2 രാജാക്കന്മാർ 5:20-27

2 രാജാക്കന്മാർ 5:20-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ അവനെ വിട്ടു കുറെ ദൂരം പോയ ശേഷം ദൈവപുരുഷനായ എലീശായുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നത് എന്റെ യജമാനൻ അവന്റെ കൈയിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങുമെന്ന് പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽ നിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു. അതിന് അവൻ: സുഖം തന്നെ; ഇപ്പോൾ തന്നെ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടു പേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ട് അവന്റെ മുമ്പിൽ നടന്നു. കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കൈയിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവച്ചിട്ട് ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു. പിന്നെ അവൻ അകത്തു കടന്ന് യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോട്: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്ന് അവൻ പറഞ്ഞു. അതിന് അവൻ: ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടുകൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്ന് അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.

2 രാജാക്കന്മാർ 5:20-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെ നയമാൻ കുറെ ദൂരം പോയി. അപ്പോൾ എലീശയുടെ ശിഷ്യൻ ഗേഹസി ആത്മഗതം ചെയ്തു: “സിറിയാക്കാരനായ നയമാൻ കൊണ്ടുവന്നതൊന്നും സ്വീകരിക്കാതെ എന്റെ യജമാനൻ അയാളെ പറഞ്ഞയച്ചിരിക്കുന്നു; സർവേശ്വരന്റെ നാമത്തിൽ ഞാൻ ശപഥം ചെയ്യുന്നു: ഞാൻ അയാളുടെ പിറകെ പോയി എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി നയമാനെ പിന്തുടർന്നു; തന്റെ പിറകെ ഗേഹസി ഓടി വരുന്നതുകണ്ട് നയമാൻ അവനെ സ്വീകരിക്കാൻ രഥത്തിൽനിന്നും താഴെയിറങ്ങി. “എല്ലാം ശുഭംതന്നെയല്ലേ.” എന്നു ചോദിച്ചു. പ്രവാചകഭൃത്യൻ പറഞ്ഞു: “എല്ലാം ശുഭം തന്നെ; എന്നാൽ എഫ്രയീംമലനാട്ടിൽനിന്ന് പ്രവാചകഗണത്തിൽപ്പെട്ട രണ്ടു യുവാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നു; അവർക്കു കൊടുക്കാൻ ഒരു താലന്തു വെള്ളിയും രണ്ടു വിശിഷ്ട വസ്ത്രങ്ങളും നല്‌കണമെന്ന് അപേക്ഷിക്കാൻ യജമാനൻ എന്നെ അയച്ചിരിക്കുന്നു.” “ദയവായി രണ്ടു താലന്തു വെള്ളി സ്വീകരിച്ചാലും” നയമാൻ പറഞ്ഞു. രണ്ടു താലന്തു വെള്ളിയും വിശിഷ്ട വസ്ത്രങ്ങളും രണ്ടു സഞ്ചികളിലാക്കി രണ്ടു ഭൃത്യന്മാർ വശം കൊടുത്തയച്ചു. അവർ അത് എടുത്തുകൊണ്ടു ഗേഹസിയുടെ മുമ്പിൽ നടന്നു. എലീശ പാർത്തിരുന്ന മലമുകളിൽ എത്തിയപ്പോൾ ഗേഹസി സഞ്ചികൾ അവരിൽനിന്നു വാങ്ങി വീട്ടിനുള്ളിൽ സൂക്ഷിച്ചുവച്ചശേഷം അവരെ പറഞ്ഞയച്ചു. അയാൾ അകത്ത് എലീശയുടെ മുമ്പിൽ ചെന്നപ്പോൾ അദ്ദേഹം അവനോടു ചോദിച്ചു: “ഗേഹസീ, നീ എവിടെപ്പോയിരുന്നു?” “അവിടുത്തെ ദാസൻ എങ്ങും പോയില്ല” ഗേഹസി മറുപടി പറഞ്ഞു. പ്രവാചകൻ പറഞ്ഞു: “ആ മനുഷ്യൻ രഥത്തിൽ നിന്നിറങ്ങി നിന്നെ സ്വീകരിച്ചപ്പോൾ എന്റെ ആത്മാവ് അവിടെ ഉണ്ടായിരുന്നില്ലേ? പണം, വസ്ത്രം, ഒലിവുതോട്ടങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ സ്വീകരിക്കാനുള്ള സമയം അതായിരുന്നോ? നയമാന്റെ കുഷ്ഠം നിന്നെയും നിന്റെ സന്തതികളെയും എന്നേക്കും ബാധിക്കട്ടെ.” അങ്ങനെ ഗേഹസി കുഷ്ഠരോഗിയായി, മഞ്ഞുപോലെ വെളുത്ത ശരീരവുമായി എലീശയുടെ അടുക്കൽനിന്നു പോയി.

2 രാജാക്കന്മാർ 5:20-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നയമാൻ എലീശയുടെ സമീപത്തു നിന്നു ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്‍റെ യജമാനൻ അവന്‍റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്‍റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും” എന്നു പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്‍റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്നു ചോദിച്ചു. അതിന് അവൻ: “സുഖം തന്നെ; ഇപ്പോൾ പ്രവാചക ഗണത്തില്‍ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്‍റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും തരേണമേ എന്നു പറയാൻ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ദയവായി രണ്ടു താലന്തു വാങ്ങേണമേ” എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്‍റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്‍റെ മുമ്പിൽ നടന്നു. കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു. പിന്നെ അവൻ അകത്ത് കടന്ന് യജമാനന്‍റെ മുമ്പിൽനിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്നു ചോദിച്ചു. “അടിയൻ എങ്ങും പോയില്ല” എന്നു അവൻ പറഞ്ഞു. അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്‍റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്നു അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ടു പുറപ്പെട്ടുപോയി.

2 രാജാക്കന്മാർ 5:20-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ അവനെ വിട്ടു കുറെ ദൂരം പോയശേഷം ദൈവപുരുഷനായ എലീശയുടെ ബാല്യക്കാരൻ ഗേഹസി: അരാമ്യൻ നയമാൻ കൊണ്ടുവന്നതു എന്റെ യജമാനൻ അവന്റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്റെ പിന്നാലെ ഓടിച്ചെന്നു അവനോടു അല്പമെങ്കിലും വാങ്ങുമെന്നു പറഞ്ഞു. അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നേയോ എന്നു ചോദിച്ചു. അതിന്നു അവൻ: സുഖം തന്നേ; ഇപ്പോൾ തന്നേ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്നു എന്റെ അടുക്കൽ വന്നിരിക്കുന്നു; അവർക്കു ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും തരേണമേ എന്നു പറവാൻ എന്റെ യജമാനൻ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പിൽ നടന്നു. കുന്നിന്നരികെ എത്തിയപ്പോൾ അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ടു ബാല്യക്കാരെ അയച്ചുകളഞ്ഞു; അവർ പോകയും ചെയ്തു. പിന്നെ അവൻ അകത്തു കടന്നു യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോടു: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്നു അവൻ പറഞ്ഞു. അതിന്നു അവൻ: ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം? ആകയാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവൻ ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.

2 രാജാക്കന്മാർ 5:20-27 സമകാലിക മലയാളവിവർത്തനം (MCV)

ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു. ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ” “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു. പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു. “അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു. എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.