അബ്ശാലോമിനെക്കുറിച്ച് ദാവീദു വിലപിക്കുന്ന വിവരം യോവാബ് അറിഞ്ഞു. തന്റെ മകനെ ഓർത്തു രാജാവു ദുഃഖിക്കുന്നു എന്നു കേട്ടതിനാൽ ദാവീദിന്റെ സൈനികർക്ക് അന്നത്തെ വിജയം ദുഃഖമായിത്തീർന്നു. അതുകൊണ്ട് യുദ്ധത്തിൽ തോറ്റോടി ലജ്ജിതരായി വരുന്നതുപോലെയാണ് അന്നവർ പട്ടണത്തിലേക്കു മടങ്ങിവന്നത്. രാജാവ് മുഖം പൊത്തിപ്പിടിച്ചുകൊണ്ട്: “എന്റെ മകനേ അബ്ശാലോമേ, അബ്ശാലോമേ എന്റെ മകനേ” എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യോവാബ് കൊട്ടാരത്തിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും ഭാര്യമാരുടെയും ഉപഭാര്യമാരുടെയും ജീവൻ രക്ഷിച്ച അങ്ങയുടെ സകല ഭൃത്യന്മാരെയും ഇന്ന് അങ്ങു ലജ്ജിപ്പിച്ചിരിക്കുകയാണ്. സ്നേഹിക്കുന്നവരെ അങ്ങു ദ്വേഷിക്കുകയും ദ്വേഷിക്കുന്നവരെ അങ്ങു സ്നേഹിക്കുകയുമാണു ചെയ്യുന്നത്. അങ്ങയുടെ സേനാനായകന്മാരും സൈനികരും അങ്ങേക്ക് ഒന്നുമല്ല എന്ന് ഇന്നു തെളിയിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങളെല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്കു സന്തോഷമാകുമായിരുന്നു എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. അതുകൊണ്ട് എഴുന്നേറ്റ് പുറത്തുവന്നു ഭൃത്യന്മാരോടു ദയാപൂർവം സംസാരിക്കുക. അല്ലെങ്കിൽ ഈ രാത്രിയിൽ അവരിൽ ഒരാൾപോലും അങ്ങയുടെ കൂടെ പാർക്കാൻ ഉണ്ടായിരിക്കുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അത് അങ്ങയുടെ ബാല്യംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അനർഥമായിരിക്കും.” അപ്പോൾ രാജാവു എഴുന്നേറ്റു നഗരവാതില്‌ക്കൽ ഇരുന്നു. രാജാവ് പടിവാതില്‌ക്കൽ ഇരിക്കുന്നു എന്നുള്ള വിവരം അറിഞ്ഞ് ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പിൽ വന്നുകൂടി.
2 SAMUELA 19 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 SAMUELA 19:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ