽ യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കുകയില്ല; അത് നിന്‍റെ യൗവനംമുതൽ ഇന്നുവരെ നിനക്ക് ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയതായിരിക്കും.” അപ്പോൾ രാജാവ് എഴുന്നേറ്റ് പടിവാതില്ക്കൽ ഇരുന്നു. രാജാവ് പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവ് കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
2 ശമൂവേൽ 19:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു. എന്നാൽ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീർന്നു. ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു. രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞതു: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകെക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു; പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി. ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തു വന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകലഅനർത്ഥത്തെക്കാളും വലിയ അനർത്ഥമായ്തീരും. അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്ക്കൽ ഇരുന്നു. രാജാവു പടിവാതില്ക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
2 ശമൂവേൽ 19:1-8 സമകാലിക മലയാളവിവർത്തനം (MCV)
“രാജാവ് അബ്ശാലോമിനെച്ചൊല്ലി കരഞ്ഞു വിലപിച്ചുകൊണ്ടിരിക്കുന്നു,” എന്നു യോവാബു കേട്ടു. “രാജാവു തന്റെ മകനെപ്രതി വ്യസനിച്ചിരിക്കുന്നു,” എന്നു പറയുന്നതു പടയാളികളെല്ലാം കേട്ടിരുന്നതിനാൽ സൈന്യത്തിനെല്ലാം അന്നത്തെ വിജയം ദുഃഖമായി കലാശിച്ചു. പടയിൽനിന്നു തോറ്റോടി നാണംകെട്ടു വരുന്നവരെപ്പോലെ ജനമെല്ലാം അന്നു നഗരത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുവന്നു. രാജാവു തന്റെ മുഖം മറച്ച് “എന്റെ മകനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ ഉച്ചത്തിൽ കരഞ്ഞു. അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും അങ്ങയുടെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ ഇപ്പോൾ രക്ഷിച്ചിരിക്കുന്ന ഈ ജനങ്ങളെ അങ്ങ് അപമാനിച്ചിരിക്കുന്നു. അങ്ങയെ വെറുക്കുന്നവരെ അങ്ങു സ്നേഹിക്കുകയും സ്നേഹിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ സൈന്യാധിപന്മാരും അവരോടൊപ്പമുള്ള ജനങ്ങളും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്ശാലോം ജീവനോടെയിരിക്കുകയും ഞങ്ങളെല്ലാം മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്ക് ഇന്നു സന്തോഷമാകുമായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. അങ്ങ് ഉടനെ പുറത്തുവന്ന് അങ്ങയുടെ ജനത്തെ അഭിനന്ദിക്കണം! അപ്രകാരം ചെയ്യുന്നതിന് പുറത്തേക്കു വരാത്തപക്ഷം ഞാനിതാ, യഹോവയുടെ നാമത്തിൽ ആണയിട്ടുപറയുന്നു, ഇന്നു സന്ധ്യയാകുമ്പോഴേക്കും അങ്ങയുടെകൂടെ ഒരൊറ്റയാൾപോലും ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ യൗവനകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സകല അനർഥങ്ങളെക്കാളും അതു ഗുരുതരമായിരിക്കുകയും ചെയ്യും.” അതിനാൽ രാജാവ് എഴുന്നേറ്റ് കവാടത്തിൽ ഉപവിഷ്ടനായി. “രാജാവു കവാടത്തിൽ ഇരിക്കുന്നു,” എന്നു കേട്ടപ്പോൾ ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പാകെ വന്നുചേർന്നു. ഇതിനിടെ ഇസ്രായേല്യരെല്ലാം സ്വന്തം ഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു.