ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.” അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു. ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ” “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി. മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു. പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു. “അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു. എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ? അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.
2 രാജാക്കന്മാർ 5 വായിക്കുക
കേൾക്കുക 2 രാജാക്കന്മാർ 5
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 രാജാക്കന്മാർ 5:20-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ